ബംഗളൂരു: ഇന്ത്യയുടെ ആദ്യ സൗര നിരീക്ഷണ ദൗത്യമായ ആദിത്യ എൽ1 പേടകം ഭൂമിയിൽ നിന്ന് സൂര്യനിലേക്കുള്ള യാത്രയിൽ 9.2 ലക്ഷം കിലോമീറ്റർ സഞ്ചരിച്ചതായി ഐ.എസ്. ആർ.ഒ. ഭൂമിയുടെ ഗുരുത്വാകർഷണ പരിധിയിൽ നിന്ന് പേടകം വിജയകരമായി പുറത്തുകടന്നു. ഭൂമിക്കും സൂര്യനും ഇടയിലുള്ള ലഗ്രാഞ്ചിയൻ 1 പോയന്റിലേക്കുള്ള പാതയിലാണ് ആദിത്യ എൽ1.
രണ്ടാം തവണയാണ് ഭൂമിയുടെ സ്വാധീന വലയത്തിന് പുറത്തേക്ക് ഐ.എസ്.ആർ.ഒ ഒരു പേടകത്തെ അയക്കുന്നത്. ഇന്ത്യയുടെ ചൊവ്വ പര്യവേക്ഷണ പേടകമായ ‘മംഗൾയാൻ’ എന്നറിയപ്പെടുന്ന മാർസ് ഓർബിറ്റർ മിഷൻ ആയിരുന്നു ആദ്യത്തേത്. ഇന്ത്യയുടെ ആദ്യത്തെ ഗ്രഹാന്തര ദൗത്യമായിരുന്നു മംഗൾയാൻ. 2013 നവംബർ അഞ്ചിനാണ് മംഗൾയാൻ വിജയകരമായി വിക്ഷേപിച്ചത്. 2014 സെപ്റ്റംബർ 24ന് പേടകം ചൊവ്വയുടെ ഭ്രമണപഥത്തിൽ എത്തി.
അതിസങ്കീർണ ഘട്ടത്തിലൂടെ (ക്രൂസ് ഫേസ്) 110 ദിവസം നീണ്ട യാത്രക്ക് ശേഷമാവും ഭൂമിക്കും സൂര്യനും ഇടയിലുള്ള ലഗ്രാഞ്ചിയൻ 1 പോയിന്‍റിൽ ആദിത്യ എൽ1 പേടകത്തെ സ്ഥാപിക്കുക. ഭൂമിയുടെയും സൂര്യന്‍റെയും ആകർഷണങ്ങളിൽ പെടാതെ ലഗ്രാഞ്ച് പോയന്‍റിന് ചുറ്റുമുള്ള ഹാലോ ഭ്രമണപഥത്തിൽ നിന്നാണ് ആദിത്യ സൗരപഠനം നടത്തുക.
സൂര്യന്‍റെ അന്തരീക്ഷത്തിലെ ചൂടും ഇവയിൽ നിന്നുണ്ടാകുന്ന വികിരണങ്ങൾ ബഹിരാകാശ കാലാവസ്ഥയിലും ഭൂമിയിലും വരുത്തുന്ന മാറ്റങ്ങളെ കുറിച്ചും പഠിക്കുകയാണ് അഞ്ചു വർഷം നീണ്ട പ്രധാന ദൗത്യം.
സൂര്യനെ കുറിച്ചുള്ള നിർണായകമായ വിവരങ്ങൾ ആദിത്യ എൽ1 ശേഖരിക്കാൻ തുടങ്ങിയെന്ന വാർത്ത ഐ.എസ്.ആർ.ഒ പുറത്തുവിട്ടിരുന്നു. ഭൂമിക്ക് 50,000 കിലോമീറ്ററിലധികം അകലെയുള്ള ഉഷ്ണ-ഊർജ-വൈദ്യുത കണങ്ങളാണ് പേടകത്തിലെ സ്റ്റെപ്സ്-1 (STEPS-1) ഉപകരണത്തിന്‍റെ സെൻസറുകൾ അളക്കാൻ തുടങ്ങിയത്. ഭൂമിക്കു ചുറ്റുമുള്ള കണങ്ങളുടെ സ്വഭാവ വിശകലനത്തിന് ശാസ്ത്രജ്ഞരെ സഹായിക്കുന്ന വിവരങ്ങളാണിവ.