കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രം കൊല്ലത്ത് നിന്നും ഏകദേശം, ഇരുപത്തിയേഴ് കിലോമീറ്റർ അകലെ, കൊട്ടാരക്കരയിൽ സ്ഥിതി ചെയ്യുന്നു.
യഥാർഥത്തിൽ ഇത് മണികണ്ഠേശ്വരം (കിഴക്കേക്കരെ) ശിവക്ഷേത്രം ആണ്.
കിഴക്കോട്ട് ദർശനമായ ശിവനും പടിഞ്ഞാറോട്ട് ദർശനമായ പാർവ്വതിയുമാണ് പ്രധാനപ്രതിഷ്ഠകളെന്നിരുന്നാലും ക്ഷേത്രത്തിലെ ഉപദേവനായിരുന്ന ശിവപാർവ്വതീപുത്രനും വിസ്നേശ്വരനുമായ ഗണപതിയുടെ പേരിലാണ് ദേവാലയത്തിൻ്റെ പ്രശസ്തി. ബാലഗണപതിയെന്നാണ് സങ്കൽപ്പം. കേരളത്തിലെ പ്രസിദ്ധമായ അഞ്ച്
ഗണപതിക്ഷേത്രങ്ങളിലൊന്നാണിത്.
തിരുവനന്തപുരം പഴവങ്ങാടി ഗണപതിക്ഷേത്രം, കാസർഗോഡ് മധൂർ ഗണപതിക്ഷേത്രം, മള്ളിയൂർ മഹാഗണപതിക്ഷേത്രം, പമ്പ മഹാഗണപതിക്ഷേത്രം എന്നിവയാണ് മറ്റുള്ളവ.
സുബ്രഹ്മണ്യൻ, ധർമ്മശാസ്താവ്, നാഗദൈവങ്ങൾ എന്നിവരാണ് മറ്റുള്ള ഉപദേവതകൾ.ഉണ്ണിയപ്പമാണ് ഗണപതിയുടെ പ്രധാന പ്രസാദം. കൊട്ടാരക്കയിലെ ഉണ്ണിയപ്പം അതിപ്രസിദ്ധമാണ്. മേടമാസത്തിലെ തിരുവാതിര ദിവസമാണ് ഉത്സവം. ഇത് ശിവന്നുള്ളത്. ചിങ്ങമാസത്തിലെ ഗണേശ ചതുർത്ഥിയും പ്രധാനമാണ്.
കൂടാതെ, കുംഭമാസത്തിലെ ശിവരാത്രി, ധനുമാസത്തിലെ തിരുവാതിര ആഘോഷം, കന്നിമാസത്തിലെ നവരാത്രി, മകരമാസത്തിലെ തൈപ്പൂയം, മീനമാസത്തിലെ പങ്കുനി ഉത്രം, തുടങ്ങിയവയും അതിവിശേഷമാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ മഹാക്ഷേത്രം.