ന്യുഡൽഹി: ഇന്നത്തെ സാഹചര്യം അടിയന്തരാവസ്ഥയെകാൾ അപകടകരമാണെന്ന് അരുന്ധതി റോയ്. അടിയന്തരാവസ്ഥ ഒരു നിശ്ചിത കാലത്തേക്കായിരുന്നു. എന്നാൽ രാജ്യത്തിന്‍റെയും ഭരണഘടനയുടെയും സ്വഭാവം തന്നെ മാറ്റാനാണ് ബി.ജെ.പിയും നരേന്ദ്രമോദിയും ശ്രമിക്കുന്നതെന്നും അരുന്ധതി റോയ് പറഞ്ഞു. ജനങ്ങളുടെ ശബ്ദം അടിച്ചമർത്തിയാൽ വീണ്ടും അധികാരത്തിൽ എത്താമെന്ന് ബി.ജെ.പി കരുതുന്നുവെന്നും 2024ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പി അധികാരത്തിൽ വന്നാൽ ഇന്ത്യ ഒരു ജനാധിപത്യ രാജ്യമായി നിലനിൽക്കില്ലെന്നും അരുന്ധതി റോയ് പറഞ്ഞു.
മുഖ്യധാരാ മാധ്യമങ്ങളെ ഇനി മാധ്യമങ്ങളായി കണക്കാക്കാനാവില്ലെന്നും ഡിജിറ്റൽ സ്‌പെയ്‌സിലുള്ള മാധ്യമപ്രവർത്തകർ പുതിയ തരം ജേണലിസം ആരംഭിച്ചിട്ടുണ്ട്. അത് സർക്കാരിന് വലിയ ബുദ്ധിമുട്ടുണ്ടാക്കിയെന്നും അതാണ് ന്യൂസ്‌ക്ലിക്ക് സ്ഥാപകൻ പ്രബീർ പുർകയസ്തയുടെയും വെബ് പോർട്ടലിന്റെ എച്ച്.ആർ തലവൻ അമിത് ചക്രവർത്തിയുടെയും അറസ്റ്റിലേക്ക് എത്തിച്ചതെന്നും അരുന്ധതി റോയ് വ്യക്തമാക്കി.
"എങ്ങനെയാണ് പത്രപ്രവർത്തനത്തിനും തീവ്രവാദത്തിനും ഇടയിൽ അതിർവരമ്പില്ലാത്തത്? യു.എ.പി.എ ചുമത്തി. എഫ്.ഐ.ആർ നൽകിയിട്ടില്ല, കുറ്റങ്ങൾ പരാമർശിച്ചിട്ടില്ല. വിശദീകരണമില്ലാതെ അവർക്ക് എങ്ങനെ മാധ്യമപ്രവർത്തകരുടെ ഉപകരണങ്ങൾ പിടിച്ചെടുക്കാനാകും?"- അരുന്ധതി റോയ് ചോദിച്ചു.
മാധ്യമപ്രവർത്തകർക്കെതിരായ ആക്രമണങ്ങൾ വ്യക്തമാക്കുന്നത് സർക്കാറിന് അനുകൂലമായ വാർത്തകൾ മാത്രമേ ജനങ്ങളിൽ എത്താൻ പാടുള്ളു എന്നാണെന്നും ന്യുസ് ക്ലിക്കിലെ റെയ്ഡ് മോദിയുടെ ഭയം വ്യക്തമാക്കുന്നുവെന്നും എന്നും അരുന്ധതി റോയ് പറഞ്ഞു.
പൊതു തെരഞ്ഞെടുപ്പിന് മുമ്പ് കൂടുതൽ അറസ്റ്റുകൾ നടക്കാൻ സാധ്യത ഉണ്ടെന്നും ബിഹാറിലെ ജാതി സെൻസസിൽ നിന്നും ജനങ്ങളുടെ ശ്രദ്ധതിരിക്കാനുള്ള ശ്രമമാണ് മാധ്യമപ്രവർത്തകരുടെ അറസ്റ്റെന്നും അരുന്ധതി റോയ് കൂട്ടിച്ചേർത്തു.