കടുത്ത വംശനാശ ഭീഷണി നേരിടുന്ന തവളയിനങ്ങളിലൊന്ന്. പശ്ചിമഘട്ടത്തിലെ ചുരുക്കം ചില കേന്ദ്രങ്ങളിൽ മാത്രമാണിതുള്ളത്.
ഭൂമുഖത്തെ ഉഭയജീവികളിൽ 41 ശതമാനവും കടുത്ത വംശനാശനഭീഷണിയിൽ ആണെന്നും, അതിന് മുഖ്യകാരണം കാലാവസ്ഥാ വ്യതിയാനമാണെന്നും 'നേച്ചറി'ൽ പ്രസിദ്ധീകരിച്ച പഠനറിപ്പോർട്ട് പറയുന്നു
കോഴിക്കോട്: ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഇതുവരെ തിരിച്ചറിഞ്ഞ 453 ഉഭയജീവിയിനങ്ങളിൽ 139 എണ്ണം ഉൻമൂലന ഭീഷണിയിലെന്ന് പുതിയ പഠനം. ലോകത്താകെയുള്ള ഉഭയജീവികളുടെ കഴിഞ്ഞ രണ്ടുപതിറ്റാണ്ടിലെ അവസ്ഥ വിലയിരുത്തി ഐ.യു.സി.എൻ. തയ്യാറാക്കിയ വിശകലന റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. റിപ്പോർട്ട് ബുധനാഴ്ചയിറിങ്ങിയ 'നേച്ചർ' ജേർണലിൽ പ്രസിദ്ധീകരിച്ചു.
ഭൂമുഖത്തെ ഉഭയജീവികളിൽ 41 ശതമാനവും വംശനാശനഭീഷണി നേരിടുകയാണെന്നും, അതിന് മുഖ്യകാരണം കാലാവസ്ഥാ വ്യതിയാനമാണെന്നും റിപ്പോർട്ട് വ്യക്തമാക്കി. ആയിരത്തിലേറെ വിദഗ്ധർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണ് റിപ്പോർട്ട്.
റിപ്പോർട്ടിന്റെ നൂറിലേറെ രചയിതാക്കളിൽ മലയാളികളായ ഉഭയജീവി ഗവേഷകർ സത്യഭാമ ദാസ് ബിജു (എസ് ഡി ബിജു), സന്ദീപ് ദാസ് എന്നിവർ ഉൾപ്പെടുന്നു. ഇവരെ കൂടാതെ, സൊണാലി ഗാർഗ്, എസ്.ആർ. ഗണേഷ് ഉൾപ്പടെ വേറെയും ഇന്ത്യൻഗവേഷകർ റിപ്പോർട്ടിന്റെ രചയിതാക്കളിലുണ്ട്.
തവളകൾ, സാലമാൻഡറുകൾ, സീസിലിയനുകൾ എന്നിവയാണ് ഉഭയജീവികളിൽ ഉൾപ്പെടുന്നത്. ലോകത്താകെ 8000 ലേറെ ഉഭയജീവി സ്പീഷീസുകളുടെ 2004-2022 കാലയളവിലെ സ്ഥിതിയാണ് പരിഗണിച്ചത്. അഞ്ചിൽ രണ്ട് ഉഭയജീവികൾ കടുത്ത ഭീഷണിയിലാണെന്ന് വിശകലനത്തിൽ വ്യക്തമായി. ഉഭയജീവികൾ നേരിടുന്ന ഉൻമൂലന ഭീഷണിക്ക് കാലാവസ്ഥാ വ്യതിയാനം പോലെ ആവാസവ്യവസ്ഥകളുടെ നാശവും മുഖ്യകാരണമാണ്.
ജീവിവർഗങ്ങളിൽ നിലനിൽപ്പിന് ഏറ്റവുമധികം ഭീഷണി നേരിടുന്നവ ഉഭയജീവികളാണെന്ന് റിപ്പോർട്ട് പറയുന്നു. ഭീഷണി നേരിടുന്ന ഉഭയജീവിയിനങ്ങൾ 41 ശതമാനമാണെങ്കിൽ, സസ്തനികളിൽ ഇത് 26.5 ശതമാനവും, ഉരഗജീവികളിൽ ഇത് 21.4 ശതമാനവും, പക്ഷികളിൽ 12.9 ശതമാനവുമാണ്.
ഇന്ത്യയിൽ 139 ഇനം ഉഭയജീവികൾ നാശത്തിന്റെ വക്കലാണെന്ന് പറയുമ്പോൾ തന്നെ, 87 സ്പീഷീസുകളെ സംബന്ധിച്ച വിവരങ്ങൾ അപൂർണമാണെന്ന് ഗവേഷകർ കണ്ടെത്തി. ഇന്ത്യൻ ഉഭയജീവികളെ കുറിച്ച് ഇനിയും പഠിക്കേണ്ടതുണ്ടൈന്നാണ് ഇത് വ്യക്തമാക്കുന്നത്.
'ഒരു ആഗോള ജൈവവൈവിധ്യ ഹോട്ട്സ്പോട്ടാണ് ഇന്ത്യ. ഉഭയജീവികളുടെ വൈവിധ്യം കൂടുതലാണ്. മാത്രമല്ല, ഇവിടുത്തെ ഉഭയജീവികളിൽ 70 ശതമാനവും ഇവിടെ മാത്രം ഉള്ളവയാണ്, ലോകത്ത് മറ്റൊരിടത്തും കാണാനാവില്ല. ഇതിൽ ഒരിനം അന്യംനിന്നാൽ, അത് ഇന്ത്യയിൽ നിന്ന് മാത്രമല്ല, ഭൂമുഖത്തുനിന്നുതന്നെ അപ്രത്യക്ഷമാകും'-റിപ്പോർട്ടിന്റെ രചയിതാക്കളിൽ പെട്ട ഡോ. ബിജു പറയുന്നു.
ഉഭയജീവി പഠനവും, സംരക്ഷണവും ശക്തിപ്പെടുത്തേണ്ടതിന്റെ അടിയന്തരപ്രാധാന്യമാണിത് വ്യക്തമാക്കുന്നത്, ഡോ. ബിജു പറഞ്ഞു.
'ഈ പഠനമൊരു മുന്നറിയിപ്പാണ്. ഇന്ത്യയിൽ ഉഭയജീവികൾ വേണ്ടവിധം സംരക്ഷിക്കപ്പെടുന്നില്ല എന്ന മുന്നറിയിപ്പ്'-ഡോ.സൊണാലി ഗാർഗ് പറഞ്ഞു. 'ഇന്ത്യയിൽ മാത്രമല്ല ലോകത്തെവിടെയും, ഉഭയജീവികൾക്ക് ഭീഷണിയാകുന്നത് ആവാസവ്യവസ്ഥകളുടെ നാശമാണ്. ഉഭയജീവികളെ ഉൻമൂലനത്തിലേക്ക് തള്ളിവിടുന്നതിൽ കാലാവസ്ഥാ വ്യതിയാനത്തിനുള്ള പങ്ക് അടുത്തകാലം വരെ വേണ്ടത്ര പ്രാധാന്യം നേടിയിരുന്നില്ല. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട വ്യത്യസ്ത ഘടകങ്ങൾ, ഉഭയജീവികളെ എങ്ങനെയൊക്കെ ബാധിക്കുന്ന എന്നകാര്യം കൂടുതൽ പഠിക്കേണ്ടതുണ്ട്'.
'ഇന്ത്യയിൽ കടുവകളെയും ആനകളെയും സംരക്ഷിക്കാൻ ദേശീയതലത്തിൽ പദ്ധതിയുണ്ട്. എന്നാൽ, ഏറ്റവുമധികം ഉൻമൂലന ഭീഷണി നേരിടുന്ന ഉഭയജീവികളുടെ സംരക്ഷണത്തിന് ഒരു പ്ലാനുമില്ല. ചെറുതോ വലുതോ ആകട്ടെ, ഓരോ ജീവിവർഗ്ഗത്തിനും നമ്മുടെ പരിസ്ഥിതി സംരക്ഷിക്കുന്നതിൽ അവയുടേതായ റോളുണ്ട്. ഭൂമിയുടെ നിലനിൽപ്പിനും, അതുവഴി മനുഷ്യവർഗത്തിന്റെ അതിജീവനത്തിനും എല്ലാ ജീവിവർഗത്തെയും സംരക്ഷിക്കേണ്ടതുണ്ട്' -ഡോ.ബിജു വാർത്താക്കുറിപ്പിൽ പറഞ്ഞു.