അഹ്മദാബാദ്: ഇംഗ്ലണ്ട്-ന്യൂസിലൻഡ് ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ പിറന്നത് ഏകദിന ക്രിക്കറ്റിലെ പുതിയൊരു ലോക റെക്കോഡ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 282 റൺസെടുത്തു.
ജോറൂട്ടിന്‍റെ അർധ സെഞ്ച്വറി പ്രകടനമാണ് ഇംഗ്ലണ്ടിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. 86 പന്തുകൾ നേരിട്ട താരം 77 റൺസെടുത്തു പുറത്തായി. നായകൻ ജോസ് ബട്‍ലർ (42 പന്തിൽ 43), ജോണി ബെയർസ്റ്റോ (35 പന്തിൽ 33), ഹാരി ബ്രൂക്ക് (16 പന്തിൽ 25) എന്നിവരാണ് മറ്റു ടോപ് സ്കോറർമാർ. ഇംഗ്ലണ്ടിനായി ബാറ്റ് ചെയ്ത 11 താരങ്ങളും രണ്ടക്കം കടന്നു. ഇംഗ്ലീഷ് നിരയിൽ 11 റൺസ് വീതം നേടിയ മുഈൻ അലിയും ക്രിസ് വോക്ക്സുമാണ് ഏറ്റവും കുറഞ്ഞ സ്കോറിനു പുറത്തായ താരങ്ങൾ.
ഏകദിന ക്രിക്കറ്റിന്‍റെ ചരിത്രത്തിൽ ടീമിലെ 11 താരങ്ങളും പത്തിൽ കൂടുതൽ റൺസ് നേടുന്നത് ആദ്യമാണ്. ട്രെന്‍റ് ബോൾട്ട് എറിഞ്ഞ ആദ്യ ഓവറിലെ മൂന്നാം പന്ത് ബെയർസ്റ്റോ സിക്സർ പറത്തിയാണ് ടീമിന്‍റെ സ്കോർബോർഡ് തുറന്നത്. ലോകകപ്പിന്‍റെ ചരിത്രത്തിൽ സിക്സ് അടിച്ച് ടീം സ്കോർ തുറക്കുന്നതും ആദ്യമാണ്. ന്യൂസിലൻഡിനായി മാറ്റ് ഹെന്‍റി മൂന്നു വിക്കറ്റുകൾ വീഴ്ത്തി. മിച്ചൽ സാന്റ്നർ, ഗ്ലെൻ ഫിലിപ്സ് എന്നിവർ രണ്ടു വീതം വിക്കറ്റുകളും രചിൻ രവീന്ദ്രയും ട്രെന്റ് ബോൾട്ടും ഓരോ വിക്കറ്റ് വീതവും നേടി.