കേരളത്തിലെ വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരിക്കടുത്തുള്ള, പശ്ചിമഘട്ടവും, പൂർവ്വഘട്ടവും കൂടിച്ചേരുന്ന ഭാഗമായ അമ്പുകുത്തി മലയിലെ രണ്ടു പ്രകൃതീജന്യമായ ഗുഹകളാണ് എടക്കൽ (11°37′28.81″N 76°14'8.88"E) എന്നറിയപ്പെടുന്നത്.
ചെറുശിലായുഗസംസ്‌കാരകാലഘട്ടത്തിലെ ന്നു കരുതുന്ന ശിലാലിഖിതങ്ങൾ ഈ
ഗുഹയിൽ കാണപ്പെടുന്നു. കേരളത്തിൽ ലഭിച്ചിട്ടുള്ള ഏറ്റവും പഴക്കം ചെന്ന ലിഖിതങ്ങൾ ഇവയാണ്.
സമുദ്രനിരപ്പിൽ നിന്നും ഏതാണ്ട് 4000 അടി ഉയരത്തിലുള്ള അമ്പുകുത്തിമലയുടെ മുകളിൽ ഒരു വലിയ പാറയിൽ രൂപപ്പെട്ട ഒരു വിള്ളലിൽ മുകളിൽ നിന്ന് വീണുറച്ച കൂറ്റൻ പാറയാണ് മനുഷ്യനിർമ്മിതമല്ലാത്ത ഈ ഗുഹയെ സൃഷ്ടിക്കുന്നത്.
കേരളത്തിലെ ഏറ്റവും പുരാതനമായ ഒരു രാജവംശത്തെപ്പറ്റി സൂചന നൽകുന്ന ശിലാലിഖിതങ്ങൾ ലോക കൊത്തുചിത്രകലയുടെ ആദിമ മാതൃകകളെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ളവയാണ്. പ്രാചീനമായ ചിത്രങ്ങളും പിൽക്കാലത്ത് രേഖപ്പെടുത്തപ്പെട്ട ലിപികളും കാണാം.