കേരളത്തിലെ നദികളിൽ നീളത്തിന്റെ കാര്യത്തിൽ നാലാം സ്ഥാനത്തുള്ള നദിയാണ് ചാലിയാർ. 169 കി.മി. ആണ് ഇതിന്റെ നീളം. ചാലിയാർ കടലിനോട് അടുക്കുമ്പോൾ ബേപ്പൂർ പുഴ എന്നും അറിയപ്പെടുന്നു.
നിലമ്പൂർ, എടവണ്ണ, അരീക്കോട്, ചെറുവാടി, വാഴക്കാട്, മാവൂർ, ഫറോക്ക്, ബേപ്പൂർ എന്നിവയാണ് ചാലിയാറിന്റെ തീരത്തുള്ള പ്രധാനസ്ഥലങ്ങൾ. കേരളത്തിൽ സ്വർണ്ണനിക്ഷേപം കണ്ടെത്തിയിട്ടുള്ള നദിതീരമാണ് ചാലിയാർ.
പശ്ചിമഘട്ടത്തിലുള്ള ഇളമ്പാരി മലകളിൽ നിന്നുമാണ് ചാലിയാർ ഉൽഭവിക്കുന്നത്. തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലാണ് ഇളമ്പാരി മലകൾ. കൂടുതൽ ദൂരവും മലപ്പുറം ജില്ലയിലൂടെ ഒഴുകുന്ന ചാലിയാർ 17 കിലോമീറ്ററോളം കോഴിക്കോടിനും മലപ്പുറത്തിനും ഇടക്കുള്ള അതിർത്തി തീർക്കുന്നു. അതിനുശേഷം കടലിലേക്കുള്ള അവസാനത്തെ 10 കിലോമീറ്റർ പുഴ കോഴിക്കോട്ടിലൂടെ ഒഴുകി അറബിക്കടലിൽ ചേരുന്നു. ചാലിയാറിന്റെ ചില പോഷകനദികൾ വയനാട് ജില്ലയിൽ നിന്നും ഉൽഭവിച്ച് മലപ്പുറത്തുവെച്ച് ചാലിയാറിൽ ചേരുന്നു. ഊർക്കടവ് എന്ന സ്ഥലത്ത് ഈ പുഴയിൽ ഒരു റെഗുലേറ്റർ കം ബ്രിഡ്‌ജ് ഉണ്ട്.
ചാലിയാർ നദിക്കരയിലുള്ള മാവൂർ ഗ്വാളിയോർ റയോൺസ് പൾപ്പ് ഫാക്ടറിയിൽ നിന്നുള്ള മാലിന്യങ്ങൾ നദിയിലേക്ക് വിസർജ്ജിച്ചതു കാരണം നദിയിലെ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയത് വാർത്തയായിരുന്നു. ശക്തമായ ജനകീയ പ്രതിഷേധത്തെ തുടർന്ന് മാവൂർ ഗ്വാളിയോർ റയോൺസ്ഫാക്ടറി പിന്നീട് അടച്ചുപൂട്ടി.
ചാലിയാറിനെ മലിന വിമുക്തമാക്കാനുള്ള ശ്രമങ്ങൾ വിവിധ തലങ്ങളിൽ നടന്നു വരുന്നു. കേരളത്തിൽ ജല മലിനീകരണത്തിനെതിരെ നടന്ന ആദ്യ സംഘടിത പ്രക്ഷോഭമാണ് ചാലിയാറിലേത്