ഭൂകമ്പ സാദ്ധ്യതയുണ്ടെങ്കിൽ ഫോണിൽ മുന്നറിയിപ്പെത്തും; എർത്ത് ക്വേക്ക് അലർട്ട് ഇന്ത്യയിൽ അവതരിപ്പിച്ച് ഗൂഗിൾ
ഭൂകമ്പവുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകൾ ഇനി ആൻഡ്രോയിഡ് ഫോണുകളിൽ ലഭ്യമാകും. ഫോണിലെ സെൻസറുകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന പുതിയ ഫീച്ചർ ഗൂഗിൾ രാജ്യത്ത് അവതരിപ്പിച്ചു. ഫോണിന്റെ ആക്‌സിലറോ മീറ്റർ പോലുള്ള സെൻസറുകൾ ഉപയോഗിച്ചാണ് ഗൂഗിൾ ഭൂമികുലുക്കം തിരിച്ചറിയുന്നത്. എന്തെങ്കിലും തരത്തിലുള്ള വ്യതിയാനങ്ങളുണ്ടെങ്കിൽ ഉടൻ തന്നെ അറിയിപ്പ് നൽകും.
ആൻഡ്രോയിഡ് എർത്ത് ക്വേക്ക് അലേർട്ട് സിറ്റം എന്ന ഫീച്ചർ ഇതിനോടകം തന്നെ വിവിധ രാജ്യങ്ങളിൽ അവതരിപ്പിച്ചു കഴിഞ്ഞു. ഭൂമികുലുക്കം ഉണ്ടാകുന്നതിന്റെ പ്രാരംഭ ഘട്ടത്തിൽ തന്നെ വിവരം അറിയിക്കുന്നു എന്നതിനാൽ ജനങ്ങൾക്ക് മുൻകരുതൽ എടുക്കാനാകുമെന്ന് ഗൂഗിൾ ഉറപ്പു നൽകുന്നു. നാഷണൽ ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി, നാഷണൽ സീസ്‌മോളജി സെന്റർ എന്നിവയുമായി കൂടിയാലോചിച്ചതിന് ശേഷമാണ് ഗൂഗിൾ പുതിയ ഫീച്ചർ ഇന്ത്യയിൽ അവതരിപ്പിച്ചത്.
ഭൂകമ്പങ്ങൾ തിരിച്ചറിയാൻ സഹായിക്കുന്ന ഒരു കുഞ്ഞൻ ഭൂകമ്പമാപിനിയാക്കി ഫോണിനെ മാറ്റുകയാണ് പുതിയ ഫീച്ചറിലൂടെ ചെയ്യുന്നതെന്ന് ഗൂഗിൾ പറയുന്നു. ഇതിന്റെ ഭാഗമായി ഫോണിലെ ആക്‌സലെറോ മീറ്ററിനെ ഒരു സീസ്‌മോഗ്രാഫ് ആയി ഉപയോഗിക്കും. ചാർജ് ചെയ്യുന്നതിന് പ്ലഗിൽ കണ്ക്ട് ചെയ്ത് മേശപ്പുറത്ത് വെക്കുന്ന ഫോണിന് ഭൂകമ്പത്തിന്റെ ആദ്യ സൂചനകൾ തിരിച്ചറിയാനാകും. പ്രദേശത്ത് ഒന്നിലധികം ഫോണുകൾ സമാന ചലനം തിരിച്ചറിയുന്നതോടെ ഗൂഗിൾ സെർവറുകൾ ഇത് ഭൂകമ്പമാണെന്ന് മനസിലാക്കുന്നു. തുടർന്ന് ഇത് എവിടെയെന്നും എത്ര മാത്രം ശക്തമെന്നും തിരിച്ചറിയും. ഇതിന് ശേഷമാകും ഗൂഗിൾ ഫോണുകളിൽ അലർട്ട് നൽകുക.