ഹാങ്ചോ: ഏഷ്യൻ ഗെയിംസിൽ 41 വർഷത്തിന് ശേഷം അശ്വാഭ്യാസത്തിൽ ആദ്യസ്വർണം സ്വന്തമാക്കി ഇന്ത്യ. അശ്വാഭ്യാസം ഡ്രസ്സേജ് വിഭാഗത്തിലാണ് ഇന്ത്യ ഏഷ്യൻ ഗെയിംസിലെ മൂന്നാം സ്വർണം നേടിയത്. ദിവ്യാകൃതി സിങ്, ഹൃദയ് വിപുൽ ഛെദ്ദ, സുദിപ്തി ഹജേല, അനുഷ് അഗര്‍വല്ല എന്നിവരടങ്ങിയ സംഘമാണ് സ്വർണനേട്ടത്തിലെത്തിയത്. ചൈന വെള്ളി നേടിയപ്പോൾ ഹോങ് കോങ്ങിനാണ് വെങ്കലം.
ഗെയിംസിൽ ഇന്ത്യയുടെ 14ാം മെഡലാണിത്. 1986ൽ നേടിയ വെങ്കലമാണ് ഡ്രസ്സേജ് ഇനത്തിൽ ഇന്ത്യ ഇതിനു മുമ്പ് അവസാനമായി നേടിയ ഏഷ്യൻ ഗെയിംസ് മെഡൽ. 1982ൽ ന്യൂഡൽഹിയിൽ നടന്ന ഗെയിംസിൽ വ്യക്തിഗത, ടീം ഇനങ്ങളിലായി മൂന്ന് സ്വർണം ലഭിച്ചിരുന്നു.
ചൊവ്വാഴ്ച സെയ്‍ലിങ്ങിൽ നേഹ ഠാക്കൂറിലൂടെ ഇന്ത്യ വെള്ളി നേടിയിരുന്നു. ഇന്നത്തെ ഇന്ത്യയുടെ ആദ്യ മെഡലായിരുന്നു ഇത്. മധ്യപ്രദേശിലെ ദേവാസ് സ്വദേശിനിയായ 17 വയസ്സുകാരി കഴിഞ്ഞ വർഷം നടന്ന ഏഷ്യന്‍ സെയ്‍ലിങ് ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടിയിരുന്നു.
പുരുഷൻമാരുടെ വിന്‍ഡ്സർഫർ ആർ.എസ് എക്സ് വിഭാഗം സെയ്‍ലിങ്ങിൽ ഈബാദ് അലി വെങ്കലം സ്വന്തമാക്കി. പുരുഷന്മാരുടെ 100 മീറ്റർ റിലേ നീന്തലിൽ മലയാളി താരം സജൻ പ്രകാശ് ഉൾപ്പെട്ട ടീം നാലാമതായി ഫിനിഷ് ചെയ്ത് ഫൈനലിൽ കടന്നു. വുഷു താരങ്ങളായ സൂര്യ ഭാനു പ്രതാപ് സിങ്, സൂരജ് യാദവ് എന്നിവർ ക്വാർട്ടർ ഫൈനലിലും ബോക്സിങ് താരം സച്ചിൻ പ്രീ ക്വാർട്ടറിലും കടന്നിട്ടുണ്ട്. പുരുഷന്മാരുടെ സ്ക്വാഷ് ഗ്രൂപ്പ് ഇനത്തിലെ ആദ്യ മത്സരത്തിൽ ഇന്ത്യ സിംഗപ്പൂരിനെ തോൽപിച്ചു.