ക്രിസ്തുമസ് അഥവാ നത്താൾ ക്രിസ്തീയ കലണ്ടർ പ്രകാരമുള്ള പുണ്യദിനമാണ്. യേശു ക്രിസ്തുവിന്റെ ജനനമാണ് ഈ ദിവസത്തിൽ അനുസ്മരിക്കപ്പെടുന്നത്. ലോകമെമ്പാടും ഡിസംബർ 25 ആണ് ക്രിസ്‌തുമസ് ആയി കണക്കാക്കുന്നത്.
എന്നാൽ ചില ക്രിസ്തീയ സഭകളിൽ മറ്റു ചില ദിവസങ്ങളിലാണ് ഈ ആഘോഷം. ക്രിസ്‌തീയ ഭൂരിപക്ഷമുള്ള രാജ്യങ്ങളിൽ ക്രിസ്തുമസ് ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണ.
എന്നാലിന്ന് മിക്ക ദേശങ്ങളിലും ഒരു മതവിഭാഗത്തിന്റെ പ്രത്യേക ആഘോഷം എന്നതിനുമപ്പുറം ക്രിസ്തുമസ് ഏവർക്കും സന്തോഷം പകരുന്ന ആഘോഷമായി മാറിയിട്ടുണ്ട്.
മിക്ക സ്ഥലങ്ങളിലും പരസ്‌പരം സമ്മാനങ്ങൾ കൈമാറാനും ബന്ധങ്ങൾ പുതുക്കാനുമുള്ള അവസരമായാണ് ഈ ദിവസം കണക്കാക്കപ്പെടുന്നത്. ക്രിസ്‌തുമസ് ആഘോഷങ്ങളും ആചാരങ്ങളും ഓരോ ദേശത്തും വ്യത്യസ്‌തവുമാണ്.
കത്തോലിക്കർ, ഗ്രീക്ക് ഓർത്തഡോക്‌സ് സഭ, റുമേനിയൻ ഓർത്തഡോക്‌സ് സഭ എന്നിവർ ഡിസംബർ 25നാണ് ക്രിസ്‌തുമസ് ആഘോഷിക്കുന്നത്. എന്നാൽ പൗരസ്ത്യ ക്രിസ്ത്യൻ ഓർത്തഡോക്‌സ് സഭകളിൽ മിക്കവയും ജനുവരി ഏഴ് യേശുവിന്റെ ജനനദിനമായി ആചരിക്കുന്നു.
ക്രിസ്തുമസ് ഉത്ഭവത്തെപ്പറ്റി വ്യക്തമായ ചരിത്ര രേഖകളില്ല. ഡിസംബർ 25 ക്രിസ്തുവിന്റെ ജന്മദിനമായി ആചരിക്കാനുള്ള കാരണവും ചരിത്രകാരന്മാർക്ക് അജ്ഞാതമാണ്. ക്രിസ്‌തുവർഷം നാലാം നൂറ്റാണ്ടുമുതലാണ് ഡിസംബർ 25 ക്രിസ്തുമസ്സായി ആചരിക്കപ്പെടാൻ തുടങ്ങിയതെന്നാണ് ഏറ്റവും പ്രബലമായ വാദം.
ക്രിസ്ത്യാനിയായി മാറിയ റോമൻ ചക്രവർത്തി കോൺസ്റ്റൻ്റെൻ ഡിസംബർ 25 തന്റെ സാമ്രാജ്യത്തിലെ ക്രിസ്‌തുമത വിശ്വാസികൾക്കും പേഗൻ മതവിശ്വാസികൾക്കും പൊതുവായ ഒരാഘോഷദിനാമായി പ്രഖ്യാപിച്ചു എന്നാണ് കരുതപ്പെടുന്നത്.