ചരിത്രത്തിലാദ്യമായി ബഹിരാകാശമാലിന്യത്തിന് (സ്പേസ് ഡെബ്രി) ഉത്തരവാദികളായവർക്ക് പിഴ ചുമത്തി യുഎസ് ടിവി ഡിഷ് കമ്പനിക്കാണ് 1.2 കോടി രൂപയോളം പിഴ അധികൃതർ ചുമത്തിയത്. ബഹിരാകാശത്ത് ഉപയോഗശൂന്യമായി നിന്ന തങ്ങളുടെ ഉപഗ്രഹത്തെ ഫലപ്രദമായി ഡീ ഓർബിറ്റ് ചെയ്യാത്തതിനാണ് പിഴ.
ഭൂമിയിലെ ഏറ്റവും വലിയ പരിസ്ഥിതി പ്രശ്നങ്ങളിലൊന്നാണ് മാലിന്യം. എന്നാൽ ഈ മാലിന്യപ്രശ്നം ഭൂമിയിൽ ഒതുങ്ങുന്നതല്ല. ബഹിരാകാശത്തും മാലിന്യമുണ്ട്. സ്പേസ് ഡെബ്രി അഥവാ ബഹിരാകാശ മാലിന്യം എന്നറിയപ്പെടുന്ന ഈ മാലിന്യവും മനുഷ്യപ്രവർത്തനങ്ങളുടെ ഭാഗമായിട്ടുള്ളതാണ്
ഏറ്റവും മികച്ച ഉദാഹരണം: രണ്ടാം ചന്ദ്രൻ
ഹവായിയിലെ ഹേലെകല നിരീക്ഷണകേന്ദ്രത്തിന്റെ റഡാറിലാണ് ഇത് ആദ്യമായി പതിഞ്ഞത്.2020 സെപ്റ്റംബറിൽ. തിളക്കമേറിയ ഈ ബഹിരാകാശവസ്തു എന്താണെന്ന് ആർക്കും മനസ്സിലായില്ല. വാൽനക്ഷത്രമോ, അതോ ഛിന്നഗ്രഹമോ തുടങ്ങിയ അഭ്യൂഹങ്ങൾ എങ്ങും പരന്നു. നിരീക്ഷണങ്ങൾ തുടർന്നു കൊണ്ടേയിരുന്നുഒടുവിൽ നാസയുടെ ഇൻഫ്രറെഡ് ടെലിസ്കോപ് സൗകര്യവും ജെറ്റ് പ്രൊപ്പൽഷൻ സെന്ററിലെ വിദഗ്ധരുടെ സേവനവും ഉപയോഗിച്ച് ഉത്തരം കണ്ടെത്തി.
1966ൽ നാസ ചന്ദ്രനിലേക്കു വിട്ട സർവേയർ 2 എന്ന റോക്കറ്റിന്റെ ഭാഗമായിരുന്നു ഇത്.ബഹിരാകാശത്തിൽ ഉപേക്ഷിക്കപ്പെട്ട ഈ ഭാഗം 54 വർഷങ്ങൾക്കു ശേഷം ഭൂമിക്കരികിലെത്തിയതാണ്. ഭൂമിയുടെ അന്തരീക്ഷത്തിനു പുറത്ത് കുന്നുകൂടുന്ന ബഹിരാകാശ മാലിന്യം.ലോഹനിർമിതമായ ഉപഗ്രഹങ്ങൾ കത്താതെയും നശിക്കാതെയും ചെറിയ ഭാഗങ്ങളായി ഭൂമിയെ ചുറ്റിക്കറങ്ങാറുണ്ട്.ഭൂമിക്കു ചുറ്റും ഏഴര ലക്ഷത്തിലധികം ഇത്തരം ലോഹഭാഗങ്ങൾ ഭ്രമണം ചെയ്യുന്നെന്നാണു കണക്ക്.
ഭൂമിക്കുള്ളിലെയും അന്തരീക്ഷവായുവിലെയുമൊക്കെ മാലിന്യങ്ങൾ ചർച്ചയാകുമ്പോൾ ബഹിരാകാശ മാലിന്യത്തെക്കുറിച്ച് അധികം ബോധവൽക്കരണം അടുത്ത കാലം വരെ ഇല്ലായിരുന്നു.എന്നാൽ ഇപ്പോൾ സ്ഥിതി മാറുകയാണ്. ബഹിരാകാശമേഖലയുമായി ബന്ധപ്പെട്ടുള്ള മാലിന്യത്തിന്റെ ആഘാതം ഭൂമിയിലുമുണ്ട്.
ശാന്തസമുദ്രത്തിൽ തീരങ്ങളിൽ നിന്ന് ഏറ്റവും അകലെ സ്ഥിതി ചെയ്യുന്ന മേഖലയായ പോയിന്റ് നെമോയിൽ ഉപയോഗശൂന്യമായ റോക്കറ്റുകളും ബഹിരാകാശ വാഹനങ്ങളുമൊക്കെ ധാരാളമായുണ്ട്. ഇവിടെ നൂറുകണക്കിന് ബഹിരാകാശ വാഹനങ്ങൾ ഇത്തരത്തിൽ കിടപ്പുണ്ടെന്നാണു പറയപ്പെടുന്നത്. പഴയ റഷ്യൻ സ്പേസ് സ്റ്റേഷനായ മിറും ഇക്കൂട്ടത്തിലുണ്ട്.