കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം നഗരത്തിൽ സ്ഥിതിചെയ്യുന്ന അതിപ്രശസ്തമായ ഒരു ദേവിക്ഷേത്രമാണ് ആറ്റുകാൽ ശ്രീ ഭഗവതി ക്ഷേത്രം. തിരുവനന്തപുരം നഗരത്തിൽ കിഴക്കേ കോട്ടയ്ക്ക് സമീപം കരമനയാറിന്റെയും കിളളിയാറിന്റെയും സംഗമസ്ഥലത്ത് ശില്പ ചാരുതയാൽ മനോഹരമായ ഈ ഭഗവതി ക്ഷേത്രം നിലകൊള്ളുന്നു.
ഹൈന്ദവ വിശ്വാസപ്രകാരവും ശാക്തേയ വിശ്വാസപ്രകാരവും ലോകമാതാവായ ആദിപരാശക്തിയുടെ മാതൃഭാവമായ ശ്രീ ഭദ്രകാളിയാണ് "ആറ്റുകാലമ്മ" എന്നറിയപ്പെടുന്നത്. എന്നാൽ ആദിപരാശക്തി, അന്നപൂർണേശ്വരി, കണ്ണകി, മഹാലക്ഷ്മി, മഹാസരസ്വതി, ഭുവനേശ്വരി തുടങ്ങിയ ഭാവങ്ങളിലും സങ്കല്പിക്കാറുണ്ട്. സാധാരണക്കാർ സ്നേഹപൂർവ്വം 'ആറ്റുകാൽ അമ്മച്ചി' എന്ന് വിളിക്കുന്ന ഇവിടുത്തെ ഭഗവതി സർവ അനുഗ്രഹദായിനി ആണെന്നാണ് വിശ്വാസം.
ചിരപുരാതനമായ ഈ ക്ഷേത്രം "സ്ത്രീകളുടെ ശബരിമല" എന്നാണ് അറിയപ്പെടുന്നത്. ഇവിടുത്തെ അതിപ്രധാനമായ ഉത്സവമാണ് "പൊങ്കാല മഹോത്സവം". കേരളത്തിലെ ആദ്യത്തെ പൊങ്കാല ഉത്സവം ആയിട്ടാണ് ആറ്റുകാൽ പൊങ്കാല കണക്കാക്കപ്പെടുന്നത്. കുംഭമാസത്തിൽ കാർത്തിക നാളിൽ ആരംഭിച്ച് പത്തു ദിവസങ്ങളിലായി നടത്തുന്ന ചടങ്ങുകളിൽ പ്രധാനം പൂരം നാളും പൗർണമിയും ഒത്തുചേരുന്ന ദിവസം നടക്കുന്ന പൊങ്കാലയാണ്.
അന്നേ ദിവസം ക്ഷേത്ര പരിസരത്തുനിന്നും ഏകദേശം 20 കി.മീറ്ററോളം റോഡിന് ഇരുവശത്തും പൊങ്കാല അടുപ്പുകൾ കൊണ്ട് നിറയും. അതുകൊണ്ട് തന്നെ ലോകത്തിൽ ഏറ്റവും കൂടുതൽ സ്ത്രീകൾ പങ്കെടുക്കുന്ന ഈ ചടങ്ങ് ഗിന്നസ് ബുക്കിലും ഇടം നേടി.
പൊങ്കാല ഇട്ടു പ്രാർത്ഥിച്ചാൽ ആഗ്രഹിക്കുന്ന ഏതൊരു ന്യായമായ കാര്യവും നടക്കുമെന്നും, ആപത്തുകളിൽ ആറ്റുകാലമ്മ തുണ ആകുമെന്നും, ഒടുവിൽ മോക്ഷം ലഭിക്കുമെന്നും ഭക്തർ വിശ്വസിക്കുന്നു.