ന്യൂയോർക്ക്: ഇന്ത്യക്ക് പുറത്ത് നിർമ്മിച്ച ലോകത്തിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം ഒക്ടോബർ എട്ടിന് യൂഎസിലെ ന്യൂജഴ്‌സിയിൽ ഉദ്ഘാടനം ചെയ്യും. ന്യൂ ജഴ്‌സിയിലെ ലിറ്റിൽ റോബിൻസ് വില്ല ടൗൺഷിപ്പിൽ നിർമിച്ച സ്വാമിനാരായൺ അക്ഷർധാം ക്ഷേത്രമാണ് അടുത്ത മാസം ഉദ്ഘാടനം ചെയ്യുക. യു.എസിൽ ഉടനീളമുള്ള 12000 സന്നദ്ധപ്രവർത്തകർ ക്ഷേത്ര നിർമ്മാണത്തിന് സഹായിച്ചു.
ബോഷൻവാസി അക്ഷർ പുരുഷോത്തം സ്വാമി നാവരായൺ സൻസ്ത ആത്മീയ തലവൻ മഹന്ത് സ്വാമി മഹാരാജിന്റെ നേതൃത്വത്തിലാണ് ഉദ്ഘാടനം ചെയ്യുക. ഉദ്ഘാടനത്തിന് മുന്നോടിയായി യു.എസിലുടനീളമുള്ള വിവിധ മതസ്ഥരായ ആയിരക്കണക്കിന് പേർ സന്ദർശനം നടത്തുന്നുണ്ട്. 183 ഏക്കർ വിസ്തൃതിയിൽ പരന്നുകിടക്കുന്ന ക്ഷേത്രം പ്രതിമകളും ഇന്ത്യൻ സംഗീത ഉപകരണങ്ങളുടെ മാതൃകകളും നൃത്തരൂപങ്ങളും ഉൾപ്പെടെ ഇന്ത്യൻ സംസ്കാരത്തിൽ നിന്നുള്ള വിവിധ ഘടകങ്ങൾ ഉൾപ്പെടുത്തിയാണ് നിർമിച്ചത്. കംബോഡിയയിലെ അങ്കോർ വാട്ട് കഴിഞ്ഞാൽ ഏറ്റവും വലിയ രണ്ടാമത്തെ ക്ഷേത്രമാണിത്.
ബൾഗേറിയയിൽ നിന്നും തുർക്കിയിൽ നിന്നുമുള്ള ചുണ്ണാമ്പുകല്ല് ഉൾപ്പെടെ ലോകമെമ്പാടുമുള്ള വിവിധ സ്ഥലങ്ങളിൽ നിന്ന് ഏകദേശം രണ്ട് ദശലക്ഷം ക്യുബിക് അടി കല്ല് നിർമ്മാണത്തിനായി ഉപയോഗിച്ചു. ഗ്രീസ്, തുർക്കി, ഇറ്റലി എന്നിവിടങ്ങളിൽ നിന്നുള്ള മാർബിളുകൾ, ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നുമുള്ള ഗ്രാനൈറ്റ്, യൂറോപ്പ്, ഏഷ്യ, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള മറ്റ് അലങ്കാര കല്ലുകളും ക്ഷേത്ര നിർമ്മാണത്തിന് ഉപയോഗിച്ചിട്ടുണ്ട്.