അഖണ്ഡതയാണ് ഇന്ത്യയുടെ ആത്മാവ്. അമൂല്യനിധിപോലെ അതു സംരക്ഷിക്കുമെന്നത് എല്ലാ ഇന്ത്യക്കാരും സ്വയമെടുക്കുന്ന പ്രതിജ്ഞയുമാണ്. നമ്മുടെ അഖണ്ഡതയെ ചോദ്യം ചെയ്യുന്ന ഒരു നടപടിയും രാജ്യം നോക്കിനിൽക്കാറുമില്ല. ഇന്ത്യയുടെ എതിർപ്പ് മാനിക്കാതെ, ഖലിസ്ഥാൻ തീവ്രവാദത്തെ കാനഡ പ്രോത്സാഹിപ്പിച്ചുപോരുന്നത് അതുകൊണ്ടാണ് അങ്ങേയറ്റം അപലപനീയമായിത്തീരുന്നത്. ഇന്ത്യയുടെ നയതന്ത്രപ്രതിനിധിയെ കാനഡ പുറത്താക്കിയതിനു തിരിച്ചടിയായി കാനഡയുടെ നയതന്ത്രപ്രതിനിധിയെ ഇന്ത്യയും പുറത്താക്കിയതോടെ, ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പാടേ ഉലഞ്ഞിരിക്കുന്നു. തീവ്രവാദവുമായി ബന്ധപ്പെട്ട് കാനഡയുമായി മുൻപും ഇടയേണ്ടിവന്നിട്ടുണ്ടെങ്കിലും ആദ്യമാണു ശത്രുരാജ്യങ്ങൾ തമ്മിലെന്നപോലെ നയതന്ത്രജ്ഞരെ പുറത്താക്കുന്ന തലം വരെയെത്തുന്നത്.
ജി20 ഉച്ചകോടി സമാപിച്ച് അധികം വൈകാതെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാകുകയായിരുന്നു. ഖലിസ്ഥാൻ ടൈഗർ ഫോഴ്സിന്റെ (കെടിഎഫ്) കാനഡയിലെ തലവൻ ഹർദീപ് സിങ് നിജ്ജാർ ജൂണിൽ യുഎസ്– കാനഡ അതിർത്തിയിലെ സറെ നഗരത്തിൽ അജ്ഞാതരുടെ വെടിയേറ്റുമരിച്ചതാണ് ഇപ്പോഴത്തെ സാഹചര്യത്തിനു കാരണമായത്. നിജ്ജാർ കൊല്ലപ്പെട്ടതിൽ ഇന്ത്യയ്ക്കു ബന്ധമുണ്ടെന്നാരോപിച്ച് റിസർച് ആൻഡ് അനാലിസിസ് വിങ് (റോ) ഉന്നത ഉദ്യോഗസ്ഥൻ പവൻകുമാർ റായിയെ തിങ്കളാഴ്ച വൈകി കാനഡ പുറത്താക്കിയതോടെ കാര്യങ്ങൾ കുറെക്കൂടി ഗൗരവത്തിലെത്തി. കാനഡ പൗരനായ നിജ്ജാറിന്റെ മരണത്തിനു പിന്നിൽ ഇന്ത്യൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർക്കു പങ്കുണ്ടെന്ന ‘വിശ്വസനീയമായ ആരോപണം’ സുരക്ഷാ ഏജൻസികൾ അന്വേഷിച്ചുവരുന്നതായി പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ കനേഡിയൻ പാർലമെന്റിൽ വിശദീകരിച്ചതിനു പിന്നാലെയായിരുന്നു പുറത്താക്കൽ.
എന്നാൽ, കാനഡയുടെ ആരോപണം അസംബന്ധവും തെളിവില്ലാത്തതുമാണെന്ന് ഇന്ത്യ വ്യക്തമാക്കിക്കഴിഞ്ഞു. ഇതെച്ചൊല്ലിയുള്ള കാനഡയുടെ വാദങ്ങൾ പൂർണമായും തള്ളിയ ഇന്ത്യ, കാനഡ ഹൈക്കമ്മിഷണർ കാമറോൺ മക്കയോവെയെ വിദേശകാര്യ മന്ത്രാലയത്തിൽ വിളിച്ചുവരുത്തി പ്രതിഷേധം അറിയിക്കുകയും ചെയ്തു. തൊട്ടുപിന്നാലെയാണ്, കാനഡയുടെ ഇന്റലിജൻസ് സർവീസ് തലവൻ ഒലിവർ സിൽവസ്റ്ററിനെ പുറത്താക്കാനും നിർദേശമുണ്ടായത്. ഏതുതരം വിഘടനവാദവും പ്രോത്സാഹിപ്പിക്കുന്നത് ഇന്ത്യയ്ക്കു സ്വീകാര്യമല്ലെന്ന് ഏതാനും ആഴ്ചമുൻപു വിദേശകാര്യമന്ത്രി എസ്.ജയശങ്കർ വ്യക്തമാക്കിയതിന്റെ തുടർച്ചയായിവേണം ഇപ്പോഴത്തെ നമ്മുടെ പ്രതികരണങ്ങളെ കാണാൻ.
ഇന്ത്യാവിരുദ്ധ നീക്കം തടയുന്നതിലെ അലംഭാവം പ്രധാനമന്ത്രി നരേന്ദ്ര മോദി ശക്തമായ ഭാഷയിൽതന്നെ കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ശ്രദ്ധയിൽപെടുത്തുകയും ചെയ്തതാണ്. എന്നാൽ, ജി20 സമ്മേളനത്തിനിടെ മോദിയുമായുള്ള കൂടിക്കാഴ്ചയിൽ ആരോപണരീതിയിൽ നിജ്ജാർവധം എടുത്തിടുകയാണു ട്രൂഡോ െചയ്തത്. ഇതിനിടെ, സ്വതന്ത്ര വ്യാപാരക്കരാറുമായി ബന്ധപ്പെട്ട ചർച്ചകളിൽനിന്ന് കാനഡ ഏകപക്ഷീയമായി പിന്മാറുകയും ചെയ്തു. മങ്ങുന്ന തന്റെ രാഷ്ട്രീയപ്രതിഛായ മെച്ചപ്പെടുത്താൻ ട്രൂഡോ ശ്രമിക്കുകയാണെന്നാണ് ഇന്ത്യ വിലയിരുത്തുന്നത്.
ഖലിസ്ഥാൻ പ്രവർത്തനങ്ങളുടെ പ്രഭവകേന്ദ്രമായി കാനഡ മാറുന്നതും യുഎസ്, യുകെ, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ അതു ശക്തിപ്പെടുന്നതും ഇന്ത്യ ഗൗരവത്തോടെയാണു കാണുന്നത്. ഈ രാജ്യങ്ങളിൽ സിഖ് ജനസംഖ്യയിലെ വർധന അവസരമാക്കുകയാണു ഖലിസ്ഥാനികൾ. ഖലിസ്ഥാൻ വാദത്തെ പ്രോത്സാഹിപ്പിക്കില്ലെന്നു പറയുന്നുണ്ടെങ്കിലും കാനഡ സർക്കാർ കാര്യമായി ഇടപെടൽ നടത്തുന്നില്ലെന്ന പരാതി ശരിവയ്ക്കുന്നതാണ് പല സമീപകാല നടപടികളും.
അഭിപ്രായ സ്വാതന്ത്ര്യത്തിനു വിലകൽപിക്കുന്ന രാജ്യമാണു കാനഡയെന്ന് ട്രൂഡോ നേരത്തേ പ്രതികരിച്ചപ്പോൾ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ വിഷയമല്ല ഇതെന്നും അതിന്റെ മറവിൽ തീവ്രവാദവും വിഘടനവാദവും പ്രോത്സാഹിപ്പിക്കുന്നതിനെയാണ് വിമർശിക്കുന്നതെന്നുമാണ് ഇന്ത്യ പറഞ്ഞത്. ഖലിസ്ഥാൻ വാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടിൽനിന്ന് ആ രാജ്യം പിന്തിരിഞ്ഞേതീരൂ. അഖണ്ഡതയ്ക്കുവേണ്ടി നിലകൊള്ളുന്ന ഇന്ത്യക്കാരുടെയെല്ലാം ആവശ്യമാണത്.