കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും മുതിർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാക്കളിൽ ഒരാളുമായിരുന്നു ഉമ്മൻ ചാണ്ടി (31 ഒക്ടോബർ,1943 - 18 ജൂലൈ 2023). 2020-ൽ നിയമസഭ അംഗമായി 50 വർഷം പിന്നിട്ട ഉമ്മൻ ചാണ്ടി 2004-2006, 2011–2016 എന്നീ വർഷങ്ങളിൽ രണ്ട് തവണയായി ഏഴ് വർഷക്കാലം കേരള മുഖ്യമന്ത്രിയായിരുന്നു. തൊഴിൽവകുപ്പ് മന്ത്രി (1977-1978), ആഭ്യന്തരവകുപ്പ് മന്ത്രി (1982), ധനകാര്യവകുപ്പ് മന്ത്രി (1991–1994), 12-ാം കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവ് (2006–2011) എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. 1970 മുതൽ 2023 വരെ പുതുപ്പള്ളിയിൽ നിന്നു തുടർച്ചയായി പന്ത്രണ്ട് തവണയായി 53 വർഷം കേരള നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1992 മുതൽ 2023 വരെ കോൺഗ്രസ് പ്രവർത്തക സമിതി അംഗവും 2018 മുതൽ 2023 വരെ ആന്ധ്രാപ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായിരുന്നു. ഏറ്റവും കൂടുതൽ (19,078) ദിവസം നിയമസഭ സാമാജികനായിരുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടി നേതാവ് എന്ന റെക്കോർഡും അദ്ദേഹത്തിന്റെ പേരിലാണ്.
1943 ഒക്ടോബർ 31ന് പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ കെ.ഒ. ചാണ്ടിയുടെയും ബേബി ചാണ്ടിയുടെയും മകനായി കോട്ടയം ജില്ലയിലെ കുമരകത്ത് ജനനം. പുതുപ്പള്ളി സെന്റ് ജോർജ്ജ് ഹൈസ്കൂളിലെ വിദ്യാഭ്യാസത്തിന് ശേഷം കോട്ടയം സി.എം.എസ്. കോളേജ്, ചങ്ങനാശ്ശേരി എസ്.ബി. കോളേജ് എന്നിവിടങ്ങളിൽ പഠനം നടത്തി ബി.എ ബിരുദം നേടി. എറണാകുളം ലോ കോളേജിൽ നിന്ന് നിയമ ബിരുദവും സമ്പാദിച്ചു. അർബുദബാധയെത്തുടർന്ന് ബംഗളുരുവിലെ ചിന്മയ മിഷൻ ആശുപത്രിയിൽ ചികിത്സയിലിരിക്കവേ 2023 ജൂലൈ 18ന് പുലർച്ചെ 4:25ന് അന്തരിച്ചു.