ഇന്ത്യയിലെ പഴയ നാട്ടുരാജ്യമായ കൊച്ചി രാജ്യത്തിന്റെ തലസ്ഥാനമായ തൃപ്പൂണിത്തറയിലാണ് (ഇപ്പോൾ കേരളസംസ്ഥാനത്തിൽ എറണാകുളം ജില്ലയിൽ കണയന്നൂർ താലൂക്കിൽ) ശ്രീ
പൂർണ്ണത്രയീശ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
എറണാകുളം നഗരസമീപത്തുള്ള പ്രധാനവും പ്രസിദ്ധവുമായ ഒരു ക്ഷേത്രമാണിത്. അനന്തന്റെ പുറത്തിരിയ്ക്കുന്ന മഹാവിഷ്ണുവാണ് ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ.
സന്താനഗോപാലമൂർത്തിയായി
സങ്കല്പിയ്ക്കപ്പെടുന്ന ഈ ഭഗവാനെ പ്രതിഷ്ഠിച്ചത് ശ്രീകൃഷ്ണനും അർജ്ജുനനുമാണെന്ന് വിശ്വസിയ്ക്കപ്പെടുന്നു.
ഉപദേവനായി ഗണപതി മാത്രമേ ക്ഷേത്രത്തിലുള്ളൂ. ഈ ക്ഷേത്രം 1921-കളിൽ വന്ന ഒരു തീപിടിത്തത്തിൽ നശിച്ചുപോയിട്ട് പിന്നീട് പുനരുദ്ധരിയ്ക്കുകയായിരുന്നു. അങ്ങനെ പുനരുദ്ധരിച്ച ക്ഷേത്രമാണ് ഇന്ന് നിലകൊള്ളുന്നത്. കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ മഹാക്ഷേത്രം.
കുട്ടികളുടെ ഐശ്വര്യത്തിനും ഉയർച്ചയ്ക്കും ഇവിടെ ദർശനം നടത്തുന്നത് ഗുണകരമാണെന്ന്
ഭക്തർ വിശ്വസിക്കുന്നു. ചിങ്ങം, വൃശ്ചികം, കുംഭം എന്നീ മാസങ്ങളിൽ തിരുവോണം നാളിൽ ആറാട്ടായി എട്ടുദിവസം വീതം നീണ്ടുനിൽക്കുന്ന മൂന്ന് കൊടിയേറ്റുത്സവങ്ങളാണ് ഈ ക്ഷേത്രത്തിലുള്ളത്.
ഇത് വലിയൊരു പ്രത്യേകതയാണ്. ഇവയിൽ വൃശ്ചികോത്സവമാണ് ഏറ്റവും പ്രധാനം. മറ്റുള്ള രണ്ട് ഉത്സവങ്ങളും പിൽക്കാലത്ത് തുടങ്ങിയവയാണ്. ഇവയിൽ കുംഭമാസത്തിലെ ഉത്സവം പറയെടുപ്പിന് മാത്രം നടത്തുന്നതാണെന്ന പ്രത്യേകതയുമുണ്ട്. ഈ മൂന്ന് ഉത്സവങ്ങൾ കൂടാതെ ചിങ്ങമാസത്തിൽ അഷ്ടമിരോഹിണി, മേടമാസത്തിൽ വിഷു, തുലാമാസത്തിൽ ഒമ്പതാം ദിവസം, കുംഭമാസത്തിൽ ഉത്രം നാളിൽ നടക്കുന്ന പിറന്നാൾ മഹോത്സവം എന്നിവയും ഗംഭീരമായി ആഘോഷിച്ചുവരുന്നു.