സൽമാൻ റുഷ്ദി, ഹരുകി മുറകാമി, മാർഗരറ്റ് ആറ്റ്വുഡ്
സാൻ ഷ്വേ(cac xue) ഹരുകി മുറാകാമി, മാർഗരറ്റ് അറ്റ്വുഡ്, സൽമാൻ റുഷ്ദി- 2023 ലെ സാഹിത്യത്തിനുള്ള നൊബേൽ ആർക്കായിരിക്കുമെന്ന ചർച്ചയിൽ പ്രധാനമായും ഉയർന്നുവരുന്ന പേരുകൾ ഇവയൊക്കെയാണ്.
ചൈനയിലെ വിഖ്യാത എഴുത്തുകാരിയായ സാൻ ഷ്വേ എഴുത്തുലോകത്തെ തന്റെ ആഖ്യാനചടുലതകൊണ്ട് വിസ്മയിപ്പിച്ച എഴുത്തുകാരിയാണ്. നൊബേൽ പ്രഖ്യാപിക്കാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കേ സാഹിത്യത്തിലെ പരമോന്നതശ്രേഷ്ഠപുരസ്കാരം ആരുടെ കൈകളിലേക്ക് എന്ന ചർച്ചകൾ അവസാനിക്കുന്നില്ല.
എഴുപതുകാരിയായ ഡങ് ഷ്വേഹ്വ എന്ന സാൻ ഷ്വേ മുമ്പ് ബുക്കർ സമ്മാനപ്പട്ടികയുടെ സാധ്യതാലിസ്റ്റിൽ ഇടം നേടിയിരുന്നു. അവരുടെ ലവ് ഇൻ ന്യൂ മില്ലേനിയം എന്ന നോവൽ ലോകശ്രദ്ധയാകർഷിക്കുകയും ധാരാളം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുമുണ്ട്. ഷ്വേയുടെ ഐ ലിവ് ഇൻ സ്ലംസ് എന്ന കഥാസാമാഹാരവും ഏറെ ചർച്ചചെയ്യപ്പെട്ടതാണ്. സാഹിത്യമേഖലയിൽ ഏറ്റവും മികവുറ്റ സംഭാവനകൾ നല്കിയ ആൾക്കായിരിക്കണം നൊബേൽ സാഹിത്യ സമ്മാനം നൽകേണ്ടതെന്ന 1895-ലെ ആൾഫ്രഡ് നൊബേലിന്റെ വിൽപ്പത്രത്തെ അക്ഷരംപ്രതി അനുസരിക്കുന്ന സ്വീഡിഷ് അക്കാദമി ഇത്തവണ പുരസ്കാരത്തുക പതിനൊന്ന് മില്യൺ സ്വീഡിഷ് ക്രോനർ ആക്കി ഉയർത്തിയിരിക്കുകയാണ് (ഇന്ത്യൻ രൂപ 8,31,90,592.20). സാഹിത്യത്തിൽ ലോകത്ത് ലഭിക്കാവുന്ന ഏറ്റവും ധനമൂല്യമുള്ള പുരസ്കാരമായി നൊബേൽ സമ്മാനം സ്ഥാപിച്ച കാലം മുതൽക്കേ കണക്കാക്കപ്പെട്ടുവരുന്നു.
ചൈനയ്ക്കു പിറകേ തന്ന ജപ്പാനും ലോകസാഹിത്യത്തിൽ ചർച്ചയാവുന്നത് ഹരുകി മുറാകാമിയുടെ നൊബേൽ സാധ്യതയെക്കുറിച്ചുള്ള ചർച്ചകളിലൂടെയാണ്. നോർവീജിയൻ വുഡ്, 1Q84, കാഫ്ക ഓൺ ദ ഷോർ, ദ വിന്റ് അപ് ബേഡ് ക്രോണിക്കിൾ, മെൻ വിതൗട്ട് വിമൻ, കില്ലിങ് കമന്റേറ്റർ, എ വൈൽഡ് ഷീപ്പ് ചേസ്, തുടങ്ങി മുറാകാമി പടച്ചുവിട്ട ആഖ്യായികകൾ ലോകസാഹിത്യത്തിൽ സൃഷ്ടിച്ച അലയടികൾ ചെറുതല്ല. 2013-ലെ നൊബേൽ സാധ്യതാപട്ടികയിൽ ഏറ്റവും കൂടുതൽ ആവർത്തിക്കപ്പെട്ട പേരായിരുന്നു മുറാകാമിയുടേത്. അന്ന് പക്ഷേ ആലീസ് മൺറോയായിരുന്നു നൊബേൽ ജേതാവായി തിരഞ്ഞെടുക്കപ്പെട്ടത്.
ഓസ്ട്രേലിയൻ എഴുത്തുകാരനായ ജെറാൾഡ് മർനെയ്ൻ സാഹിത്യനിരൂപർ അനൗദ്യോഗികമായി പ്രഖ്യാപിച്ച നൊബേൽ സാധ്യതാലിസ്റ്റിൽ ഇടം നേടിയിട്ടുണ്ട്. ദ പ്ലെയ്ൻസ് ഇൻലാന്റ് എന്ന വിഖ്യാതകൃതിയുടെ സ്രഷ്ടാവാണ് എൺപത്തിനാലുകാരനായ ജെറാൾഡ്.
ഹംഗേറിയൻ നോവലിസ്റ്റും തിരക്കഥാകൃത്തുമായ ലാസ്ലോ ക്രാസ്നഹർകോയ് 2015-ൽ ബുക്കൽ സമ്മാനം നേടിയിട്ടുണ്ട്. ദ മെലങ്കൊലി ഓഫ് റെസിസ്റ്റൻസ് എന്ന വിഖ്യാതകൃതിയിലൂടെ മോസ്റ്റ് ഡിമാന്റിങ് ഓതർ പട്ടികയിൽ ഇടം നേടിയ എഴുത്തുകാരനാണ് ലാസ്ലോ.
കനേഡയിൻ കവിയും നോവലിസ്റ്റും നിരൂപകയും അധ്യാപികയും പരിസ്ഥിതി-സാമൂഹികപ്രവർത്തകയുമായ മാർഗരറ്റ് ആറ്റ്വുഡ്ഡിലേക്ക് ഇത്തവണത്തെ നൊബേൽ എത്തിച്ചേരുമെന്ന് പ്രവചിക്കുന്നവർ വളരെയേറെയുണ്ട്. എൺപത്തിമൂന്നുകാരിയായ ആറ്റ്വുഡ് വളരെ ചെറുപ്പത്തിൽത്തന്നെ ലോകശ്രദ്ധ പിടിച്ചുപറ്റിയ എഴുത്തുകാരിയാണ്. വിശ്വസാഹിത്യത്തിലെ മുതിർന്ന മുഖങ്ങളിൽ ഏറ്റവും ആദരണീയയാണ് മാർഗരറ്റ ആറ്റ്വുഡ്. നിലപാടുകളും നിരൂപണങ്ങളും സാഹിത്യ സിദ്ധാന്തങ്ങളും കൊണ്ട് നിരന്തരം സമൂഹവുമായി സംവദിക്കുന്ന എഴുത്തുകാരിയാണ് ആറ്റ്വുഡ്.
നോവലിസ്റ്റും ചെറുകഥാകൃത്തുമായ ലിഡ്മില യുലിറ്റ്സ്കായ ആധുനിക റഷ്യൻ സാഹിത്യത്തിലെ ശക്തമായ സാന്നിധ്യമാണ്. ഡാനിയേൽ സ്റ്റീൻ, ഇന്റർപ്രെറ്റർ തുടങ്ങിയ നോവലുകളിലൂടെ ജൂഡെയ്സം,ക്രിസ്റ്റിയാനിറ്റി, ഇസ്ലാം തുടങ്ങിയ മതങ്ങളെ എഴുത്തുകാരി വീക്ഷിച്ച കാഴ്ചപ്പാടുകൾ ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. മതവും വർഗീയാസിഷ്ണുതയും തന്റെ രചനകളിലെ മുഖ്യ ടൂളായി ഉപയോഗിച്ച എഴുത്തുകാരി കൂടിയാണ് ലിഡ്മില.
റൊമാനിയൻ കവിയും നോവലിസ്റ്റും സാഹിത്യവിമർശകനുമായ മിർച്ച കർത്തെരേസ്കുവിനെയും ഇത്തവണ നൊബേൽ സാധ്യതയിൽ സാഹിത്യനിരീക്ഷകർ ഉൾപ്പെടുത്തിയിട്ടുണ്ട്. അറുപത്തിയേഴുകാരനായ മിർച്ച ഫരൂരി, വിട്രിൻ, ഫോട്ടോഗ്രഫി തുടങ്ങിയ കൃതികളുടെ രചയിതാവാണ്. ഉത്തരാധുനിക ഇതിഹാസകവിതയായി കണക്കാക്കപ്പെടുന്ന ദ ലാവെന്റ് ആണ് മിർച്ചയെ ലോകോത്തര എഴുത്തുകാരുടെ നിരയിലേക്കുയർത്തിയത്.
സ്മോൾ ലിവ്സ് എന്ന നോവൽ കണക്കാക്കപ്പെടുന്നത് സമകാലിക ഫ്രഞ്ച് സാഹിത്യത്തിലെ മാസ്റ്റർപീസായിട്ടാണ്. സ്മോൾ ലൈവ്സിനു പിന്നാലെ വന്ന ദ ഒറിജിൻ ഓഫ് ദ വേൾഡ് ഫ്രഞ്ച് സാഹിത്യത്തെ ഒന്നുകൂടി ഉയർത്തി. അനവധി ഭാഷകളിലേക്ക് ദിവസങ്ങൾക്കകം വിവർത്തനം ചെയ്യപ്പെട്ട കൃതികൂടിയായിരുന്നു ദ ഒറിജിൻ ഓഫ് ദ വേൾഡ്. ഫ്രഞ്ച് സാഹിത്യത്തിലെ ആധുനികനായ പിയറി മിഷോണായുടെ രചനകൾ. മിഷോണോ ആയിരിക്കും ഇത്തവണത്തെ നോബേൽ ജേതാവെന്ന് പ്രവചിക്കുന്നവരും കുറവല്ല.
സൽമാൻ റുഷ്ദി ഇത്തവണ നൊബേൽ സമ്മാനം നേടുകയാണെങ്കിൽ അത് വർഗീയതയ്ക്കും ജാതീയതയ്ക്കുമെതിരെയുള്ള റുഷ്ദിയുടെ മറുപടിയായിരിക്കും. കഴിഞ്ഞ തവണ നൊബേൽ പ്രഖ്യാപിക്കുന്ന വേളയിൽ അദ്ദേഹത്തിന് കുത്തേറ്റത്. വധശ്രമത്തെ അതിജീവിച്ചെങ്കിലും പകരം നൽകിയത് വലത്തേ കണ്ണായിരുന്നു. ഒരു പക്ഷേ എറ്റവും കൂടുതൽ വധശ്രമവും വധഭീഷണിയും നേരിടുന്ന എഴുത്തുകാരൻ. സാറ്റാനിക് വേഴ്സസ്, മിഡ്നൈറ്റ് ചിൽഡ്രൻ തുടങ്ങിയ നോവലുകളിലൂടെ യഥാർഥ ഇന്ത്യയെ ചിത്രീകരിക്കാൻ ശ്രമിച്ച എഴുത്തുകാരൻ. ആവിഷ്കാര സ്വാതന്ത്ര്യം തേടി അമേരിക്കയിൽ കുടിയേറി. ഇന്തോ- ബ്രിട്ടീഷ്- അമേരിക്കൻ എഴുത്തുകാരൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന റുഷ്ദി നൊബേൽ നേടുകയാണെങ്കിൽ രബീന്ദ്രനാഥ ടഗോറിനുശേഷം ഇന്ത്യ ഒരിക്കൽകൂടി തന്റെ സാഹിത്യഭൂമികയെച്ചൊല്ലി അഭിമാനിക്കും.
1901 മുതലാണ് സാഹിത്യത്തിനുള്ള നൊബേൽ ഏർപ്പെടുത്തിയത്. ഇതുവരെ 115 എഴുത്തുകാരാണ് നൊബേൽ സമ്മാനിതരായിട്ടുള്ളത്. ഫ്രഞ്ച് എഴുത്തുകാരിയായ ആനി എർണ്യൂ ആണ് കഴിഞ്ഞ തവണ സാഹിത്യ നൊബേൽ നേടിയത്.