പാചകവാതക സബ്സിഡി 300 രൂപയായി ഉയർത്തി കേന്ദ്രം; ആനുകൂല്യം ഉജ്ജ്വല പദ്ധതി പ്രകാരമുള്ള കണക്ഷനുകൾക്ക്
4 October 2023
2 കണ്ടു 2
ന്യൂഡൽഹി: ഉജ്ജ്വല പദ്ധതി പ്രകാരമുള്ള പാചകവാതക കണക്ഷനുള്ളവരുടെ സബ്സിഡി ഉയർത്താൻ കേന്ദ്രമന്ത്രി സഭാ യോഗത്തിൽ തീരുമാനം.
ഉപഭോക്താക്കൾക്ക് അനുവദിച്ചിരുന്ന സബ്സിഡി 200 രൂപയിൽ നിന്ന് 300 രൂപയാക്കി ഉയർത്തുമെന്ന് കേന്ദ്രമന്ത്രി സഭായോഗ തീരുമാനം വിശദീകരിച്ചു കൊണ്ട് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ വ്യക്തമാക്കി.
പൊതുവിപണിയിൽ ഗാർഹികാവശ്യത്തിനുള്ള സിലിണ്ടറിന് 903 രൂപയാണ് വില. ഉജ്ജ്വല പദ്ധതി പ്രകാരം കണക്ഷൻ എടുത്തിട്ടുള്ളവർക്ക് 703 രൂപയ്ക്കാണ് നിലവിൽ സിലിണ്ടർ ലഭ്യമാകുന്നത്. പുതിയ തീരുമാനം വരുന്നതോടു കൂടി സിലിണ്ടർ 603 രൂപയ്ക്ക് ലഭിക്കും.
2016-ലാണ് കേന്ദ്ര പെട്രോളിയം- പ്രകൃതിവാതക മന്ത്രാലയം പ്രധാനമന്ത്രി ഉജ്ജ്വല യോജന എന്ന പേരിൽ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവർക്ക് പാചകവാതകം ലഭ്യമാക്കുന്ന പദ്ധതിയാരംഭിച്ചത്. കൂടുതൽ ഗുണഭോക്താക്കളെ ഉൾപ്പെടുത്തി 2018-ൽ പദ്ധതി വിപുലീകരിച്ചു.
രാജ്യത്തെ 75 ലക്ഷം ദരിദ്ര കുടുംബങ്ങളെ കൂടി പദ്ധതിയിൽ ഉൾപ്പെടുത്താനുള്ള തീരുമാനത്തിന് കേന്ദ്രമന്ത്രി സഭ കഴിഞ്ഞ മാസം അംഗീകാരം നൽകിയിരുന്നു.