ലോകത്തെ പരിസ്ഥിതിപ്രവർത്തകരുടെ ഇപ്പോഴത്തെ ഏറ്റവും വലിയ ആശങ്കകളിലൊന്നായി മാറിയിരിക്കുന്നു ആഴക്കടൽ ഖനനം. ഭൂമി തുരന്ന് മതിയാവാത്ത മനുഷ്യൻ വിലപിടിച്ച ധാതുക്കൾക്കുവേണ്ടി കടലിന്റെ അടിത്തട്ടിലേക്കെത്തിയിരിക്കുന്നു. എന്നാൽ, ഇത് സൃഷ്ടിക്കുന്ന ആഘാതത്തെപ്പറ്റി ആലോചിക്കാനുള്ള അറിവുപോലും ആഴക്കടലിനെക്കുറിച്ച് മനുഷ്യനില്ലെന്നതാണ് വാസ്തവം.
ആഴക്കടൽ ഖനനത്തിന് ചട്ടങ്ങൾ രൂപവത്കരിക്കാൻ ജമൈക്കയിൽ ചേർന്ന ഇന്റർനാഷണൽ സീബെഡ് അതോറിറ്റി (ഐ.എസ്.എ.) കൗൺസിൽ അന്താരാഷ്ട്രസമ്മേളനം ഖനനത്തെക്കുറിച്ച് പ്രത്യേകിച്ച് തീരുമാനമൊന്നുമാവാതെ പിരിഞ്ഞിരിക്കുന്നു. ഓഗസ്റ്റിൽത്തന്നെ ഖനനത്തിനുള്ള മാർഗരേഖകൾ തീരുമാനിക്കാനുള്ള സമ്മർദത്തിലായിരുന്നു ഐക്യരാഷ്ട്രസഭയുടെ ഏജൻസിയായ ഐ.എസ്.എ. ആഴക്കടൽ ഖനനത്തെ എതിർക്കുന്ന രാജ്യങ്ങളുടെ ശക്തമായ വിയോജിപ്പാണ് ഖനനവുമായി മുന്നോട്ട് പോവുന്നതിൽനിന്ന് ഐ.എസ്.എ.യെ പിന്തിരിപ്പിച്ചത്. ഇതോടെ, യൂറോപ്യൻ യൂണിയനും 168 അംഗരാജ്യങ്ങളുമടങ്ങിയ ഐ.എസ്.എ.യുടെ നിലപാട്, ആഴക്കടൽ ഖനനഭീഷണിക്ക് ചെറിയൊരു കടമ്പ സൃഷ്ടിച്ചിരിക്കുകയാണ്. ഐ.എസ്.എ.യുടെ അടുത്ത യോഗത്തിൽ ആഴക്കടൽ ഖനനത്തിന് മൊറട്ടോറിയം നേടിയെടുക്കാനുള്ള അശ്രാന്തപരിശ്രമങ്ങളിലാണ് ലോകമെങ്ങുമുള്ള വിവിധ പരിസ്ഥിതിസംഘടനകൾ.
ഐ.എസ്.എ. അന്താരാഷ്ട്രസമ്മേളനത്തിൽ നടന്നത് ഗൗരവതരമായ ചർച്ചകളായിരുന്നു. സമുദ്രഖനനത്തിന് ഒരു മുൻകരുതൽ നിരോധനം എന്നതിന്മേൽ 2024-ൽ സമഗ്രചർച്ച വേണമെന്ന് ജർമനി, ചിലി, ഫ്രാൻസ്, കോസ്റ്ററീക്ക തുടങ്ങി ഇരുപതിലധികം രാജ്യങ്ങൾ വാദിച്ചു. ഇങ്ങനെയൊരു ചർച്ച മുന്നോട്ട് വയ്ക്കുന്നതുതന്നെ തടഞ്ഞുകൊണ്ടായിരുന്നു ആഴക്കടൽ ഖനനത്തിന് ഉടൻ അനുമതിവേണമെന്നാവശ്യപ്പെട്ട ചൈനയുടെ നീക്കം. 'ഹരിതവൈദ്യുതി'യിലേക്ക് ലോകത്തെ മാറ്റുന്ന 'ബാറ്ററി'കൾക്ക് വേണ്ട നിക്കൽ, കോബാൾട്ട് പോലുള്ള ലോഹങ്ങൾ ലഭിക്കാൻ ആഴക്കടൽ ഖനനമാണ് ഏകപരിഹാരമെന്നായിരുന്നു ഖനനപക്ഷപാതികളുടെ വാദം. വിവിധ രാജ്യങ്ങളുടെ മൂന്നാഴ്ച നീണ്ട ശക്തമായ പരിസ്ഥിതിവാദങ്ങൾക്കുമുൻപിൽ ചൈനയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് തത്കാലം മുട്ടുമടക്കേണ്ടിവന്നു. പക്ഷേ, ഭീഷണി ഒഴിവാകുന്നില്ല.
ആഴക്കടൽ ഖനനം: പുതിയ പ്രതിസന്ധി
ആഴക്കടൽത്തട്ടിലെ പ്രവർത്തനങ്ങളിൽ തീരുമാനാധികാരമുള്ള അന്താരാഷ്ട്രസംഘടനയാണ് ഇന്റർനാഷണൽ സീബെഡ് അതോറിറ്റി (ഐ.എസ്.എ.). 2001ന് ശേഷം, വിവിധ മൈനിങ് കമ്പനികൾക്ക് ഇതിനകം മുപ്പതോളം ലൈസൻസുകൾ ഐ.എസ്.എ. നൽകിക്കഴിഞ്ഞു. ഹവായിക്കും മെക്സിക്കോക്കുമിടയിലെ 'ക്ലാരിയോൺ-ക്ലിപ്പർടൺ ഫ്രാക്ചർ സോൺ' എന്നറിയപ്പെടുന്ന 45 ലക്ഷം സ്ക്വയർ കിലോമീറ്റർ കടൽത്തട്ടാണ് ഖനനത്തിന് നൽകാൻ ഉദ്ദേശിച്ചത്. 2021-ൽ പസിഫിക് സമുദ്രത്തിലെ 'റിപ്പബ്ളിക് ഓഫ് നൗറു' ആഴക്കടൽ ഖനനത്തിനുള്ള താത്പര്യമറിയിച്ച് ഐ.എസ്.എ.യെ സമീപിച്ചതോടെയാണ് ഖനനത്തിനായുള്ള പരിസ്ഥിതിമാർഗരേഖകൾ തയ്യാറാക്കാനുള്ള ശ്രമങ്ങൾ ഊർജിതമായത്. 2023 ജൂലായായിരുന്നു മാർഗരേഖ തയ്യാറാക്കാൻ ഐ.എസ്.എ. പറഞ്ഞ അന്തിമസമയം. അതുവരെ ഖനനമനുവദിക്കില്ലെന്നായിരുന്നു ഐ.എസ്.എ. നിലപാട്. പക്ഷേ, സമുദ്ര-പരിസ്ഥിതി മാർഗരേഖകളുടെ രൂപവത്കരണത്തിന് വരുംവർഷം കൂടി കാത്തിരിക്കേണ്ടിവരുമെന്നാണ് അവസ്ഥ. അതേസമയം ഖനനത്തിനുള്ള മാർഗരേഖ തയ്യാറാവാത്ത സ്ഥിതിയിൽ, ഖനനം തുടങ്ങാൻ കമ്പനികൾ മുതിരുമോ എന്നത് ആശങ്കയായിത്തുടരുന്നു. ഖനനത്തിനുള്ള അടിസ്ഥാനസൗകര്യങ്ങളൊക്കെ ഒരുക്കിയ നൗറു ഇക്കാര്യത്തിൽ വലിയ സമ്മർദമാണ് നടത്തുന്നത്.
കടലിന്റെ നാനാർഥങ്ങൾ
ഭൂമിയുടെ അറുപതുശതമാനത്തിലധികം പ്രദേശത്ത് ശരാശരി രണ്ടുമൈലിലധികം ആഴത്തിൽ ജലം നിറഞ്ഞുകിടക്കുന്നു. കടലിന് ഇരുനൂറുമീറ്റർ താഴെനിന്നാണ് ആഴക്കടൽ (ഡീപ് സീ) ആരംഭിക്കുന്നതായി കണക്കാക്കുന്നത്. ഇവിടംതൊട്ടാണ് സൂര്യപ്രകാശം പെട്ടെന്ന് കുറയുന്നത്. 'ടൈ്വലൈറ്റ് സോൺ' എന്നും ഇതറിയപ്പെടുന്നു. സൂര്യപ്രകാശം കുറയുന്നതിനാൽത്തന്നെ, ഈ കടൽഭാഗത്തിന് തണുപ്പ് കൂടുതലാണ്. ഭൂമിയുടെ അന്തരീക്ഷമേൽപ്പിക്കുന്ന മർദത്തെക്കാൾ 40-110 ഇരട്ടിയാണ് ആഴക്കടലിലെ മർദം.
ആഴക്കടലിനെക്കുറിച്ച് നിലവിൽ മനുഷ്യന് കാര്യമായൊന്നുമറിയില്ല. ആഴക്കടലിന്റെ ആവാസവ്യവസ്ഥയെക്കുറിച്ചും ജൈവവൈവിധ്യത്തെക്കുറിച്ചും വിശദമായി പഠിക്കാനിരിക്കുന്നതേയുള്ളൂ. ലഭ്യമായ പരിമിത അറിവിന്റെ പശ്ചാത്തലത്തിൽ ആഴക്കടൽ ഖനനം സമുദ്രപരിസ്ഥിതിക്കേൽപ്പിക്കുന്ന ആഘാതങ്ങളെക്കുറിച്ച് മുൻകൂട്ടിപ്പറയാനാവില്ലതന്നെ. മുന്നൂറുകോടി മനുഷ്യരുടെ ജീവിതമാർഗവും ഭക്ഷ്യസ്രോതസ്സുമായ സമുദ്രത്തിന്റെ പരിസ്ഥിതിസംരക്ഷണം ആസൂത്രണംചെയ്യുകയും അത്ര എളുപ്പമാവില്ല.
വളരെയധികം സങ്കീർണമാണ് ആഴക്കടൽത്തട്ടിന്റെ ഭൗമശാസ്ത്രം. 3,000 മീറ്റർമുതൽ 6,000 മീറ്റർവരെ ആഴങ്ങൾക്കിടയിലുള്ള 'അബിസൽ പ്ളെയിൻസ്', 'സീമൗണ്ട്സ്' എന്നറിയപ്പെടുന്ന സമുദ്രാന്തർഭാഗത്തെ അഗ്നിപർവതങ്ങൾ, കടൽത്തട്ടിലെ ഉഷ്ണജലം പ്രവഹിക്കുന്ന ഗർത്തങ്ങൾ, മരിയാനാ ട്രഞ്ചുപോലുള്ള അഗാധഗർത്തങ്ങൾ... ആഴക്കടൽത്തട്ടിലെ ഉയർന്ന മർദവും സൂര്യപ്രകാശത്തിന്റെ അഭാവവും സൃഷ്ടിക്കുന്ന പ്രതികൂലാവസ്ഥയുമായി സവിശേഷരീതിയിൽ താദാത്മ്യം പ്രാപിച്ചവയാണ് അവിടത്തെ ജീവിവർഗ്ഗങ്ങൾ. ഈ ജീവിവർഗങ്ങളിൽ മിക്കവയും ഇന്നും ശാസ്ത്രത്തിന്റെ കൺവെട്ടത്തിന് പുറത്താണ്.
ഖനനം കടലിനേൽപ്പിക്കുന്ന ആഘാതങ്ങൾ
മൊത്തം കടൽത്തട്ടിന്റെ മൂന്നിൽ രണ്ടുഭാഗവും ആഴക്കടൽ തട്ടാണ്. ആഴക്കടലിന്റെ അടിത്തട്ടിലെ പലതരം ധാതുനിക്ഷേപങ്ങൾ ഖനനം ചെയ്തെടുക്കുന്നതിനെയാണ് ആഴക്കടൽ ഖനനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. കടൽത്തട്ടിന്റെ പ്രതലത്തിലെ പോളിമെറ്റലിക് കല്ലുകൾ ശേഖരിക്കുക, കൂറ്റൻ സൾഫൈഡ് ശേഖരങ്ങൾ കുഴിച്ചെടുക്കുക, പാറക്കൂട്ടങ്ങളിലെ കൊബാൾട്ട് ശേഖരം ചെത്തിയെടുക്കുക എന്നിങ്ങനെ മൂന്ന് രീതിയിലാണ് ഖനനം നടക്കുക. ഇതിൽ നിന്ന് ബാറ്ററികളുടേയും സെൽഫോണുകളുടേയും കംപ്യൂട്ടറുകളുടേയും നിർമാണത്തിനാവശ്യമായ ധാതുക്കൾ വേർതിരിച്ചെടുക്കാനാവും.
ആഴക്കടൽ ഖനനത്തിനുള്ള സാങ്കേതിക വൈദഗ്ധ്യം ഇപ്പോഴും വികസനപാതയിലാണ്. കൂറ്റൻ സക്കിങ് പമ്പുകളുപയോഗിച്ച് ആഴക്കടൽത്തട്ടിലെ ധാതുക്കൾ വലിച്ചെടുക്കാനുള്ള പദ്ധതിയിലാണ് ചില കമ്പനികൾ. കൃത്രിമബുദ്ധി ഉപയോഗിച്ച്, റോബോട്ടുകളെക്കൊണ്ട് ആഴക്കടൽ അഗ്നിപർവതങ്ങളെ തുരക്കാൻ വരെ പദ്ധതികളുണ്ട്. നിലവിലുള്ള ഖനികളിലെ ധാതുനിക്ഷേപങ്ങൾ, പ്രത്യേകിച്ചും കൊബാൾട്ട്, കോപ്പർ, സിങ്ക്, നിക്കൽ, അലൂമിനിയം, മാംഗനീസ് മുതലായവ ക്ഷയിച്ചുതുടങ്ങിയിട്ടുണ്ട്. സമീപകാലത്ത്, ഈ വിഭാഗം ലോഹധാതുക്കൾകൊണ്ട് നിർമിക്കുന്ന ഉപകരണങ്ങളുള്ള സ്മാർട് ഫോണുകൾ, വിൻഡ് ടർബൻ, സോളാർ പാനലുകൾ, ബാറ്ററികൾ എന്നിവയുടെ ഉത്പാദനം കൂടുകയും ചെയ്തിട്ടുണ്ട്. ഈ രണ്ട് ഘടകങ്ങളും ആഴക്കടൽ ഖനനസാധ്യത കൂട്ടുന്നു.
ആഴക്കടലിന്റെ അടിത്തറ യന്ത്രങ്ങളുപയോഗിച്ച് തുരക്കുകയും കുഴിക്കുകയും ഇളക്കിമറിക്കുകയും ചെയ്യുന്നത് സമുദ്രപരിസ്ഥിതിയെ പ്രതികൂലമായി ബാധിച്ചേക്കും. ഇതുമൂലം ആഴക്കടലിൽ മാത്രം ജീവിക്കുന്ന പല ജീവിവർഗങ്ങളും എന്നെന്നേക്കുമായി ഇല്ലാതാവാനിടയുണ്ട്. ഇത് ആവാസവ്യവസ്ഥയുടെ ഘടനയും ധർമവും പൂർണമായും തകർക്കും. ഇതാണ് ആഴക്കടൽ ഖനനത്തിന്റെ നേരിട്ടുള്ള ഫലം. മാത്രമല്ല, തിരിച്ചുപിടിക്കാൻ പറ്റാത്ത വിധമുള്ള ഒരു സർവകാലനാശവുമായിരിക്കും അത്.
ഖനനത്തിൽനിന്നുള്ള പൊടിപടലങ്ങൾ അടിത്തട്ടിൽ കിലോമീറ്ററുകളോളം പരക്കുന്നത് സ്വാഭാവിക പരിസ്ഥിതിയെ നശിപ്പിക്കുമെന്നാണ് ശാസ്ത്രലോകത്തിന്റെ ആശങ്ക. ഖനനക്കപ്പലുകൾ കടലിന്റെ ഉപരിതലത്തിലേക്ക് തള്ളുന്ന 'വേസ്റ്റ് വാട്ടർ' ഈ സ്ഥിതി കൂടുതൽ വഷളാക്കുകയും സമുദ്രത്തിന്റെ താപനിലയിൽ മാറ്റമുണ്ടാക്കുകയും ചെയ്യും. പൊടിപ്രളയം കടൽജീവികളിൽ ശ്വാസതടസ്സവും കാഴ്ചക്കുറവും ഉണ്ടാക്കും. ഫലത്തിൽ, വാണിജ്യപ്രാധാന്യമുള്ള മത്സ്യങ്ങളുടെ പുനരുത്പാദനവും വളർച്ചയും തടസ്സപ്പെടും. ഖനനത്തിനുള്ള ഉപകരണങ്ങളും കപ്പലുകളും ചേർന്ന് സൃഷ്ടിക്കുന്ന മലിനീകരണ0 (വെളിച്ചവും കമ്പനവും ശബ്ദവും) തിമിംഗിലങ്ങളേയും ടൂണകളേയും സ്രാവുകളേയും ബാധിക്കും. കപ്പലുകളിൽനിന്നുള്ള എണ്ണച്ചോർച്ചയാണ് മറ്റൊരു പ്രതികൂല ഘടകം. സമുദ്രത്തിന്റെ അടിത്തട്ടിൽ ഖനനം ഏൽപ്പിക്കുന്ന പാരിസ്ഥിതിക ആഘാതങ്ങളെക്കുറിച്ച് വിശദമായ പഠനങ്ങൾ നടന്നുവരുകയാണ്. ആഴക്കടൽ ഖനനം വിവിധ സ്പീഷിസുകളുടെ വംശനാശത്തിനിടയാക്കുമെന്നും കടൽത്തട്ടിലെ ജൈവവൈവിധ്യത്തേയും ആവാസവ്യവസ്ഥയേയും താറുമാറാക്കുമെന്നും പഠനങ്ങൾ വന്നുകഴിഞ്ഞു.
ലോകരാജ്യങ്ങൾക്കെല്ലാം തന്നെ അവരവരുടെ സമുദ്രാതിർത്തികളിൽ നിയന്ത്രണാധികാരമുണ്ട്. വൻകടലും (ഹൈസീ), അന്താരാഷ്ട്ര കടൽത്തട്ടും നിയന്ത്രിക്കുന്നത്, 'യുണൈറ്റഡ് നേഷൻസ് കൺവെൻഷൻ ഓൺ ദി ലോ ഓഫ് ദി സീസ്' ആണ്. ഈ ട്രീറ്റി എല്ലാ ലോകരാജ്യങ്ങൾക്കും ബാധകവുമാണ്. ഇതുപ്രകാരം, കടൽത്തട്ടും അതിലെ ധാതുനിക്ഷേപങ്ങളും 'മനുഷ്യവംശത്തിന്റെ പൊതുസ്വത്ത്' ആയാണ് പരിഗണിക്കപ്പെടുന്നത്. സമുദ്രപരിസ്ഥിതിയെ സംരക്ഷിക്കുന്നതും സമുദ്രഗവേഷണത്തെ പിന്തുണയ്ക്കുന്നതും ട്രീറ്റിയുടെ ഭാഗമാണ്.
സുപ്രധാന ഭക്ഷ്യസ്രോതസ്സ് എന്ന നിലയ്ക്കും കാർബൺ ആഗിരണ സംവിധാനം എന്ന നിലയ്ക്കും ആഴക്കടൽ അടിത്തട്ടിലെ ആവാസവ്യവസ്ഥയെക്കുറിച്ചുള്ള അറിവ് മെച്ചപ്പെടുത്താൻ സമഗ്രപഠനങ്ങൾ ആവശ്യമാണ്. ആഴക്കടൽ അടിത്തട്ടിനേക്കുറിച്ചുള്ള അറിവും അത് സംരക്ഷിക്കാനുള്ള ഉപാധികളും പരിമിതമാണെന്ന സ്ഥിതിയിലും ആഴക്കടൽത്തട്ടിലെ ധാതുനിക്ഷേപം മനുഷ്യനെ മോഹിപ്പിക്കുകയാണ്. സമുദ്രഖനനത്തിലൂടെ ശേഖരിക്കുന്ന ധാതുക്കളും ലോഹങ്ങളും ഉപയോഗിക്കരുതെന്ന വേൾഡ് വൈൽഡ് ലൈഫ് ഫണ്ടിന്റെ ആഹ്വാനം ഗൂഗിൾ, ബി.എം.ഡബ്ല്യു., സാംസങ്, വോൾവോ തുടങ്ങിയ മുൻനിര കമ്പനികൾ ഏറ്റെടുത്തതാണ് ഒടുവിൽ കേട്ട ശുഭവാർത്ത!
സമുദ്രസംരക്ഷണത്തിന് യു.എൻ. ഉടമ്പടി
സമുദ്ര പരിസ്ഥിതിയെ സംരക്ഷിക്കാനുള്ള ശ്രമങ്ങളിൽ വളരെ പ്രധാനപ്പെട്ടതാണ് ഈ വർഷം നിലവിൽ വന്ന ബി.ബി.എൻ.ജെ. ട്രീറ്റി (ബയോഡൈവേഴ്സിറ്റി ബിയോൺഡ് നാഷണൽ ജൂറിസ്ഡിക് ഷൻ). വർഷങ്ങൾ നീണ്ട ചർച്ചകൾക്കുശേഷം സമുദ്രങ്ങളെ സംരക്ഷിക്കാനുള്ള ഒരു ചരിത്ര ഉടമ്പടിക്ക് ഐക്യരാഷ്ട്രസഭ അംഗീകാരം നൽകുകയായിരുന്നു. ഒരു രാജ്യത്തിന്റെയും അധികാരപരിധിയിൽ വരാത്ത സമുദ്രഭാഗങ്ങളുടെ (ഇന്റർനാഷണൽ സീ) 30 ശതമാനത്തോളം 2030-ഓടെ സംരക്ഷിതമേഖലയാക്കാനുള്ളതാണ് ഉടമ്പടി. ഈ മേഖലയിലെ സമുദ്രജീവികളുടെ സംരക്ഷണമാണ് ഉടമ്പടിയുടെ ലക്ഷ്യം.