ഭൂമിയുടെ ചരിത്രം പരിശോധിച്ചാൽ ഒട്ടേറെ ജീവികൾ വംശനാശം സംഭവിച്ച് മൺമറഞ്ഞുപോയിട്ടുണ്ടെന്നു കാണാം. ഈ ജീവികളിൽ പലതിനെയും തിരികെ കൊണ്ടുവരാൻ ഉന്നമിട്ട് നടത്തുന്ന ഗവേഷണമാണ് ഡീ എക്സ്റ്റിങ്ഷൻ.
ചരിത്രാതീതകാലത്ത് മൺമറഞ്ഞു പോയ വമ്പൻ ജീവികളാണ് മാമ്മോത്തുകൾ. 13 അടി വരെ പൊക്കവും 8000 കിലോ ഭാരവും വലിയ കൊമ്പുകളും തുമ്പിക്കൈകകളുമുള്ള ഇവ ആനകളുടെ കുടുംബത്തിൽ പെട്ടവയുമാണ്. ഇരുപത്തിയഞ്ച് വർഷം മുൻപ് തുടങ്ങി 11,000 വർഷം മുൻപ് അവസാനിച്ച പ്ലീസ്റ്റോസീൻ കാലഘട്ടത്തിലെ പ്രബലജീവികളായ ഇവ ഓസ്‌ട്രേലിയയും തെക്കേ അമേരിക്കയും ഒഴിച്ച് എല്ലാ ഭൂഖണ്ഡങ്ങളിലും ഉണ്ടായിരുന്നു. എന്നാൽ സൈബീരിയയിലും മറ്റ് ഉത്തരധ്രുവ-സമീപ മേഖലകകളിലുമുണ്ടായിരുന്നു വൂളി മാമ്മോത്തുകളാണ് ഈ വൻജീവികളിൽ ഏറെ പ്രശസ്തം. ഒട്ടേറെ നോവലുകളിലും ഐസ് ഏജ് പരമ്പര ഉൾപ്പെടെയുള്ള ചലച്ചിത്രങ്ങളിലും മാമ്മോത്തുകൾ കഥാപാത്രങ്ങളായി.
മാമ്മോത്തുകൾ പിൽക്കാലത്ത് വംശനാശം വന്ന് ഭൂമിയിൽ നിന്നു തുടച്ചുനീക്കപ്പെടുകയായിരുന്നു. ഇവയുടെ വംശനാശത്തിന് ഭക്ഷണദൗർലഭ്യം, കാലാവസ്ഥാ വ്യതിയാനം, മനുഷ്യരുടെ അമിതമായ വേട്ടയാടൽ തുടങ്ങി പല കാരണങ്ങൾ പറയപ്പെടുന്നു. റഷ്യയിൽ ആർട്ടിക് സമുദ്രവുമായി തീരം പങ്കിടുന്ന വ്രാൻഗൽ ദ്വീപിലായിരുന്നു ലോകത്തിലെ അവസാനത്തെ മാമ്മോത്തുകൾ ഉണ്ടായിരുന്നത്.
4000 വർഷങ്ങൾക്കു മുൻപ് ഇവയും ചത്തൊടുങ്ങിയതോടെ ഭൂമിയിലെ മാമ്മോത്ത് യുഗത്തിന് അന്ത്യമായി. മാമ്മോത്തുകളെ ഭൂമിയിലേക്കു തിരികെയെത്തിക്കാനുള്ള ഗവേഷണം സജീവമാണ്.കൊളോസൽ എന്ന പേരിലുള്ള സ്റ്റാർട്ടപ്പാണ് ഇതിനു പണം മുടക്കുന്നത്. ഒന്നരക്കോടി യുഎസ് ഡോളർ ചെലവഴിച്ചാണു ഗവേഷണം. പഴയകാല വൂളി മാമ്മോത്തുകളെ അതുപോലെ തിരികെയെത്തിക്കാനല്ല ഇവരുടെ ശ്രമം. മറിച്ച് വൂളി മാമ്മോത്തും ഏഷ്യൻ ആനകളുമായുള്ള സങ്കരയിനം ജീവികളെ ഭൂമിയിൽ പുനസൃഷ്ടിക്കുകയാണ് ലക്ഷ്യം. ഏഷ്യൻ ആനകൾക്കും മാമ്മോത്തുകൾക്കും ഒരേ മുൻഗാമിയാണ് ഉണ്ടായിരുന്നത്.ആഫ്രിക്കൻ ആനകൾ ഇക്കൂട്ടത്തിൽ വരില്ല.
സൈബീരിയയിലെ ഉറഞ്ഞുകിടക്കുന്ന മഞ്ഞുപാളിയിൽ നിന്നും ഒരു മാമ്മോത്തിന്റെ നശിക്കാത്ത ശവം കണ്ടെത്തുകയും അതിന്റെ ജനിതകഘടന വേർതിരിച്ചെടുക്കുകയും ചെയ്തിരുന്നു. ഈ ജനിതകഘടനയിൽ ക്രിസ്പർ-കാസ് 9 ജീൻ എഡിറ്റിങ് വഴി മാറ്റങൾ വരുത്തി ഗവേഷണം പൂർത്തീകരിക്കാനാണു ശാസ്ത്രജ്ഞരുടെ ലക്ഷ്യം. ഈ ഗവേഷണത്തിനെതിരെ വൻ വിമർശനവും ഉയർന്നു തുടങ്ങിയിട്ടുണ്ട്. ഭൂമിയിൽ ഒട്ടേറെ ജീവികൾ വംശനാശഭീഷണി നേരിടുന്നുണ്ടെന്നും അവയെ രക്ഷിക്കാൻ ശ്രമിക്കാതെ ചരിത്രാതീത കാലത്തു മൺമറഞ്ഞ ഒരു ജീവിയെ തിരിച്ചുകൊണ്ടുവരാൻ ശ്രമിക്കുന്നത് അനാവശ്യമാണെന്നും ഇതിനെ പ്രതികൂലിക്കുന്നവർ വാദമുയർത്തുന്നു.
മാമ്മോത്തുകളെ മാത്രമല്ല. പണ്ടുകാലത്ത് മൗറീഷ്യസിലുണ്ടായിരുന്ന ഡോഡോ എന്ന പക്ഷികളെയും ഓസ്‌ട്രേലിയയിൽ വംശനാശം സംഭവിച്ച ടാസ്മാനിയൻ ടൈഗറുകളെയും തിരികെക്കൊണ്ടുവരാൻ കൊളോസലിനു പദ്ധതിയുണ്ട്. ഇതിനായുള്ള ഗവേഷണം പുരോഗമിക്കുകയാണ്.
സീബ്രയുടെ മുൻഗാമികളായിരുന്നു ക്വാഗ എന്ന ജീവികൾ. വംശനാശം സംഭവിച്ച ഇവയെയും തിരികെ കൊണ്ടുവരാൻ പതിറ്റാണ്ടുകളായി ഗവേഷണം ദക്ഷിണാഫ്രിക്കയിൽ നടക്കുന്നുണ്ട്. ക്വാഗ പ്രോജക്ട് എന്നാണ് ഈ ഗവേഷണത്തിനു പേര്.