ഇന്ത്യൻ ഭരണഘടന അംഗീകരിച്ചതിന്റെ ഓർമ്മയ്ക്കായി എല്ലാ വർഷവും നവംബർ 26 ഇന്ത്യയിൽ ഭരണഘടനാദിനം ആയി ആഘോഷിക്കുന്നു.
ഇത് സംവിധാൻ ദിവസ്, ദേശീയ നിയമദിനം എന്നീ പേരുകളിലും അറിയപ്പെടുന്നു.
1949 നവംബർ 26 ന് ഇന്ത്യൻ ഭരണഘടനാ അസംബ്ലി ഇന്ത്യൻ ഭരണഘടന അംഗീകരിച്ചു, 1950 ജനുവരി 26 മുതൽ ഇത് പ്രാബല്യത്തിൽ വന്നു.
ഗസറ്റ് വിജ്ഞാപനത്തിലൂടെ 2015 ൽ ഇന്ത്യാ ഗവൺമെന്റ് നവംബർ 26 നെ ഭരണഘടനാദിനമായി പ്രഖ്യാപിച്ചു.
മുംബൈയിലെ ബി ആർ അംബേദ്കറുടെ സ്റ്റാച്യു ഓഫ് ഇക്വാലിറ്റി സ്മാരകത്തിന് തറക്കല്ലിടുന്നതിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 2015 ഒക്ടോബർ 11 ന് പ്രഖ്യാപനം നടത്തിയത്.
ഭരണഘടനാ അസംബ്ലിയുടെ കരട് സമിതിയുടെ അദ്ധ്യക്ഷനും ഭരണഘടനയുടെ കരട് തയ്യാറാക്കുന്നതിൽ നിർണായക പങ്കുവഹിച്ചതുമായ അംബേദ്കറുടെ 125-ാം ജന്മവാർഷികമായിരുന്നു 2015.
മുമ്പ് ഈ ദിനം നിയമദിനമായി ആഘോഷിച്ചിരുന്നു.
ഭരണഘടനയുടെ പ്രാധാന്യം പ്രചരിപ്പിക്കാനും അംബേദ്കറുടെ ചിന്തകളും ആശയങ്ങളും പ്രചരിപ്പിക്കാനും നവംബർ 26 തിരഞ്ഞെടുക്കപ്പെട്ടു.
ഭരണഘടനാ ദിനം പൊതു അവധി ദിവസമല്ല. ഇന്ത്യാ ഗവൺമെൻ്റിൻ്റെ വിവിധ വകുപ്പുകൾ ഭരണഘടന ദിനം ആഘോഷിക്കുന്നു.
ഭരണഘടനയുടെ ആമുഖം എല്ലാ സ്കൂളുകളിലും വായിക്കുന്നു.
കൂടാതെ, ഇന്ത്യൻ ഭരണഘടനയുടെ വിഷയത്തിൽ ഓൺലൈനിലും ഓഫ്ലൈനിലും ക്വിസ്, ഉപന്യാസ മത്സരങ്ങൾ നടത്തുന്നു, ഭരണഘടനയുടെ സവിശേഷതകളെക്കുറിച്ച് ഒരു പ്രഭാഷണം നടത്തുന്നു.
കോളേജുകളിൽ പാർലമെൻറ് സംവാദങ്ങൾ സംഘടിപ്പിക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് വിവിധ സർവകലാശാലകളോട് നിർദ്ദേശിച്ചിട്ടുണ്ട്