ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ കേരളത്തിലെയും തമിഴ്നാട്ടിലെയും ആഘോഷമാണ് തിരുവാതിര.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ കേരളത്തിലെയും തമിഴ്നാട്ടിലെയും ശിവപാർവതി പ്രധാനമായ ആഘോഷമാണ് തിരുവാതിര. ധനുമാസത്തിലെ തിരുവാതിര നക്ഷത്രത്തിലാണ് ഈ ഉത്സവം. ശൈവരുടെ പ്രധാന ആഘോഷങ്ങളിലും വ്രതങ്ങളിലും ഉൾപ്പെട്ട ഒന്നാണ് ധനുമാസത്തിലെ തിരുവാതിര. ശിവ ക്ഷേത്രങ്ങളിൽ അന്നേദിവസം അതി പ്രാധാന്യത്തോടെ ആഘോഷിക്കുന്നു. പാർവതി സങ്കൽപ്പമുള്ള ഭഗവതി ക്ഷേത്രങ്ങളിലും ഇത് പ്രധാനമാണ്. വ്രതങ്ങളിൽ വച്ചു അതീവ പ്രാധാന്യം ഉള്ള ഒന്നാണ് തിരുവാതിര വ്രതം എന്ന് വിശ്വസിക്കപ്പെടുന്നു. ധാരാളം ആളുകൾ തിരുവാതിര വ്രതം എടുക്കാറുണ്ട്. ഹൈന്ദവ വിശ്വാസമനുസരിച്ച് ഈ ദിവസം പരമശിവന്റെ പിറന്നാളായതു കൊണ്ടാണ് അന്ന് തിരുവാതിര ആഘോഷം നടത്തുന്നത്. കൂടാതെ ശിവപാർവതി വിവാഹം നടന്ന ദിവസമാണ് ധനുമാസത്തിലെ തിരുവാതിര ദിവസം എന്നാണ് വിശ്വാസം. ശിവപ്രധാനമാണെങ്കിലും ആദിപരാശക്തിയായ പാർവതി ദേവിക്ക് സവിശേഷ പ്രാധാന്യം കൊടുത്തുകൊണ്ടാണ് തിരുവാതിര ആഘോഷവും വ്രതവും നടക്കാറുള്ളത്. ഡിസംബർ 15നും ജനുവരി 15നും ഇടയ്ക്കായിട്ടാണ് തിരുവാതിര വരുന്നത്.
തിരുവാതിരകളി
മംഗല്യവതികളായ സ്ത്രീകൾ നെടുമാംഗല്യത്തിനും, മക്കളുടെ ഐശ്വര്യത്തിന് വേണ്ടിയും, അവിവാഹിതരായ യുവതികൾ ഉത്തമ വിവാഹം നടക്കാൻ വേണ്ടിയും തിരുവാതിര വ്രതം എടുക്കുന്നു. പാർവതി ദേവിയെ സ്തുതിച്ചു കൊണ്ടു സൂര്യോദയത്തിനുമുൻപ് കുളത്തിൽ പോയി തിരുവാതിരപ്പാട്ട് പാടി തുടിച്ച് കുളിക്കൽ, നോയമ്പ് നോൽക്കൽ, നാമജപം, തിരുവാതിരക്കളി, ഉറക്കമൊഴിപ്പ്, എട്ടങ്ങാടി വെച്ച് കഴിയ്ക്കൽ, പാതിരാപ്പൂ ചൂടൽ, ശിവക്ഷേത്ര ദർശനം എന്നിവയൊക്കെയാണ് തിരുവാതിര ആഘോഷത്തിന്റെ പ്രധാന ചടങ്ങുകൾ. ശിവപാർവതി പ്രധാനമായ ക്ഷേത്രങ്ങളിൽ ഉത്സവം, തിരുവാതിരക്കളി, ഉമാമഹേശ്വര പൂജ, മറ്റു വിശേഷാൽ പൂജകൾ, പൊങ്കാല എന്നിവയൊക്കെ ഈ അവസരത്തിൽ നടക്കാറുണ്ട്. ക്ഷേത്ര ദർശനത്തിന് അതീവ പ്രാധാന്യം ഉള്ള ദിവസം കൂടിയാണിത്. മകയിരം ദിവസത്തിലെ വ്രതം മക്കൾക്ക് വേണ്ടിയും, തിരുവാതിര വ്രതം ഭർത്താവിന് അല്ലെങ്കിൽ പങ്കാളിക്ക് വേണ്ടിയും എന്ന് വിശ്വസിക്കപ്പെടുന്നു. ഇഷ്ട വിവാഹം, ഉത്തമ ദാമ്പത്യം, കുടുംബ ഐശ്വര്യം, മക്കളുടെ അഭിവൃദ്ധി, അപകടമുക്തി, ദുഖവിമോചനം, രോഗമുക്തി, ദീർഘായുസ് തുടങ്ങിയ അനേകം ഫലങ്ങൾ തിരുവാതിര വ്രതത്തിന് ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. രേവതി നാളിലാണ് തിരുവാതിര ആഘോഷങ്ങൾ ആരംഭിക്കുന്നത്.
പണ്ടൊക്കെ ഒരു ഗ്രാമത്തിലെ സ്ത്രീകൾ മുഴുവൻ ഏതെങ്കിലും ഒരു തറവാട്ടുമുറ്റത്ത് ഒത്തുചേർന്നിട്ടായിരുന്നു തിരുവാതിര ആഘോഷിച്ചിരുന്നത്. ഇന്നത്തെ തിരക്കു പിടിച്ച ജീവിതത്തിൽ ആഘോഷം ചുരുക്കം ചില കുടുംബങ്ങളിലും ശിവപാർവതി പ്രാധാന്യമുള്ള ക്ഷേത്രങ്ങളിലും മാത്രം ഒതുങ്ങി നിൽക്കുന്നു.