ചന്ദ്രനരികെ, ഇനിയിറങ്ങാം… ലാന്‍ഡര്‍ ഇന്നു വേര്‍പെടും, ഈ മാസം 23ന് ലാൻഡിങ്
ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്യുന്ന നാലാമത്തെ രാജ്യമാകും ഭാരതം
ബെംഗളൂരു: ചന്ദ്രയാന്‍ 3ന്റെ അഞ്ചാമത്തെയും അവസാനത്തെയുമായ ഭ്രമണപഥം താഴ്‌ത്തല്‍ വിജയകരം. ഇന്നലെ രാവിലെ എട്ടരയോടെ നിര്‍ണായക ചുവടുവയ്പുമായി പേടകം ഒരുവശത്ത് 153 കിലോമീറ്ററും മറുവശത്ത് 163 കിലോമീറ്ററുമുള്ള ഭ്രമണപഥത്തിലെത്തി. ഇന്ന് ചന്ദ്രയാന്‍ 3ലെ പ്രൊപ്പല്‍ഷന്‍ മൊഡ്യൂളും വിക്രം ലാന്‍ഡറും വേര്‍പെടും. തുടര്‍ന്ന് ലാന്‍ഡര്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലിറങ്ങാന്‍ ശ്രമിക്കും.
വേര്‍പെട്ട ശേഷം പ്രജ്ഞാന്‍ റോവര്‍ അടക്കമുള്ള ലാന്‍ഡര്‍ ചന്ദ്രനിലേക്കു സഞ്ചരിച്ച് 100 കി.മീ. അടുത്ത ഭ്രമണപഥത്തിലെത്തി, ഇറങ്ങേണ്ടിടം കണ്ടെത്തും, അവിടത്തെ പ്രത്യേകതകള്‍ മനസ്സിലാക്കും. ഈ പഥത്തിന്റെ ഒരുവശം ചന്ദ്രന്റെ 30 കി.മീ. അടുത്താണ്.
ദക്ഷിണ ധ്രുവത്തില്‍ നാലു കി.മീ. വീതിയും 2.4 കി.മീ. നീളവുമുള്ളയിടമാണ് ലാന്‍ഡിങ്ങിനു യോജിച്ചതായി മനസ്സിലാക്കിയിരിക്കുന്നത്. 30 കി.മീ. അടുത്ത ശേഷമാകും ലാന്‍ഡിങ്.
ലാന്‍ഡറിന്റെ വേഗം കുറച്ച് മണിക്കൂറില്‍ 10 കി.മീറ്ററാക്കും. പിന്നെ ലാന്‍ഡറിനെ നാലു കാലും അടിയിലാകുന്ന രീതിയില്‍ കുത്തനെയാക്കണം. ഈ മാസം 23ന് വൈകിട്ടാണ് ലാന്‍ഡിങ്. താഴ്ന്നുവന്ന് വിക്രം ചന്ദ്രോപരിതലത്തില്‍ കാലുകുത്തും. ഇതോടെ ചരിത്രം പിറക്കും, ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്യുന്ന നാലാമത്തെ രാജ്യമാകും ഭാരതം. ദക്ഷിണ ധ്രുവത്തിലിറങ്ങുന്ന ആദ്യ രാജ്യവും.