മൂന്നാംദിവസം മാട്ടുപ്പൊങ്കൽ എന്നാണ് അറിയപ്പെടുന്നത്. കന്നുകാലികളാണ് ഈ ദിവസത്തിന്റെ താരങ്ങൾ.
കർഷകരാണ് ഭക്തി നിർഭരം മാട്ടുപൊങ്കൽ ആഘോഷിക്കുന്നത്. കൃഷിയിടങ്ങളിൽ വിളവിറക്കുന്നത് മുതൽ വിളവെടുപ്പ് വരെ കന്നുകാലികളെ ഉപയോഗിക്കുന്ന തമിഴ്‌കുടുംബങ്ങൾ മാട്ടുപൊങ്കലിന് കന്നുകാലികളെ കുളിപ്പിച്ച് ഭസ്മവും വർണപ്പൊടികളും അണിയിച്ച് അലങ്കരിച്ച് പൂജകൾ നടത്തുന്നു. കാലികളുടെ ദീർഘായുസ്സിനും കാർഷിക വിളകളുടെ ഇടതടവില്ലാത്ത വിളവെടുപ്പിനും നല്ല കാലാവസ്ഥക്കുമായി മാട്ടുപൊങ്കലിൽ പ്രാർഥിക്കുന്നു. ഭഗവാൻ ശിവൻ തന്റെ വാഹനമായ നന്ദിയെ ശപിച്ചുവെന്നും നന്ദി ഭൂമിയിലെത്തി കർഷകരെ നിലമുഴാൻ സഹായിക്കുന്നുവെന്നുമാണ് വിശ്വാസം.
മധുര ജില്ലയിൽ മാട്ടുപൊങ്കലിനോടനുബന്ധിച്ച് മുൻകാലങ്ങളിൽ ജല്ലിക്കെട്ട് നടത്തിയിരുന്നു. എന്നാൽ നിരവിധി യുവാക്കൾക്ക് ജീവഹാനി നേരിട്ടതോടെ തമിഴ്‌നാട് സർക്കാർ ഇതിനു നിരോധനം ഏർപ്പെടുത്തി. എന്നാൽ ഹൈക്കോടതി ഉത്തരവിലൂടെ നിബന്ധനകളോടെ ഇപ്പോഴും ഇവ നടന്നുവരുന്നുണ്ട്.