കേരളത്തിലെ പാലക്കാട് ജില്ലാ തലസ്ഥാനത്തുനിന്ന് 60 കിലോമീറ്റർ അകലെയായി ഉള്ള ഒരു പ്രശസ്‌തമായ മലയും വിനോദസഞ്ചാര കേന്ദ്രവുമാണ് നെല്ലിയാമ്പതി.
ഭാരതപ്പുഴ, ചാലക്കുടിപ്പുഴ, കാവേരി നദി എന്നിവയുടെ പ്രധാനപ്പെട്ട വൃഷ്ടിപ്രദേശമാണ് നെല്ലിയാമ്പതി, തേയില, കാപ്പി തോട്ടങ്ങൾക്കും ശീതളമായ കാലാവസ്ഥയ്ക്കും പ്രശസ്‌തമാണ് നെല്ലിയാമ്പതി.
പാവപ്പെട്ടവരുടെ ഊട്ടി എന്ന അപരനാമത്തിലും നെല്ലിയാമ്പതി അറിയപ്പെടുന്നു. നിത്യഹരിതവനമേഖലയായ നെല്ലിയാമ്പതിയുടെ വിസ്തൃതി 82 ചതുരശ്ര കിലോമീറ്ററാണ്. ധാരാളം ചോലക്കാടുകളും പുൽമേടുകളുമുണ്ട്. ഏറ്റവും ഉയരമേറിയ പാടഗിരി സമുദ്രനിരപ്പിൽനിന്ന് 1585.08 മീറ്റർ ഉയരത്തിലാണ്.
ജനുവരി മുതൽ മെയ് വരെ പകൽ തണുപ്പുകുറഞ്ഞ കാലാവസ്ഥയും ജൂൺ മുതൽ ഡിസംബർ വരെ തണുപ്പുകൂടിയ കാലാവസ്ഥയുമാണ്.
നെല്ലി ദേവതയുടെ ഊര് എന്നാണ് നെല്ലിയാമ്പതിയുടെ അർത്ഥം. കേരളത്തിലെ ആദിമനിവാസികൾ തങ്ങളുടെ ദൈവങ്ങൾ മലകളിലും മരങ്ങളിലും വസിക്കുന്നുവെന്ന് സങ്കല്പിച്ചിരുന്നവരാണ്.
ഇതിൽ തന്നെ കാർഷിക വൃത്തിയിലേർപ്പെട്ടിരുന്നവർ അമ്മദൈവങ്ങളെ മാത്രമേ ആരാധിച്ചിരുന്നുള്ളൂ. ഇത്തരത്തിൽ നെല്ലിമരത്തിൽ ആസ്ഥാനമാക്കിയ ദേവതയുടെ പേരിൽ നിന്നാണ് നെല്ലിയാമ്പതിയുടെ സ്ഥലനാമോല്പ്പത്തി.
(പതി എന്നാൽ ഊര് എന്നർത്ഥം) പാവങ്ങളുടെ ഊട്ടി എന്ന അപരനാമത്തിലും നെല്ലിയാമ്പതി അറിയപ്പെടുന്നുണ്ട്.