സൂറിച്ച്: അന്താരാഷ്ട്ര ഫുട്ബോൾ സംഘടനയായ ഫിഫ പുറത്തുവിട്ട ഏറ്റവും പുതിയ റാങ്കിങ് പ്രകാരം ഒന്നാം സ്ഥാനം നിലനിർത്തി അർജന്റീന.
2022 ലോകകപ്പ് ജേതാക്കളായ അർജന്റീനയ്ക്ക് 1851.41 പോയന്റാണുള്ളത്. 2026 ഫിഫ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ അർജന്റീന ബൊളീവിയയെയും ഇക്വഡോറിനെയും കീഴടക്കിയിരുന്നു.
ലോകകപ്പ് ഫൈനലിസ്റ്റുകളായ ഫ്രാൻസാണ് രണ്ടാം സ്ഥാനത്ത്.ഫ്രാൻസിന് 1840.76 പോയന്റാണുള്ളത്.
ബ്രസീൽ, ഇംഗ്ലണ്ട്, ബെൽജിയം എന്നീ ടീമുകളാണ് മൂന്ന് മുതൽ അഞ്ചുവരെയുള്ള സ്ഥാനങ്ങളിൽ. പോർച്ചുഗൽ എട്ടാം സ്ഥാനത്തേക്ക് കുതിച്ചപ്പോൾ ഇറ്റലി ഒൻപതാം റാങ്കിലേക്ക് വീണു. മൊറോക്കോ 13-ാം റാങ്കിലെത്തി.
റാങ്കിങ്ങിൽ ഇന്ത്യ തിരിച്ചടി നേരിട്ടു. ആദ്യ നൂറ് റാങ്കിൽ നിന്ന് ഇന്ത്യ പുറത്തായി. 99-ാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ 102-ാം സ്ഥാനത്തേക്ക് വീണു.
കിങ്സ് കപ്പിലെ തോൽവിയാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. 1204.88 പോയന്റാണ് ഇന്ത്യയ്ക്കുള്ളത്. വനിതാ ടീം 61-ാം സ്ഥാനത്താണ്.