പൊങ്കൽ ഉത്സവത്തിന് ഒരുങ്ങുകയാണ് തമിഴ് നാട്. ഇനിയുള്ള നാല് ദിവസങ്ങൾ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ദിനങ്ങളാണ്.ഉത്സവത്തിന്റെ ഒരുകങ്ങളുമായി തിരക്കിലാണ് വിശ്വാസികൾ.
ദ്രാവിഡരുടെ വിളവെടുപ്പുത്സവമാണ് പൊങ്കൽ. ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജനുവരി 13ന് തുടങ്ങി നാലുദിവസങ്ങളിലായാണ് പൊങ്കൽ ആഘോഷിക്കുന്നത്.
അതായത് തമിഴ് മാസമായ മാർകഴിയുടെ അവസാന ദിവസം തുടങ്ങി തൈമാസം മൂന്നാം തിയതി അവസാനിക്കുന്നു. ഓരോ ദിവസങ്ങൾക്കും വ്യത്യസ്ത ചടങ്ങുകളും വിശ്വാസങ്ങളുമുണ്ട്. പ്രധാന ആഘോഷമായ തൈപ്പൊങ്കൽ മകരമാസം ഒന്നാം തിയതിയാണ് ആഘോഷിക്കുന്നത്.
അതിനാൽ മകരസംക്രാന്തി എന്നും ഇതിന് പേരുണ്ട്. വേവിച്ച അരി എന്നാണ് പൊങ്കൽ എന്ന പദത്തിന്റെ അർത്ഥം. ഇത് തമിഴരുടെ ഏറ്റവും പ്രസിദ്ധപ്പെട്ട പർവമാണ്.
ആഘോഷങ്ങളുടെ ആദ്യ ദിവസം അതായത് മാർഗ്ഗഴിയുടെ അവസാന ദിവസം ബോഗി എന്നറിയപ്പെടുന്നു.
വിള നന്നാവാൻ ലഭിച്ച നല്ല കാലാവസ്ഥയ്ക്ക് സൂര്യദേവനോട് നന്ദി പറയുകയാണ് ഈ ദിവസം ചെയ്യുന്നത്. അടുത്ത വർഷത്തെ വിളവെടുപ്പ് നന്നാവണമെന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു. പഴയ സാധനങ്ങൾ തീയിലിട്ടു കത്തിക്കുന്നു. ചാണകവും തടിയുമാണ് തീ കത്തിക്കാൻ ഉപയോഗിക്കുക.