കോച്ചിങ് ഇല്ല, റാങ്ക് ഉണ്ട്; നീറ്റ് യു ജി റാങ്കുകാരൻ സംസാരിക്കുന്നു
ഡോക്ടർമാരായ മാതാപിതാക്കൾ ആളുകളെ സഹായിക്കുന്നത് ഓർമ്മ വച്ച നാൾ മുതൽ കണ്ട ഈ കൗമാരക്കാരൻ 2022 ലെ നീറ്റ് പരീക്ഷയിൽ (NEET UG 2022)ഈഷാൻ അഖിലേന്ത്യാതലത്തിൽ 34 ആം ( AIR 34) റാങ്ക് നേടി.
NEET UG: ഡോക്ടർമാരായ മാതാപിതാക്കൾ ആളുകളെ സഹായിക്കുകയും അർത്ഥവത്തായ ജീവിതം നയിക്കുകയും ചെയ്യുന്നത് കണ്ടാണ് ഈഷാൻ വളർന്നത്. അത് ആ ബാലനിൽ മെഡിക്കൽ പ്രൊഫഷനിനോടുള്ള പാഷൻ നിറച്ചു അവനും അതേ പാത പിന്തുടരാൻ തീരുമാനിച്ചു. ബറേലിയിൽ സ്ഥിരതാമസമാക്കിയ ഈഷാന്റെ അച്ഛൻ ഓങ്കോളജിസ്റ്റും അമ്മ ഗൈനക്കോളജിസ്റ്റുമാണ്.
ഈഷാൻ അഗർവാൾ ഇപ്പോൾ ന്യൂഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) പഠിക്കുകയാണ്. 2022 ലെ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റിൽ (നീറ്റ്) 720 ൽ 705 മാർക്ക് കരസ്ഥമാക്കിയാണ് ഈഷാൻ അഖിലേന്ത്യാതലത്തിൽ റാങ്ക് (AIR) 34 നേടിയത്.
ഈഷാൻ ഇപ്പോൾ ഒന്നാം വർഷം പഠിക്കുകയാണ്. മഹാമാരി കാരണം, ആ വർഷത്തെ നീറ്റ് യുജി ഫലങ്ങൾ സെപ്റ്റംബറിലാണ് വന്നത്. അവരുടെ പഠനം നവംബറിൽ ആരംഭിച്ചു. ഒക്ടോബറോടെ പഠനം രണ്ടാം വർഷത്തിലേക്ക് കടക്കും. നീറ്റ് തയ്യാറെടുപ്പിനെ കുറിച്ച് അദ്ദേഹം indianexpress.com-നോട് പറയുന്നു.
നീറ്റ് ലക്ഷ്യമാക്കിയുള്ള പഠനം എങ്ങനെയായിരുന്നു ?
ഞാൻ ഒരു കോച്ചിങ് ക്ലാസുകളിലും ചേർന്നില്ല, പകരം സ്വയം പഠിക്കുകയായിരുന്നു. ഞാൻ ചില കോച്ചിങ്ങിന്റെ മൊഡ്യൂളുകൾ ഓർഡർ ചെയ്ത് വരുത്തി, അവ വീട്ടിൽ വച്ച് പരിശീലിക്കുകയും ചെയ്തു. എനിക്ക് എന്തെങ്കിലും സംശയമുണ്ടെങ്കിൽ, ഞാൻ അവ ഓൺലൈനിൽ തിരക്കി സംശയനിവാരണം നടത്തും.
നീറ്റ് പരീക്ഷയ്ക്ക് തൊട്ടുമുമ്പുള്ള മാസം, ഞാൻ സ്വയം ധാരാളം മാതൃകാ പരീക്ഷകകൾ (മോക്ക് ടെസ്റ്റുകൾ) ചെയ്തു, അങ്ങനെയെഴുതിയ മാതൃകാ പരീക്ഷകൾക്ക് ഉത്തരമെഴുതി കഴിഞ്ഞാൽ, അതിൽ ഞാൻ എന്ത് തെറ്റുകൾ വരുത്തി എന്ന് വിശകലനം ചെയ്യുകയും പിന്നീട് അതിനെ അവലംബിച്ച് പഠിക്കുകയും ചെയ്യും.
പഠനത്തിനായുള്ള ഷെഡ്യൂൾ എങ്ങനെയായിരുന്നു?
എനിക്ക് കർശനമായ ഒരു ഷെഡ്യൂൾ ഇല്ലായിരുന്നു. കോവിഡ് കാലത്ത്, എനിക്ക് കഴിയുന്നിടത്തോളം ഞാൻ പഠിക്കും. ചില ദിവസങ്ങളിൽ, ഞാൻ ആറ് മുതൽ എട്ട് മണിക്കൂർ വരെ പഠിക്കും, ചിലപ്പോൾ ഞാൻ ഒരു നീണ്ട ഇടവേള എടുക്കും.
പിന്നീട് സ്‌കൂളിൽ പോയി തുടങ്ങിയപ്പോൾ ക്ലാസ്സിൽ പോയി വന്നശേഷമാക്കി എന്റെ എൻട്രസ് പഠനം. സമയബന്ധിതമായ ചെറിയ ലക്ഷ്യങ്ങൾ ഞാൻ എനിക്കായി നിശ്ചയിച്ചു. വീട്ടിൽ, എനിക്ക് ഒരു വൈറ്റ് ബോർഡ് ഉണ്ട്, അവിടെ ഞാൻ എന്റെ പഠന പുരോഗതി രേഖപ്പെടുത്തി, അത് ട്രാക്ക് ചെയ്യും, എന്റെ ലക്ഷ്യങ്ങൾ, ഞാൻ നൽകിയ ടെസ്റ്റുകൾ എന്നിങ്ങനെയുള്ള കാര്യങ്ങൾ പട്ടികപ്പെടുത്തും.