എല്ലാ രാജ്യങ്ങൾക്കും ജനങ്ങൾക്കുമിടയ്ക്ക് സമാധാനത്തിന്റെ ആശയങ്ങൾ ശക്തിപ്പെടുത്തുകയാണ് ഈ ദിനം ആചരിക്കുന്നതിന്റെ ഉദ്ദേശ്യം
1981-ൽ 36/37 വോട്ടിന് ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയിൽ അംഗീകരിച്ച പ്രമേയമായിരുന്നു ലോകത്തിലെ 193 അംഗ രാജ്യങ്ങളും സമാധാനത്തിന് വേണ്ടി ഒരു ദിനം ആചരിക്കണം എന്നത്. പിന്നീട് 2001 ൽ 55/282 വോട്ടിന് ജനറൽ അസംബ്ലിയിൽ സെപ്തംബർ 21 തീയതി എല്ലാ വർഷവും സമാധാന ദിനം ആചരിക്കുവാൻ തീരുമാനിച്ചു. ഈ തീരുമാനം ഒരൊറ്റ ദിവസം കൊണ്ട് ഐക്യരാഷ്ട്ര സഭയുടെ നടപടിക്രമങ്ങളിൽ ഉരുത്തിരിഞ്ഞ സംഭവമല്ല. ലോക രാജ്യങ്ങൾ തമ്മിൽ രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ചെറുതും വലുതുമായ യുദ്ധങ്ങൾ രൂപപ്പെടുകയും, യുദ്ധങ്ങൾക്ക് വേണ്ടി രാജ്യങ്ങൾ തമ്മിൽ ആണവായുധങ്ങൾ നിർമ്മിക്കുവാൻ മത്സരക്കുന്നതിന്റെയും തൽഫലമായി കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ യാതൊരുവിധ കാരണവും കൂടാതെ മരണത്തിന് ഇരയാവുകയും സ്വസ്തമായി ജീവിക്കുവാൻ പറ്റാത്ത സ്ഥിതിയുണ്ടായതിനാലാണ് ലോകസമാധാനം ജനങ്ങളുടെ ഇടയിൽ എത്തിക്കുവാൻ ഐക്യരാഷ്ട്ര സഭ ഇങ്ങനെ ഒരു ദിനം ആചരിക്കുവാൻ തീരുമാനിച്ചത്,
സെപ്റ്റംബർ 21 ന് ഐക്യരാഷ്ട്രസഭയുടെ ഹെഡ് ക്വാർട്ടേഴ്സിൽ സ്ഥിതി ചെയ്യുന്ന പീസ് ഗാർഡനിൽ വച്ച് 9 മുതൽ 9.30 വരെ സമാധാനത്തിന്റെ ബെൽ അടിച്ച് മൗനാചരണം നടത്തുവാനാണ് സെക്രട്ടറി ജനറലായ ബാൻകിമൂൺ തീരുമാനിച്ചിട്ടുള്ളത്. ഓരോ കുടുംബങ്ങളിൽ നിന്നുമാണ് ലോക സമാധാനം സൃഷ്ടിക്കപ്പെടുന്നത് എന്ന അഭിപ്രായം നിലനിൽക്കുമ്പോൾ സമൂഹത്തിലും രാജ്യങ്ങളിലും വർദ്ധിച്ചു വരുന്ന ഗാർഹിക പീഡനങ്ങൾ ലൈംഗിക അതിക്രമങ്ങൾ, മറ്റ് സാമൂഹിക തിന്മകൾ എന്നിവ ലോകസമാധാനം എന്ന ഉന്നതമായ ലക്ഷ്യം നടപ്പാകാൻ സാദ്ധ്യതയില്ല എന്ന വിഷയത്തിലേയ്ക്ക് വിരൽചൂണ്ടുന്നു. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ലോക രാജ്യങ്ങൾ പ്രതിരോധ മേഖലയ്ക്ക് ഓരോ വർഷം ചിലവാക്കുന്നതുക 50 ശതമാനമായി വർധിച്ചു. 2011 വരെയുള്ള കണക്കനുസരിച്ച് 1735 ബില്യൺ തുകയാണെന്ന് സ്റ്റോക്ക് ഹോം ഇന്റർനാഷ്ണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പറയുന്നു. ഏറ്റവും കൂടുതൽ പ്രതിരോധ മേഖലയ്ക്ക് തുക മാറ്റിവെയ്ക്കുന്ന പത്ത് രാജ്യങ്ങളിൽ അമേരിക്ക ഒന്നാമനായും, ഇന്ത്യ എട്ടാം സ്ഥാനത്തും എത്തി. രാജ്യങ്ങൾ പ്രതിരോധ മേഖലയിൽ വെറും 8 ദിവസത്തിന് വേണ്ടി ചിലവാക്കുന്ന തുക കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി ചിലവാക്കിയാൽ 12 വർഷം വരെ ഇവർക്ക് സൗജന്യമായി വിദ്യാഭ്യാസം നൽകുവാൻ സാധിക്കുമെന്ന് കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി പോരാടി താലിബാൻ തീവറവാദികളുടെ അക്രമണത്തിന് ഇരയായ നോബൽ സമ്മാന ജേതാവ് മലാല പറയുന്നു.സസ്റ്റെയ്നബിൾ ഡെവലെപ്മെന്റ് ഗോൾസ് ( SDG ) അഥവാ സുസ്ഥിര വികസന ലക്ഷ്യങ്ങൾ എന്ന് നാമകരണം നൽകി പതിനേഴിൽ കൂടുതൽ വിഷയങ്ങളാണ് ലോകരാജ്യം നേരിടുന്ന പ്രതിസന്ധികളായി കണക്കാക്കിയിരിക്കുന്നത്. ഇതിൽ ശുദ്ധജലം, ജീവിക്കുവാൻ സാധിക്കുന്ന ഭൂമി, ഭൂമിയുടെ സംരക്ഷണം, സാമ്പത്തിക വളർച്ച മറ്റും ജോലി, പട്ടിണി, ആരോഗ്യം,ആഗോളതാപനം, കാലാവസ്ഥ വ്യതിയാനം, സാമുഹിക നീതി മറ്റും സമാധാനം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ചർച്ച ചെയ്ത് 15 വർഷത്തിനുള്ളിൽ പരിഹാര മാർഗ്ഗം കണ്ടെത്തുവാൻ ഐക്യരാഷ്ട്ര സഭ തീരുമാനിച്ചിരിക്കുന്നു. ഈ സാഹചര്യത്തിലാണ് ലോകം ഇന്ന് സമാധാന ദിനം ആചരിക്കുന്നത്. യുദ്ധങ്ങൾ ഒഴിവാക്കുകയും രാജ്യങ്ങൾ തമ്മിലുള്ള തർക്കങ്ങൾ ചർച്ചയിലൂടെ പരിഹരിക്കുക എന്ന മാർഗ്ഗമാണ് ലോകസമാധാനത്തിന് വിത്തുപാകുന്നത്. പരസ്പര ബഹുമാനം ഇല്ലായ്മ മനുഷ്യാവകാശങ്ങളോടുളള അവജ്ഞ എന്നിവ അപരിഷ്കൃതമായ പ്രവൃത്തികൾക്ക് കാരണമാവുന്നത്.
യുദ്ധ രഹിത ലോകത്തിന് വേണ്ടി നമ്മൾ ഓരോരുത്തരും പ്രവർത്തനമാവുകയും ലോക സമാധാനത്തിന്റെ ആവശ്യകത കുട്ടികളിൽ എത്തിക്കുകയും വേണം. നാളത്തെ തലമുറ യുദ്ധങ്ങൾ ഒഴിവാക്കി നന്മ നി മനസുമായി ലോകത്തിൽ ജീവിക്കുവാനുള്ളസാഹചര്യം സൃഷ്ടിക്കുക എന്നതാണ് നമ്മൾ ഓരോരുത്തരുടേയും കടമ. അതിനായി ഇന്നുമുതൽ നമ്മുക്ക് ഒരുമിച്ച് ശ്രമിക്കാം. ആഗോളമായി വെടിനിർത്തലിന്റെയും അക്രമരാഹിത്യത്തിന്റെയും ദിനമാണിത്. സംഘർഷങ്ങൾക്ക് സമാധാനപരമായ പരിഹാരം കാണാനും ശത്രുതയ്ക്ക് അറുതിവരുത്താനും ഈ ദിനം ഉപയോഗിക്കണമെന്നാണ് ഐക്യരാഷ്ട്ര സഭ ആഹ്വാനം ചെയ്തിട്ടുളളത്. സമാധാനമാണ് ഐക്യരാഷ്ട്ര സഭയുടെ ഏറ്റവും വലിയ മുദ്രാവാക്യമെന്നും സമാധാനമാണ് നമ്മുടെ ദൌത്യം എന്നും ഐക്യരാഷ്ട്രസഭ ചൂണ്ടി കാട്ടുന്നു.