ബെംഗളൂരു∙ തമിഴ്നാടുമായുള്ള കാവേരി നദീജല തർക്കത്തെ തുടർന്ന് ബെംഗളൂരുവിൽ കന്നഡ അനുകൂല, കർഷക സംഘടനകൾ പ്രഖ്യാപിച്ച ബന്ദ് നാളെ. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കർണാടക ആർടിസി, തൊഴിലാളി യൂണിയനുകൾ, വെബ് ടാക്സി, ടാക്സി, ഓട്ടോ ഡ്രൈവർമാരുടെ യൂണിയനുകൾ, റസ്റ്ററന്റ് അസോസിയേഷനുകൾ എന്നിവർ ബന്ദിന് പിന്തുണ അറിയിച്ചിട്ടുണ്ട്.
ഐടി കമ്പനികൾ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സൗകര്യം അനുവദിച്ചിട്ടുണ്ട്. വ്യാപാര, വ്യവസായ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കരുതെന്ന് കന്നഡ അനൂകൂല സംഘടനകൾ അഭ്യർഥിച്ചു. പതിനഞ്ചോളം സംഘടനകൾ പ്രഖ്യാപിച്ചിട്ടുള്ള ബന്ദിനോടനുബന്ധിച്ച് വൻ പ്രതിഷേധ റാലിയും സംഘടിപ്പിക്കും.
തമിഴ്നാടിനു 15 ദിവസത്തേക്കു 5000 ക്യുസെക് വീതം അധിക ജലം വിട്ടു നൽകണമെന്ന കാവേരി ജല മാനേജ്മെന്റ് അതോറിറ്റിയുടെ ഉത്തരവിൽ പ്രതിഷേധിച്ചാണ് ബന്ദ്. ഉത്തരവിൽ ഇടപെടാൻ കഴിയില്ലെന്നു സുപ്രീംകോടതിയും വ്യക്തമാക്കിയിരുന്നു. തമിഴ്നാട്ടിൽ നിന്നുള്ളവർ താമസിക്കുന്ന പ്രദേശങ്ങളിലും തമിഴ് സിനിമകൾ പ്രദർശിപ്പിക്കുന്ന തിയറ്ററുകളിലും പൊലീസ് സുരക്ഷാ സന്നാഹം ശക്തമാക്കി.