ഹാങ്ചൗ: ഖത്തറിൽ മെസ്സിയേയും സംഘത്തേയും അട്ടിമറിച്ച സൗദിയോട് ഇന്ത്യ പൊരുതി. പക്ഷേ റാങ്കിങ്ങിൽ 57-ാം സ്ഥാനത്തുള്ള അവരുടെ കരുത്തിനെ മറികടക്കാനുള്ള മികവ് ഇന്ത്യൻ യുവനിരയ്ക്കുണ്ടായിരുന്നില്ല. ഏഷ്യൻ ഗെയിംസ് പ്രീ ക്വാർട്ടറിൽ കരുത്തരായ സൗദിയോട് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെട്ട് ഇന്ത്യൻ ഫുട്ബോൾ ടീം പുറത്തായി.
ആദ്യ പകുതിയിലുടനീളം സൗദി ആക്രമണങ്ങളെ തടയാൻ ഇന്ത്യൻ താരങ്ങൾക്കായി. പക്ഷേ അവരുടെ കരുത്തുറ്റ പ്രസ്സിങ് ഗെയിമിനുള്ള മറുപടി സ്റ്റിമാച്ചിന്റെ കുട്ടികളുടെ പക്കൽ ഉണ്ടായിരുന്നില്ല. രണ്ടാം പകുതിയിൽ ആറു മിനിറ്റിനിടെ വീണ രണ്ട് ഗോളുകളിൽ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ വിധി കുറിക്കപ്പെട്ടു.
ഇരട്ട ഗോളുകൾ നേടി മുഹമ്മദ് ഖലിൽ മരാനാണ് സൗദിക്കായി തിളങ്ങിയത്. 51-ാം മിനിറ്റിൽ വലതുവിങ്ങിൽ നിന്ന് അബു അൽ ഷമാത്തിന്റെ ക്രോസ് ഖലിൽ ഹെഡ് ചെയ്ത് വലയിലെത്തിക്കുകയായിരുന്നു. പിന്നാലെ 57-ാം മിനിറ്റിൽ ഇന്ത്യയുടെ ഗോൾകീപ്പർ ധീരജിനെയും മറികടന്ന് പന്ത് വലയിലെത്തിച്ച ഖലിൽ സൗദിക്ക് ക്വാർട്ടറിലേക്കുള്ള ടിക്കറ്റ് സമ്മാനിച്ചു.
നിരവധി പ്രതിസന്ധികൾക്കിടയിൽ നിന്നാണ് പരിശീലകൻ സ്റ്റിമാച്ച് ടീമിനെ ഹാങ്ചൗവിൽ ഇറക്കിയത്. ഇന്ത്യൻ ഫുട്ബോൾ ടീമുകളെ ഗെയിംസിന് അയക്കേണ്ടെന്ന നിലപാടിലായിരുന്നു കേന്ദ്ര കായികമന്ത്രാലയം. ഒടുവിൽ ദീർഘനാളത്തെ ചർച്ചകൾക്കും വിവാദങ്ങൾക്കുമൊടുവിൽ ജൂലായ് 26-നാണ് ഇന്ത്യൻ ഫുട്ബോൾ ടീമുകൾക്ക് ഏഷ്യൻ ഗെയിംസിൽ കളിക്കാൻ കേന്ദ്ര കായികമന്ത്രാലയം അനുമതിനൽകിയത്. ഏഷ്യൻ റാങ്കിങ്ങിൽ ആദ്യ എട്ടുസ്ഥാനങ്ങളിലുള്ള ടീമുകളെ ഗെയിംസിൽ പങ്കെടുപ്പിക്കാനായിരുന്നു കായികമന്ത്രാലയത്തിന്റെ തീരുമാനം. പരിശീലകൻ ഇഗോർ സ്റ്റിമാച്ച് പ്രധാനമന്ത്രിക്ക് ഉൾപ്പെടെ കത്തയച്ചതിനെത്തുടർന്നാണ് മുൻ മാനദണ്ഡത്തിൽ ഇളവുനൽകി ഫുട്ബോൾ ടീമുകളെ കളിപ്പിക്കാൻ തീരുമാനിച്ചത്. പിന്നാലെ താരങ്ങളെ വിട്ടുനൽകാതെ ഐഎസ്എൽ ക്ലബ്ബുകളും പ്രതിസന്ധി സൃഷ്ടിച്ചു.
ഇതോടെ യാതൊരു പരിശീലന സെഷനുമില്ലാതെ ഹാങ്ചൗവിലെത്തി ചൈനക്കെതിരേ ആദ്യ മത്സരം കളിച്ച ഇന്ത്യ 5-1ന് തോറ്റു. രണ്ടാം മത്സരത്തിൽ ബംഗ്ലാദേശിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി പ്രതീക്ഷ കാത്തു. മൂന്നാം മത്സരത്തിൽ മ്യാൻമറിനെതിരേ 1-1ന് സമനില നേടിയതോടെ കൂടുതൽ ഗോളടിച്ചതിന്റെ ആനുകൂല്യത്തിൽ പ്രീ ക്വാർട്ടരിലേക്ക്. ഒടുവിലിതാ സൗദിയോട് തോറ്റ് പുറത്ത്