മതപരമായ ആചാരങ്ങൾ:-
ഒട്ടുമിക്ക ക്രിസ്‌തുമത വിഭാഗങ്ങളും ഡിസംബർ ആദ്യവാരത്തോടെ ക്രിസ്തുമസ്സിനുള്ള ഒരുക്കം തുടങ്ങും. കത്തോലിക്കാ വിശ്വാസികളുടെ ആരാധനക്രമത്തിൽ 'മംഗളവാർത്താക്കാലം', 'ആഗമനകാലം' എന്നിങ്ങിനെ അറിയപ്പെടുന്നു. യേശുവിന്റെ ജനനത്തെപ്പറ്റിയുള്ള മംഗളവാർത്തയും പ്രവചനങ്ങളുമൊക്കെയാണ് ഈ കാലഘട്ടത്തിൽ അനുസ്‌മരിക്കുന്നത്.
കേരളത്തിലെ സുരിയാനി ക്രിസ്ത്യാനികളിൽ ഒരു വിഭാഗം 25 ദിവസം നോമ്പെടുത്താണ് ക്രിസ്തുമസ്സിനായി ഒരുങ്ങുന്നത്. മാംസം, മത്സ്യം, മുട്ട എന്നിവയിൽ ചിലതോ എല്ലാമോ വർജ്ജിക്കുകയാണ് പതിവ്. ക്രിസ്തുമസ് തലേന്ന് (ഡിസംബർ 24) അർദ്ധരാത്രിയിലാണ് ക്രിസ്തീയ ദേവാലയങ്ങളിൽ യേശുവിന്റെ പിറവി അനുസ്‌മരണ കർമ്മങ്ങൾ ആരംഭിക്കുന്നത്. ചിലയിടങ്ങളിൽ ഇതിനുപകരം ക്രിസ്‌തുമസ് ദിനത്തിൽ തന്നെയാണ് കർമ്മങ്ങൾ.
മതേതര ആചാരങ്ങൾ:-
മതേതരമായ ആഘോഷങ്ങൾക്കാണ് ക്രിസ്തുമസ് നാളുകളിൽ പ്രാമുഖ്യം. ക്രിസ്തുമത വിശ്വാസികൾ തുലോം കുറവായ ദേശങ്ങളിൽപ്പോലും ക്രിസ്തുമസ് ആഘോഷങ്ങൾ നടക്കാറുണ്ട്.
ക്രിസ്തുമസ് പപ്പ =
ക്രിസ്തുമസ് നാളുകളിൽ സർവ്വദേശീയമായി നിറഞ്ഞു നിൽക്കുന്ന രൂപമാണ് സാന്റാക്ലോസ്. നാലാം നൂറ്റാണ്ടിൽ ഏഷ്യാമൈനറിൽ ജീവിച്ചിരുന്ന സെൻ്റ് നിക്കോളസ് എന്ന പുണ്യചരിതനാണ് സാൻ്റാക്ലോസായി മാറിയത്. ക്രിസ്തുമസ് ഒരുക്കങ്ങളുടെ നാളുകൾക്കിടയിൽ ഡിസംബർ ആറിനാണ് വിശുദ്ധ നിക്കോളസിൻ്റെ അനുസ്മരണദിനം. ഇക്കാരണത്താൽ ഡച്ചുകാർ സെന്റ് നിക്കോളസിനെ ക്രിസ്‌തുമസ് സമ്മാനങ്ങൾ വാരിവിതറുന്ന പുണ്യാത്മാവായി ചിത്രീകരിച്ചു തുടങ്ങി. ഡച്ചുകോളനികളിലൂടെ ഈ രീതി സാർവദേശീയമാവുകയും ചെയ്തു. സെന്റ് നിക്കോളസ് എന്നത് ലോപിച്ച് സാന്റാക്ലോസുമായി. ഇന്ന് സാൻ്റാക്ലോസ് അപ്പൂപ്പൻ, ക്രിസ്തുമസ് പപ്പാ, അങ്കിൾ സാന്റാക്ലോസ് എന്നിങ്ങനെ പലപേരുകളിൽ അറിയപ്പെടുന്നു. കേരളത്തിൽ തികച്ചും ഗ്രാമീണമായി പപ്പാഞ്ഞി എന്നും പറയാറുണ്ട്.
ക്രിസ്തുമസിന്റെ മരം
ക്രിസ്തുമസ് ആഘോഷത്തിന് ഒഴിച്ചുകൂടാൻ പറ്റാത്ത മറ്റൊരു ഘടകമാണ് ക്രിസ്തുമസ് മരം. ക്രിസ്തുമസിൻ്റെ ഈ സാർവദേശീയ പ്രതീകം ജർമ്മൻ പാരമ്പര്യത്തിൽ നിന്നുള്ളതാണ്. സ്വർഗ്ഗ രാജ്യത്തിലെ വിലക്കപ്പെട്ട മരത്തിന്റെ പ്രതിരൂപമായാണ് ജർമ്മൻകാർ ക്രിസ്‌തുമസ് മരത്തെ കണ്ടിരുന്നത്.
പുൽകൂട് :-
ബെത്ലഹേമിലെ കാലിത്തൊഴുത്തിൽ ഉണ്ണിയേശു പിറന്നുവെന്ന വിശ്വാസത്തെ പിൻപറ്റിയാണ് ക്രിസ്തുമസ്സിന് പുൽക്കൂടൊരുക്കുവാൻ തുടങ്ങിയത്. ക്രിസ്തുവർഷം ഒന്നാം നൂറ്റാണ്ടുമുതൽ ഈ രീതി നിലനിന്നിരുന്നതായി കരുതപ്പെടുന്നു. എന്നാൽ 1223ൽ വിശുദ്ധ ഫ്രാൻസിസ് അസീസി ഒരുക്കിയ പുൽക്കൂടാണ് ഈ ആചാരത്തെ സാർവത്രികമാക്കിയത്.