ഹാങ്ചൗ: 2023 ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ കുതിപ്പ് തുടരുകയാണ്. ഷൂട്ടിങ്ങിന് പിന്നാലെ അത്ലറ്റിക്സിലും ഇന്ത്യ മെഡൽ വാരിക്കൊണ്ടിരിക്കുകയാണ്.
ഇന്ത്യയ്ക്ക് വേണ്ടി 15-ാം സ്വർണം നേടി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് അന്നു റാണി. വനിതകളുടെ ജാവലിൻ ത്രോയിലാണ് താരം ഒന്നാമതെത്തിയത്.
ഇതാദ്യമായാണ് ഒരു ഇന്ത്യൻ താരം വനിതാ ജാവലിൻ ത്രോയിൽ സ്വർണം നേടുന്നത്. ഇതിനുമുൻപ് 1958-ൽ എലിസബത്ത് ദാവെൻപോർട്ട് നേടിയ വെള്ളി മെഡലായിരുന്നു ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം.
ഫൈനലിൽ 62.92 മീറ്റർ ദൂരം കണ്ടെത്തിയാണ് അന്നു സ്വർണം കഴുത്തിലണിഞ്ഞത്. 31 കാരിയായ അന്നു ഇതാദ്യമായാണ് ഏഷ്യൻ ഗെയിംസിൽ സ്വർണം നേടുന്നത്. 2014-ൽ താരം വെങ്കലം നേടിയിരുന്നു. ഈയിടെ അവസാനിച്ച കോമൺ വെൽത്ത് ഗെയിംസിൽ അന്നു വെങ്കലം നേടിയിരുന്നു.
കരിയറിലെ ഏറ്റവും മികച്ച പ്രകടനം ഏഷ്യൻ ഗെയിംസിൽ പുറത്തെടുക്കാൻ സാധിച്ചില്ലെങ്കിലും താരം മികവ് പുലർത്തി.
നാലാം ശ്രമത്തിലാണ് അന്നു 62.92 മീറ്റർ ദൂരം കണ്ടെത്തിയത്. അതുവരെ ശ്രീലങ്കയുടെ ഹതരബാഗാണ് ലീഡ് ചെയ്തത്. അന്നുവിന്റെ കരിയറിലെ ഏറ്റവും മികച്ച ദൂരം 63.24 മീറ്ററാണ്.