ചൊവ്വയിലെ ജസെറോ ഗർത്തത്തിൽ പര്യവേക്ഷണ ദൗത്യത്തിലാണ് നാസയുടെ പെർസിവിയിറൻസ് റോവർ.
30 September 2023
1 കണ്ടു 1
ചൊവ്വയിലെ ജസെറോ ഗർത്തത്തിൽ പര്യവേക്ഷണ ദൗത്യത്തിലാണ് നാസയുടെ പെർസിവിയിറൻസ് റോവർ. പതിവ് ജോലികൾക്കിടയിലാണ് പെർസിവിയറൻസ് റോവർ അപ്രതീക്ഷിതമായ ഒരു കാഴ്ച കണ്ടത്. പൊടി പടലങ്ങൾ വായുവിലുയർന്നു പൊങ്ങി നീങ്ങുന്ന വലിയൊരു പൊടിച്ചുഴലി (Dust Devil). കിഴക്ക് നിന്നും പടിഞ്ഞാറോട്ട് നീങ്ങിക്കൊട്ടിരിക്കുന്ന ഈ പൊടിച്ചുഴലിക്ക് മണിക്കൂറിൽ 19 കിമീ വേഗമുണ്ടായിരുന്നു.
ഓഗസ്റ്റ് 30 നാണ് പേടകം ഈ രംഗം പകർത്തിയത്. കഴിഞ്ഞ ദിവസമാണ് നാസ ഈ ചിത്രം പങ്കുവെച്ചത്. പേടകത്തിലെ നാവ് കാംസ് പകർത്തിയ ചിത്രങ്ങൾ ഉപയോഗിച്ച് 4 സെക്കന്റ് ദൈർഘ്യമുള്ള 21 ഫ്രെയിം വീഡിയോ നാസ ഒരുക്കിയിട്ടുണ്ട്.
പേടകം നിൽക്കുന്നതിന് 4 കിമീ അകലെയുള്ള തോറോഫെയർ റിഡ്ജ് എന്ന് വിളിക്കപ്പെടുന്ന സ്ഥലത്താണ് ഈ പൊടിച്ചുഴലി രൂപപ്പെട്ടത്. ഇതിന് 60 മീറ്ററോളം വീതിയുണ്ടാകുമെന്ന് കണക്കാക്കപ്പെടുന്നു. വീഡിയോയിൽ പക്ഷെ പൊടിച്ചുഴലിയുടെ ഏകദേശം 18 മീറ്റർ മാത്രമുള്ള താഴ് ഭാഗം മാത്രമേ കാണുന്നുള്ളൂ. എന്നാൽ ഇതിന്റെ നിഴലിന്റെ വലിപ്പം പരിശോധിച്ചാൽ ഒരു 2 കിമീ എങ്കിലും ഉയരം ഈ പൊടിച്ചുഴലിക്കുണ്ടെന്നാണ് ശാസ്ത്രജ്ഞർ കണക്കാക്കുന്നത്.
വരണ്ട കാലാവസ്ഥകളിൽ ഭൂമിയിലും സാധാരണയായി പൊടിച്ചുഴലി കാണാറുണ്ട്. എന്നാൽ ചൊവ്വയിൽ ഉണ്ടാകുന്ന പൊടിച്ചുഴലി ഭൂമിയിലുണ്ടാകുന്നതിനേക്കാൾ വളരെ വലുതാണ്. എങ്കിലും ഭൂമിയിലെ ചുഴലിക്കാറ്റിനേക്കാൾ(tornado) ചെറുതും ശക്തികുറഞ്ഞതുമായിരിക്കും ഇത്. ചൊവ്വയിലെ വസന്തകാലത്തും വേനൽകാലത്തുമാണ് ഇത് കൂടുതലായും കാണുക. ചൊവ്വയിലെ ഉത്തരാർദ്ധഗോളത്തിലാണ് പെർസിവിയറൻസ് റോവർ ഇപ്പോഴുള്ളത്. ഈ പ്രദേശത്ത് ഇപ്പോൾ വേനലാണ്. ചൊവ്വയിലെ കാലാവസ്ഥയെ കുറിച്ച് പഠിക്കുന്നതിനായി ഈ പൊടിച്ചുഴലിയെക്കുറിച്ചും ശാസ്ത്രജ്ഞർ പഠിക്കുന്നുണ്ട്.