ന്യൂഡല്‍ഹി: അര്‍ബന്‍ എക്സ്റ്റന്‍ഷന്‍ റോഡ്2 (UER2) എക്‌സ്പ്രസ്‌വേ ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി. ഇതോടെ ഹരിയാന-ഡല്‍ഹി ബോര്‍ഡര്‍ വഴി ഇന്ദിരാ ഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്താന്‍ ഇനി 20 മിനിറ്റ് മാത്രം മതി. ഡല്‍ഹിഹരിയാന അതിര്‍ത്തിയിലെ കുണ്ഡ്‌ലിയില്‍ നിന്ന് ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ 3ലേക്കുള്ള യാത്രാ സമയം രണ്ട് മണിക്കൂറില്‍ നിന്ന് 20 മിനിറ്റായി കുറയും.
വരുന്ന രണ്ട് മാസത്തിനുള്ളില്‍ എക്‌സ്പ്രസ്‌വേ തുറന്ന് നല്‍കുമെന്നാണ് വിവരം. രാജ്യത്തെ ആദ്യത്തെ എലിവേറ്റഡ് അര്‍ബന്‍ എക്‌സ്പ്രസ്‌വേയാകും ഇത്. ഡല്‍ഹിക്കും ഗുരുഗ്രാമിനും ഇടയിലുള്ള 9000 കോടി രൂപ ചെലവിലാകും പദ്ധതി യാഥാര്‍ത്ഥ്യമാക്കുക. 29 കിലോമീറ്റര്‍ നീളമുള്ള പാത എട്ട് ലെയ്ന്‍ ആക്‌സസ് കണ്‍ട്രോള്‍ എക്‌സ്പ്രസ്‌വേയാണ്. ടണല്‍, അണ്ടര്‍പാസ്, ഗ്രേഡ് റോഡ്, എലിവേറ്റഡ് റോഡ്, മേല്‍പ്പാലത്തിന് മുകളിലൂടെ ഒരു മേല്‍പ്പാലം എന്നിങ്ങനെ നാല് തലത്തിലാണ് ഈ എക്‌സ്പ്രസ്‌വേ യാഥാര്‍ത്ഥ്യമാക്കുക.
ഹരിയാനയിലെ ഹര്‍സരുവിനടുത്തുള്ള പട്ടൗഡി റോഡിനെയും ബസായിക്ക് സമീപമുള്ള ഫറൂഖ് നഗറിനെയും ഈ എക്‌സ്പ്രസ്‌വേ വിഭജിക്കും. ഡല്‍ഹിറെവാരി റെയില്‍വേ ലൈനിലൂടെയും പുതിയ എക്‌സ്പ്രസ്‌വേ കടന്നുപോകും. ഗുരുഗ്രാമിലെ ഗ്ലോബല്‍ സിറ്റിയുമായി എക്‌സ്പ്രസ്‌വേ ബന്ധിപ്പിക്കും. ദ്വാരക എക്‌സ്പ്രസ്‌വേയില്‍ യാത്ര ചെയ്യുന്ന ആളുകള്‍ക്ക് ദ്വാരകയില്‍ നിന്ന് വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യാന്‍ വളരെ കുറച്ച് സമയം മാത്രം മതിയാകും.