മുംബൈ: എഡ്യുടെക് സ്റ്റാർട്ടപ്പായ ബൈജൂസ് 4000 പേരെ കൂടി പിരിച്ചു വിടുന്നു. പുതിയ സി.ഇ.ഒയെ നിയമിച്ചതിന് പിന്നാലെയാണ് നടപടി. അർജുൻ മോഹനെയാണ് കമ്പനി പുതിയ സി.ഇ.ഒയായി നിയമിച്ചത്.
സീനിയർ എക്സിക്യൂട്ടീവ് ഉൾപ്പടെ ഉയർന്ന തൊഴിലുകൾ ചെയ്യുന്ന ജീവനക്കാരെയാണ് കമ്പനി പിരിച്ചു വിടുന്നത്. ഉയർന്ന ശമ്പളം വാങ്ങുന്ന ജീവനക്കാരെ പിരിച്ചുവിടുന്നത് വഴി പ്രവർത്തന ചെലവ് കുറക്കാമെന്നാണ് ബൈജൂസിന്റെ കണക്ക് കൂട്ടൽ. പുതിയ സി.ഇ.ഒ ചില മുതിർന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി പിരിച്ചുവിടുന്ന കാര്യം അറിയിച്ചുവെന്നാണ് റിപ്പോർട്ട്. ഈ ആഴ്ചയുടെ അവസാനമോ അടുത്തയാഴ്ചയുടെ തുടക്കത്തിലോ ആവും പിരിച്ചുവിടൽ നടത്തുക.
ബൈജൂസിന്റെ പ്രാദേശിക ഓഫീസുകളിൽ നിന്നും നേരത്തെ ജീവനക്കാരെ ഒഴിവാക്കിയിരുന്നു. 19 റീജണിയൽ ഓഫീസുകൾ ഉണ്ടായിരുന്ന സ്ഥാനത്ത് ബൈജൂസിന് നിലവിൽ അഞ്ചെണ്ണം മാത്രമാണ് ഉള്ളത്.
നേരത്തെ ബിസിനസ് പുനക്രമീകരിക്കുന്നതിന്റെ അവസാനഘട്ടത്തിലാണ് കമ്പനിയുള്ളതെന്ന് ബൈജൂസ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കമ്പനിയിലെ കൂടുതൽ പിരിച്ചുവിടൽ സംബന്ധിച്ച വാർത്തകളും പുറത്ത് വരുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന ബൈജൂസ് നേരത്തേയും ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടിരുന്നു.