ഭൂമിയിലാകെ ഏഴു വൻകരകൾ, അഥവാ, ഭൂഖണ്ഡങ്ങൾ ഉണ്ടെന്നല്ലേ സ്കൂൾ കാലഘട്ടം മുതൽ പഠിച്ചിരിക്കുന്നത്. എങ്കിൽ, ഇപ്പോഴിതാ അതിനോട് എട്ടാമതൊന്നു കൂടി കൂട്ടിച്ചേർക്കാറായിവരുന്നുണ്ട്. അറിവുകൾ അങ്ങനെയാണ്. ഒരിക്കലും പൂർണമാകില്ല, ഇടയ്ക്കിടെ പുതുക്കിക്കൊണ്ടിരിക്കണം, സൗരയൂഥത്തിലെ ഗ്രഹങ്ങളുടെ എണ്ണം ഒമ്പതിൽ നിന്ന് എട്ടാക്കിയതു പോലെ ഒരു അപ്പ്ഡേഷൻ വൻകരകളുടെ കാര്യത്തിലും ചിലപ്പോൾ വേണ്ടി വന്നേക്കും.
ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക, തെക്കേ അമേരിക്ക, വടക്കേ അമേരിക്ക, ഓസ്‌ട്രേലിയ, അന്‍റാര്‍ട്ടിക്ക എന്നിവയാണ് നിലവിൽ അംഗീകൃതമായ ഭൂഖണ്ഡങ്ങൾ, അഥവാ കോണ്ടിനെന്‍റ്സ്. ഇതിനൊപ്പം എട്ടാമതൊന്നു കൂടി കൂട്ടിച്ചേര്‍ക്കണോ എന്ന കാര്യത്തിൽ ചർച്ചകളും വാദപ്രതിവാദങ്ങളും നടക്കുന്നതേയുള്ളൂ.
375 വര്‍ഷമായി കാണാമറയത്തു കിടക്കുന്ന ഒരു ഭൂഭാഗമാണ് ഇപ്പോൾ ഗവേഷകർക്കു മുന്നിൽ വെളിപ്പെട്ടിരിക്കുന്നത്. ഇത്രയും വിശാലമായ ഭൂമിയിൽ മനുഷ്യൻ കാണാത്തതും തൊടാത്തതുമായി എന്തെല്ലാം അദ്ഭുതങ്ങൾ ബാക്കിയുണ്ടാകും!
പുതിയതായി കണെ്ടത്തിയ ഭൂഭാഗത്തിന് സീലാന്‍ഡിയ - Zealandia - എന്നാണ് ശാസ്ത്രജ്ഞര്‍ പേര് നല്‍കിയിരിക്കുന്നത്. ഇതിന്‍റെ 94 ശതമാനവും വെള്ളത്തിനടിയിൽ തന്നെയാണ്. ന്യൂസിലാന്‍ഡ് പോലെ സമുദ്രത്തിന്‍റെ ആഴത്തില്‍ നിന്നു പുറത്തേക്ക് തള്ളപ്പെട്ട ദ്വീപാണിതെന്ന് അനുമാനിക്കുന്നു. ഓസ്ട്രേലിയക്കടുത്ത്, ന്യൂസിലാൻഡിനെ കൂടി ഉൾക്കൊള്ളുന്നതാണ് ഈ പ്രദേശം.
പസഫിക് സമുദ്രത്തിന്‍റെ തെക്കന്‍ പ്രദേശത്ത് നിന്ന് ഏതാണ്ട് 3500 അടി ആഴത്തിലാണ് സീലാന്‍ഡിയ സ്ഥിതി ചെയ്യുന്നത്. ഇതിനെ ഭൂഖണ്ഡം എന്ന് വിളിക്കണോ എന്ന കാര്യത്തില്‍ ഇനിയും തീര്‍പ്പായിട്ടില്ല. ഒരു ഭൂഖണ്ഡത്തിന് വ്യക്തമായി നിര്‍വചിക്കപ്പെട്ടിട്ടുള്ള അതിരുകള്‍ ഉണ്ടായിരിക്കണം; അതിന്‍റെ വിസ്തീര്‍ണം പത്ത് ലക്ഷം ചതുരശ്ര കിലോമീറ്ററിലധികം വേണം എന്നിങ്ങനെയുള്ള മാനദണ്ഡങ്ങളെല്ലാം സീലാന്‍ഡിയ പാലിക്കുന്നുണ്ട്.
1642ലാണ് സീലാന്‍ഡിയയുടെ സാന്നിധ്യത്തിന്‍റെ തെളിവ് ആദ്യമായി കണ്ടെത്തിയത്. ഡച്ച് നാവികനായിരുന്ന ആബേല്‍ ടാസ്മാന്‍ ദക്ഷിണാര്‍ധ ഗോളത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു വലിയ ഭൂഖണ്ഡം കണ്ടെത്താനുള്ള ദൗത്യത്തിലേര്‍പ്പെട്ട സമയത്തായിരുന്നു അത്. എന്നാല്‍, അന്ന് അദ്ദേഹത്തിനു കണ്ടെത്താനായത് ഓസ്‌ട്രേലിയന്‍ ഭൂഖണ്ഡം മാത്രമായിരുന്നു.
Comparison between Australia and Zealandia. Present day New Zealand comes in the midst of likely 8th continent.Comparison between Australia and Zealandia. Present day New Zealand comes in the midst of likely 8th continent.
ഇപ്പോള്‍ കണ്ടെത്തിയ സീലാന്‍ഡിയയുടെ വലുപ്പം 49 ലക്ഷം ചതുരശ്ര കിലോമീറ്ററാണ്. 18 കോടി വര്‍ഷങ്ങള്‍ക്ക് മുൻപ് നിലനിന്നിരുന്ന സൂപ്പര്‍ ഭൂഖണ്ഡമായ ഗോണ്ട്വാനാലാൻഡിന്‍റെ ഒരു ഭാഗമാന് സീലാന്‍ഡിയ എന്നാണ് ഇപ്പോഴത്തെ നിഗമനം. ആദിമ ഭൂഖണ്ഡമായ പാൻജിയ വിഭജിച്ചാണ് വടക്ക് ലോറേഷ്യയും തെക്ക് ഗോണ്ട്വാനാലാൻഡും രൂപപ്പെട്ടത്. ഇതിൽ ലോറേഷ്യ പിന്നീട് ഏഷ്യയും യൂറോപ്പും വടക്കേ അമേരിക്കയുമായി വിഭജിക്കപ്പെട്ടു. ഗോണ്ട്വാനാലാൻഡ് തെക്കേ അമേരിക്കയും ആഫ്രിക്കയും അറേബ്യയും അന്‍റാർട്ടിക്കയും ഇന്ത്യയും ഓസ്ട്രേലിയയുമായി മാറി. ഇതിൽ ഇന്ത്യയും അറേബ്യയും പിന്നീട് വടക്കോട്ട് നീങ്ങി ഏഷ്യയുമായി യോജിക്കുകയും ചെയ്തു.