ബംഗ്ലദേശ്, മ്യാൻമർ ഭീകരരുമായി ബന്ധം: മണിപ്പുരിൽ ഒരു ഭീകരനെ എൻഐഎ അറസ്റ്റ് ചെയ്തു
3 October 2023
1 കണ്ടു 1
ന്യൂഡൽഹി∙ ഭീകരവാദപ്രവർത്തനങ്ങളിൽ പങ്കാളിയായ ഒരാളെ മണിപ്പുരിലെ മലയോര ഗ്രാമമായ ചുരാചന്ദ്പുരിൽനിന്ന് എൻഐഎ അറസ്റ്റ് ചെയ്തു. ബംഗ്ലാദേശിലെയും മ്യാൻമറിലെയും ഭീകരവാദ നേതാക്കളുമായി ഇയാൾ ഗൂഢാലോചന നടത്തിയതായി കണ്ടെത്തി.
മണിപ്പുർ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് മ്യാൻമറിലെയും ബംഗ്ലാദേശിലെയും ഭീകരരുമായി കൂടിയാലോചന നടത്തിയതായും ഭീകര വിരുദ്ധ ഏജൻസി പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യയിൽ വർഗീയ ധ്രുവീകരണം നടത്തുന്നതിനായി ബംഗ്ലാദേശും മ്യാൻമറും കേന്ദ്രീകരിച്ച് പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ഇതിൽ പ്രധാന കണ്ണിയാണ് അറസ്റ്റിലായ സമീനുൽ ഗാങ്തെ എന്ന് എൻഐഎ എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നുണ്ട്.
അതേസമയം മണിപ്പുരിൽ മെയ്തെയ് വിഭാഗത്തിൽപ്പെട്ട രണ്ട് വിദ്യാർഥികൾ കൊല്ലപ്പെട്ട സംഭവത്തിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം ശക്തമായി. കൗമാരക്കാരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ ആരോപിച്ചു. കേസ് സിബിഐക്ക് സംസ്ഥാന സർക്കാർ നേരത്തേ കൈമാറിയിരുന്നു. വിദ്യാർഥി പ്രക്ഷോഭം തടയുന്നതിനായി വിദ്യാലയങ്ങൾക്ക് അവധി നൽകിയിരിക്കുകയാണ്. 5 മാസത്തിനു ശേഷം പുനഃസ്ഥാപിച്ച ഇന്റർനെറ്റ് വീണ്ടും നിരോധിച്ചു.