കോഴിക്കോട്∙ വിദഗ്ധ സമിതിയുടെ നിർദേശമനുസരിച്ച്, കോഴിക്കോട് ജില്ലയിൽ നിപ്പ ജാഗ്രത പൂർണമായും പിൻവലിക്കാനായിട്ടില്ലെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപഴ്സനും ജില്ലാ കലക്ടറുമായ എ.ഗീത. ഈ സാഹചര്യത്തിൽ ഒക്ടോബർ ഒന്നു വരെ അത്യാവശ്യമല്ലാത്ത എല്ലാ പൊതുപരിപാടികളും മാറ്റിവയ്ക്കേണ്ടതാണെന്ന് കലക്ടർ ഉത്തരവിട്ടു. സാമൂഹിക അകലം പാലിക്കണമെന്നും മാസ്‌ക്, സാനിറ്റൈസർ എന്നിവ നിർബന്ധമായും ഉപയോഗിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
അതേസമയം, കോഴിക്കോട് നിപ്പ പ്രതിരോധത്തിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങള്‍ സംബന്ധിച്ച് വിദഗ്ധ സമിതി സെപ്റ്റംബർ 26 ചൊവ്വാഴ്ച യോഗം ചേര്‍ന്ന് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഐസലേഷനില്‍ കഴിയുന്നവര്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശമനുസരിച്ച് 21 ദിവസം ഐസലേഷനില്‍ തുടരണം. ഐസലേഷനില്‍ ഉള്ളവരുമായി തുടര്‍ച്ചയായി ആശയവിനിമയം നടത്തണമെന്ന് മന്ത്രി നിര്‍ദേശം നല്‍കി. ജില്ലയിലെ എല്ലാ മെഡിക്കല്‍ ഓഫിസര്‍മാരുടെയും യോഗം ആരോഗ്യ വകുപ്പ് വിളിച്ചുചേര്‍ത്തിരുന്നു.
ഒരു നിപ്പ പരിശോധനാഫലം കൂടി നെഗറ്റീവായി. തിങ്കളാഴ്ച പുതിയ പോസിറ്റീവ് കേസുകള്‍ ഇല്ല. നിലവില്‍ ചികിത്സയിലുള്ള എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമായി തുടരുന്നു. ആകെ 378 ആളുകളുടെ സാംപിളുകളാണ് പരിശോധിച്ചത്.
അതിനിടെ, നിപ്പ രോഗബാധ ആദ്യം പൊട്ടിപ്പുറപ്പെട്ടതെന്നു സ്ഥിരീകരിച്ച കുറ്റ്യാടി കള്ളാട്ടെ പരിസര പ്രദേശങ്ങളിലും വടകര ആയഞ്ചേരിയിലും വിവിധ ജീവികളിൽനിന്നു ശേഖരിച്ച സാംപിളുകളിൽ നിപ്പ വൈറസ് സാന്നിധ്യമില്ല. 21ന് ഭോപ്പാൽ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസസിലേക്കയച്ച സാംപിളുകളാണ് നെഗറ്റീവായത്. പശുക്കളടക്കമുള്ള വിവിധ മൃഗങ്ങളിൽനിന്നു ശേഖരിച്ച 42 സാംപിളുകളാണ് പരിശോധനയക്ക് അയച്ചിരുന്നത്.