കേരളത്തിലെ എറണാകുളം ജില്ലയിൽ കണയന്നൂർ താലൂക്കിൽ ചോറ്റാനിക്കരയിലുള്ള പ്രസിദ്ധമായ ഒരു തീർത്ഥാടന കേന്ദ്രമാണ് ചോറ്റാനിക്കര ശ്രീ ഭഗവതി ക്ഷേത്രം കേരളത്തിന്റെ വ്യാവസായിക തലസ്ഥാനമായ എറണാകുളം നഗരത്തിൽ നിന്ന് ഏകദേശം പതിനഞ്ച് കിലോമീറ്റർ തെക്കുകിഴക്കുമാറി സ്ഥിതിചെയ്യുന്ന ഈ മഹാക്ഷേത്രം, കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഭഗവതി ക്ഷേത്രമാണ്.
സമ്പത്തിന്റെയും ഐശ്വര്യത്തിന്റെയും ഭഗവതിയും പരാശക്തിയുടെ മൂന്ന് പ്രധാന ഭാവങ്ങളിൽ ഒന്നുമായ മഹാലക്ഷ്‌മിയാണ് ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്‌ഠ. 'ചോറ്റാനിക്കര അമ്മ' എന്ന് അറിയപ്പെടുന്ന ഇവിടത്തെ ഭഗവതിയെ മഹാവിഷ്‌ണുവിനൊപ്പമാണ് ഈ ക്ഷേത്രത്തിൽ പ്രതിഷ്‌ഠിച്ചിരിയ്ക്കുന്നത്. അതിനാൽ ലക്ഷ്മ്‌മീനാരായണ സങ്കൽപ്പത്തിൽ ഇവിടെ ആരാധിയ്ക്കുന്നു
കൂടാതെ ഭദ്രകാളിസങ്കല്പത്തിലുള്ള മറ്റൊരു ക്ഷേത്രവും ഇവിടെയുണ്ട്. പ്രധാന ക്ഷേത്രത്തിന് താഴെ സ്ഥിതിചെയ്യുന്ന ഇത്, തന്മൂലം കീഴ്ക്കാവ് എന്ന് അറിയപ്പെടുന്നു.
മഹാലക്ഷിയ്ക്കും മഹാവിഷ്ണുവിനും ഭദ്രകാളിയ്ക്കും തുല്യപ്രാധാന്യമാണ് ഈ ക്ഷേത്രത്തിൽ ഉള്ളത്.