ഗൂഗിൾ നമ്മളെ ഓരോരുത്തരേയും പിന്തുടരുന്നുണ്ട്. ഫോണിൽ നമ്മൾ നൽകുന്ന ലൊക്കേഷൻ ആക്സസ് വഴി തത്സമയം നമ്മൾ എവിടെയാണെന്ന് ഗൂഗിൾ മനസിലാക്കുന്നു. ഗൂഗിളിന്റെ മാപ്പ് ഉൾപ്പടെയുള്ള സേവനങ്ങൾക്കും മറ്റ് ആപ്പുകളുടെ ശരിയായ പ്രവർത്തനത്തിനും ഇത് ആവശ്യമാണെന്നാണ് പറയപ്പെടുന്നത്.
എന്നാൽ ഇങ്ങനെ ഒക്കെ ചെയ്യുന്നുണ്ടെങ്കിലും ലൊക്കേഷൻ ട്രാക്കിങ് ഡിസേബിൾ ചെയ്തുവെച്ചാൽ പിന്നെ തങ്ങൾ ആരെയും പിന്തുടരില്ല എന്നാണ് ഗൂഗിൾ പറയുന്നത്. പക്ഷെ, ഗൂഗിളിന്റെ ആ വാക്കിന് അത്ര ഉറപ്പില്ലെന്നാണ് പുതിയ സംഭവം വ്യക്തമാക്കുന്നത്.
ഉപഭോക്താക്കളുടെ ലൊക്കേഷൻ വിവരങ്ങൾ ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട് ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നാരോപിച്ച് ഗൂഗിളിനെതിരെ നൽകപ്പെട്ട കേസിൽ 9.3 കോടി ഡോളർ (ഏകദേശം 7000 കോടിരൂപ) പിഴ നൽകാനൊരുങ്ങുകയാണ് കമ്പനി.
ഉപഭോക്താക്കൾക്ക് അവരുടെ ലൊക്കേഷൻ വിവരങ്ങളിൽ വലിയ നിയന്ത്രണം ഉണ്ടെന്ന തെറ്റായ വിവരം നൽകി ഗൂഗിൾ അവരെ കബളിപ്പിക്കുകയാണെന്ന് കാലിഫോർണിയ അറ്റോർണി ജനറൽ റോബ് ബോന്റ നൽകിയ കേസിൽ ആരോപിക്കുന്നു.
ഏറെ നാളത്തെ അന്വേഷണങ്ങൾക്കൊടുവിലാണ് പിഴശിക്ഷ ലഭിച്ചിരിക്കുന്നത്.