കേരളത്തിലെ രണ്ടാമത്തെ നീളം കൂടിയ നദിയാണു ഭാരതപ്പുഴ. നിള എന്നപേരിലും ഈ നദി അറിയപ്പെടുന്നു. കേരളത്തിലൂടെ ഒഴുകുന്ന നദികളിൽ ഏറ്റവും വലിയ നദിയാണ് ഭാരതപ്പുഴ.
അതെ സമയം പൂർണമായും കേരളത്തിലൂടെ ഒഴുകുന്ന നദികളിൽ വലുത് പെരിയാർ ആണ്. പശ്ചിമ ഘട്ടത്തിൽനിന്നും ഉത്ഭവിച്ച് അറബിക്കടലിൽ പതിക്കുന്ന ഭാരതപ്പുഴ 209 കിലോമീറ്റർ ദൂരം താണ്ടുന്നു.
വെറുമൊരു നദി എന്നതിനേക്കാൾ ഭാരതപ്പുഴ കേരളത്തിന്റെ സാംസ്കാരിക ചിഹ്നങ്ങളിലൊന്നാണ്.
പ്രകൃതി ഭംഗിയാൽ സമ്പന്നമായ നിളാതീരങ്ങൾ ഏറെ പ്രശസ്തമാണ്. അമിതമായ മണൽ വാരൽ ഈ നദിയെ പാടെ തകർത്തു. ജലഗതാഗതത്തിന് യോഗ്യമല്ലാതാക്കി. മലയാള സാഹിത്യത്തിലും ഒട്ടേറെ മലയാളികളുടെ ജീവിതത്തിലും നിളയുടെ സാന്നിധ്യം അടയാളപ്പെടുത്തുന്നുണ്ട്.
പേരാർ, കോരയാർ, വരട്ടാർ, വാളയാർ എന്നീ ശുദ്ധദ്രാവിഡനാമങ്ങളും ഭാരതപ്പുഴ, നിള, ഗായത്രി, മംഗലനദി എന്നീ സംസ്കൃതനാമങ്ങളും ഈ നദിക്കുണ്ട്.