ഇന്‍ഷുറന്‍സ് പോളിസിയില്‍ ചേര്‍ന്നാല്‍ പണം തരാമെന്ന് പറഞ്ഞ് യുവാവിന്റെ കൈയില്‍ നിന്ന് 2.24 കോടി രൂപ തട്ടിയെടുത്ത സംഭവത്തില്‍ പ്രതികള്‍ അറസ്റ്റില്‍. മൂബൈയിലാണ് സംഭവം നടന്നത്. സംഭവത്തില്‍ മൂന്ന് പേരെയാണ് നവി മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്. വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയക്കാനാണ് പ്രതികള്‍ ആവശ്യപ്പെട്ടത്. 2020 ഓഗസ്റ്റിനും 2023 ജൂലൈയ്ക്കും ഇടയിലാണ് തട്ടിപ്പ് നടന്നത്. രണ്ട് പ്രതികളെ ഡല്‍ഹിയില്‍ നിന്നും ഒരാളെ ഹരിയാനയില്‍ നിന്നും കഴിഞ്ഞ ആഴ്ചയാണ് പോലീസ് അറസ്റ്റ് ചെയ്തതെന്ന് സൈബര്‍ പോലീസ് സ്റ്റേഷനിലെ സീനിയര്‍ ഇന്‍സ്‌പെക്ടര്‍ ഗജാനന്‍ കദം വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.
അറസ്റ്റ് ചെയ്യപ്പെട്ട പ്രതികളിലൊരാള്‍ ഇന്റഗ്രേറ്റഡ് ഗ്രീവന്‍സ് മാനേജ്മെന്റ് സിസ്റ്റത്തിന്റെ (ഐജിഎംഎസ്) ജീവനക്കാരനാണെന്നാണ് പരിചയപ്പെടുത്തിയത്. ഇന്‍ഷുറന്‍സ് പോളിസി അടച്ചാല്‍, തിരിച്ച് നല്ല റിട്ടേണ്‍ കിട്ടുമെന്നാണ് പ്രതി യുവാവിനോട് പറഞ്ഞത്. 2020 ഓഗസ്റ്റിനും 2023 ജൂലൈയ്ക്കും ഇടയിലായി വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്കായി 2.24 കോടി രൂപ നല്‍കാനാണ് പ്രതികള്‍ ആവശ്യപ്പെട്ടതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ പിന്നീട് പണമൊന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് ഇയാള്‍ പോലീസില്‍ പരാതി നല്‍കുകയും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഐടി) നിയമത്തിലെയും പ്രസക്തമായ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.
ഹരിയാനയിലെ ഗുരുഗ്രാം നിവാസിയായ പ്രശാന്ത് ചമോലി എന്നയാളുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് 1.8 കോടി രൂപ എത്തിയതെന്ന് അന്വേഷണത്തില്‍ പോലീസ് കണ്ടെത്തി. സംഭവത്തെ തുടര്‍ന്ന് ഹരിയാനയിലേക്ക് കടന്ന ഇയാളെ പോലീസ് സംഘം പിടികൂടിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചമോലിയില്‍ നിന്ന് അഞ്ച് മൊബൈല്‍ ഫോണുകളും അഞ്ച് സിം കാര്‍ഡുകളും ഒരു പാസ്പോര്‍ട്ടും പിടിച്ചെടുത്തു. പ്രശാന്തിനെ ചോദ്യം ചെയ്തതിലൂടെയാണ് കേസിലെ മറ്റ് പ്രതികളെക്കുറിച്ച് വിവരം ലഭിക്കുന്നത്. ഡല്‍ഹിയില്‍ നിന്നുള്ള തുണി വില്‍പ്പനക്കാരനായ പര്‍വേസ് മുഹമ്മദ് (41), മണി ട്രാന്‍സ്ഫര്‍ ഏജന്റായ രഞ്ജിത് വ്യാസ് തിവാരി (32) എന്നിവരാണ് മറ്റ് പ്രതികള്‍, ഇവരെ പോലീസ് അറസ്റ്റ് ചെയ്തു.
മുന്നറിയിപ്പുകള്‍
കോള്‍ അധിഷ്ഠിത തട്ടിപ്പുകള്‍ ഇന്ത്യയിലെ ഒരു പ്രധാന പ്രശ്നമാണ്. പണമോ വ്യക്തിഗത വിവരങ്ങളോ ലഭിക്കുന്നതിന് പലതരത്തിലാണ് ഇവര്‍ ജനങ്ങളെ പറ്റിക്കുന്നത്. വിളിക്കുന്നയാള്‍ നിയമാനുസൃതമായ ഒരു കമ്പനിയില്‍ നിന്നാണെന്ന് അവകാശപ്പെട്ടാലും, നിങ്ങള്‍ ഒരിക്കലും ഫോണിലൂടെ വ്യക്തിപരമായ വിവരങ്ങള്‍ നല്‍കരുത്. ഇത്തരം കോളുകളോ അല്ലെങ്കില്‍ സന്ദേശങ്ങള്‍ക്കിതരെ നിങ്ങള്‍ ജാഗ്രത പാലിക്കണം, പ്രത്യേകിച്ചും അവര്‍ പണമോ വ്യക്തിഗത വിവരങ്ങളോ ആവശ്യപ്പെടുകയാണെങ്കില്‍. എന്തെങ്കിലും സംശയം തോന്നുകയാണെങ്കില്‍, കമ്പനിയുമായി ബന്ധപ്പെടാനുള്ള ഔദ്യോഗിക നമ്പറില്‍ ബന്ധപ്പെട്ട് കാര്യങ്ങള്‍ അന്വേഷിക്കുക.
അടുത്തിടെ മുംബൈയില്‍ യൂട്യൂബ് വീഡിയോ ലൈക്ക് ചെയ്യുന്ന ജോലി നല്‍കാമെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതിയില്‍ നിന്നും 24 ലക്ഷം രൂപ തട്ടിയെടുത്തിരുന്നു. ആദ്യഘട്ടത്തില്‍ ഇവര്‍ക്ക് 10,75 രൂപ ശമ്പളമായി ലഭിച്ചിരുന്നു. തുടര്‍ന്ന് കൂടുതല്‍ പണം നേടാന്‍ ക്രിപ്റ്റോകറന്‍സി സ്‌കീമില്‍ നിക്ഷേപിക്കാന്‍ പറഞ്ഞു. ഇതേത്തുടര്‍ന്ന് യുവതി ഏകദേശം 23.8 ലക്ഷം രൂപ കമ്പനിയുടേത് എന്ന് പറഞ്ഞ രണ്ട് ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിച്ചു. എന്നാല്‍ പിന്നീട് പണം പിന്‍വലിക്കാന്‍ നോക്കിയപ്പോള്‍ 30 ലക്ഷം നല്‍കണമെന്ന് കമ്പനി ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് സംഭവം തട്ടിപ്പാണെന്ന് മനസിലായത്.