തിരുവന്തപുരം: മഴ ശക്തമായ സാഹചര്യത്തിൽ നെയ്യാർ ഡാമിന്റെ ഷട്ടറുകൾ ഉയർത്തിയതായി ജില്ല കളക്ടർ അറിയിച്ചു. നിലവിൽ 280 സെന്റി മീറ്റർ വീതമാണ് ഷട്ടറുകൾ ഉയർത്തിയിരിക്കുന്നത്. സമീപവാസികൾ ജാഗ്രത പാലിക്കണമെന്ന് കലക്ടർ അറിയിച്ചു. ശക്തമായ മഴ കണക്കിലെടുത്ത് തിരുവനന്തപുരത്ത് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം മഴ തുടരുന്ന സാഹചര്യത്തിൽ തെൻമല ഡാമിന്റെ ഷട്ടറുകൾ തുറക്കുമെന്ന് കൊല്ലം ജില്ലാ കളക്ടർ അറിയിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് 12 ഓടെ മൂന്ന് ഷട്ടറുകൾ 30 സെമി വീതമാണ് തുറക്കുക. കല്ലടയാറ്റിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും കളക്കർ അറിയിച്ചു.
നിലവിൽ 110.69 മീറ്ററാണ് ഡാമിലെ ജലനിരപ്പ്. 115.82 മീറ്റർ ആണ് ഡാമിലെ പരമാവധി ജലനിരപ്പ്. 392.42 ദശലക്ഷം ക്യുബിക് മീറ്ററാണ് നിലവിൽ സംഭരിച്ചിട്ടുള്ളത്. മൊത്തം സംഭരണ ശേഷിയുടെ 78 ശതമാനം വരുമിത്.
അതേസമയം സംസ്ഥാനത്ത് മഴ തുടരുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ
എന്നീ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
ശക്തി പ്രാപിക്കാൻ സാധ്യതയുള്ള മലയോര/ തീരദേശ മേഖലയിൽ പ്രത്യേക ജാഗ്രത പുലർത്തേണ്ടതാണെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
സംസ്ഥാനത്തെ മൂന്ന് പുഴകളിൽ കേന്ദ്ര ജലകമ്മിഷൻ വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.കരമനയാറിലെ വെള്ളൈകടവ് , നെയ്യാറിലെ അരുവിപ്പുറം മണിമലയാറ്റിലെ കല്ലൂപ്പാറ എന്നിവിടങ്ങളിൽ ജലനിരപ്പ് അപകട നിരപ്പിനേക്കാൾ ഉയർന്നിരിക്കുന്നത്. ഇവിടെ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.