റൂമറ്റോയ്ഡ് ആർത്രൈറ്റിസുമായുള്ള തന്റെ പോരാട്ടത്തെക്കുറിച്ച് മനസ്സു തുറന്നു ജനപ്രിയ തമിഴ് ടിവി അവതാരകയും അഭിനേത്രിയുമായ ഡിഡി എന്ന ദിവ്യദർശിനി നീലകണ്ഠൻ.
കഴിഞ്ഞ ഏതാനും വർഷങ്ങളായി കാലിനു വന്ന വയ്യായ്ക, ഒടുവിൽ റൂമറ്റോയ്ഡ് ആർത്രൈറ്റിസ് എന്ന ഓട്ടോ ഇമ്മ്യൂൺ കണ്ടിഷനിലേക്ക് എത്തി. ശരീരത്തിലെ വലിയ സന്ധികളെ എല്ലാം അത് ബാധിച്ചു. വിജയ് ടിവിയിൽ ‘കോഫീ വിത്ത് ഡിഡി’ ഉൾപ്പടെയുള്ള ജനപ്രിയ പരിപാടികളുടെ അവതാരകയായിരുന്ന ദിവ്യദർശിനി, അവരുടെ തന്നെ ഭാഷയിൽ പറഞ്ഞാൽ ‘രണ്ടു കാലിൽ നിന്നും ഒന്നരക്കളിലേക്കായി.’ തന്നെ ബാധിച്ച രോഗത്തെക്കുറിച്ചും ജീവിതകാലം മുഴുവൻ നേരിടേണ്ട വേദനാജനകമായ അവസ്ഥയെക്കുറിച്ചും താൻ അതിനെ എങ്ങനെ മറികടക്കുന്നു എന്നതിനെക്കുറിച്ചും അടുത്തിടെ ഒരു അഭിമുഖത്തിൽ അവർ മനസ്സ് തുറന്നു.
‘എനിക്ക് വന്നിരിക്കുന്നത്… മുൻപ് തന്നെ കാൽമുട്ടിൽ ഒരു പ്രോബ്ലം ഉണ്ടായിരുന്നു. ഒരു സർജറി ചെയ്തു, അത് തെറ്റിപ്പോയി. അത് കറക്ട് ചെയ്യാൻ മറ്റൊരു സർജറി ചെയ്യേണ്ടി വന്നു. കറക്റ്റിവ് സർജറിയുടെ മൂന്നാം ഭാഗമായി വേറെ ഒരു സർജറി ചെയ്യേണ്ടി വന്നു. അതൊക്കെ ചെയ്തു തീർകുമ്പോഴേക്കും എനിക്കൊരു ഓട്ടോ-ഇമ്മ്യൂൺ കണ്ടീഷൻ വന്നു. എനിക്ക് വന്ന ഓട്ടോ-ഇമ്മ്യൂൺ കണ്ടീഷൻ ആർത്രൈറ്റിസ് ആണ്. റൂമറ്റോയിഡ് ആർത്രൈറ്റിസ്. വലിയ ജോയിന്റ്‌സിൽ എല്ലാം. ഓട്ടോ-ഇമ്മ്യൂൺ കണ്ടീഷൻ എന്നത് നിങ്ങൾക്ക് എന്ത് കൊണ്ട് വരുന്നു എങ്ങനെ വരുന്നു ഇതൊന്നും നമുക്ക് മനസ്സിലാവുകയില്ല. ഇറ്റ് വിൽ ജസ്റ്റ് കം റ്റു യു. ഓട്ടോ-ഇമ്മ്യൂൺ കണ്ടീഷൻ വന്ന ഒരാളുടെ ജീവിതം 360 ഡിഗ്രി മാറ്റിക്കളയും ആ അസുഖം. ആദ്യത്തെ കുറെ വർഷങ്ങൾ എന്ത് കൊണ്ട് ഇത് വന്നു, ഇത് എനിക്ക് എന്ത് കൊണ്ട് വന്നു എന്നൊക്കെ അന്വേഷിച്ചു നടക്കും നിങ്ങൾ… എന്ത് ചെയ്‌താൽ ശരിയാകും, അങ്ങനെ ശരിയാക്കാൻ പറ്റാത്തതായി ഒരു അസുഖമുണ്ടോ? ഇപ്പോൾ ശാസ്ത്രവും മെഡിസിനും ഒക്കെ ഏറെ പുരോഗമിച്ചല്ലോ, പിന്നെ എന്താണ് എന്നൊക്കെ തോന്നും. അത് ചെയ്തു, ഇത് ചെയ്തു അങ്ങനെ നമ്മൾ അത് മാറ്റാൻ പരിശ്രമിച്ചു കൊണ്ടേയിരിക്കും, എന്നാൽ അത് മാറില്ല.
പിന്നെ ഒരു സമയം വരും, അത് നമ്മൾ അക്സെപ്റ്റ് ചെയ്യുന്ന ഒരു സമയം. ഇതിനും മേലെ നമുക്ക് എന്ത് ചെയ്യാൻ പറ്റും. ഞാൻ വിശ്വസിച്ച ഒരാൾ… നിനക്ക് ഇങ്ങനെ ആയല്ലോ, നിന്നെ കൊണ്ട് എനിക്ക് ഒരു കാര്യവുമില്ല എന്ന് പറയും.
അപ്പൊ അത്ര വർഷം നമ്മൾ ഇടപെട്ടത് എന്താവും? ജോലിയാവട്ടെ, അത് ശരിയായി ചെയ്യാൻ പറ്റിയില്ലെങ്കിൽ നമുക്കൊരു ബിറ്റർ ഫീലിംഗ് വരും. ആ ബിറ്റർ ഫീലിംഗ് വരാതെ, എതിരെ ഇരിക്കുന്നവരെ ‘വില്ലിഫൈ’ ചെയ്യാതെ, കണ്ടോ എന്റെ കാലു ശരിയായില്ല എന്ന് പറഞ്ഞു എന്നെ വിട്ടിട്ടു പോയല്ലോ… എന്നൊക്കെ പറയാതെ…
വിജയ് ടിവിയുടെ കാര്യം തന്നെ എടുത്താൽ, അവിടെ എനിക്ക് ഷോ ചെയ്യാൻ പറ്റിയില്ല. കാര്യം നിൽക്കാതെ ഒരു ഷോ ഇല്ലല്ലോ എന്ന് പറഞ്ഞാൽ എന്ത് ചെയ്യും? അപ്പോൾ അവരുടെ വശവും നമ്മൾ മനസ്സിലാക്കി, നമ്മുടെ മൈൻഡ് അതിനോടൊപ്പം ഷിഫ്റ്റ് ചെയ്ത്, ഇനി എന്ത് ചെയ്യാൻ പറ്റും? പ്രശ്നത്തിന്റെ പുറത്ത് നമുക്കൊരു കോട്ട കെട്ടാൻ പറ്റുമോ… ഇത്രയും നാൾ രണ്ടു കാലിൽ നിന്ന് കെട്ടിയത് ഇനി ഒന്നര കാലു കൊണ്ട് ചെയ്യണം. ആ ഒരു മൈനസിനെ, മൈനസ് എന്ന് പറയില്ല, ആ ഒരു വെല്ലുവിളി നിറഞ്ഞ സ്‌പേസിനെ എന്ത് വച്ചിട്ടാണ് നമ്മൾ നിറയ്ക്കാൻ പോകുന്നത്, ബിറ്റർ ആകാതെ, കാരണം ഈ അനുഭവങ്ങൾ നിങ്ങളെ ഒരു കയ്പുള്ള ആളാക്കി മാറ്റും.
2013 ലാണ് ആദ്യമായി കാലു വേദന വന്നത്. ഇപ്പോൾ പത്ത് വർഷമായി. ഈ പത്ത് വർഷങ്ങളിൽ പത്ത് ദിവസം പോലും വേദനയില്ലാതെ ഞാൻ ഉറങ്ങിയിട്ടില്ല എന്ന് പറഞ്ഞാൽ അത് അധികമാവില്ല. അത്ര വേദനയാണ്, എന്നും വേദനയാണ്. എന്ത് കൊണ്ടാണ് ഈ വേദന, ആർക്കും അറിയില്ല. ഇത് കഴിച്ചാൽ മാറുമോ, അത് കഴിച്ചാൽ മാറുമോ? എന്ത് നിർത്തിയാൽ പോകും? പക്ഷേ വേദന തുടർന്ന് കൊണ്ടേയിരിക്കും.