മോഹിനിയാട്ടം കേരളത്തിന്റെ തനത് ലാസ്യനൃത്തകലാരൂപമാണ്. നാട്യശാസ്ത്രത്തിൽ പ്രതിപാദിക്കുന്ന ചതുർവൃത്തികളിൽ ലാസ്യ-ലാവണ്യസമ്പന്നമായ കൈശികീവൃത്തിയിൽ ഊന്നിയ ചലനങ്ങളാണു മോഹിനിയാട്ടത്തിന്റെ മുഖമുദ്ര. ഭാരതി, സാത്വതി, ആരഭടി എന്നിവയാണു മറ്റു മൂന്നു വൃത്തികൾ. രസരാജനായ ശൃംഗാരമാണു മോഹിനിയാട്ടത്തിൽ കൂടുതലായി ആവിഷ്കരിക്കപ്പെടാറുള്ളത്. ശൃംഗാരരസപ്രകരണത്തിനു ഏറ്റവും അനുയോജ്യമായ വൃത്തിയും കൈശികിയത്രെ. മലയാളത്തിലെ ഒരേയൊരു ശാസ്ത്രീയ സ്ത്രീനൃത്തകലയായ മോഹിനിയാട്ടം ഈയിടെയായി പുരുഷന്മാരും അവതരിപ്പിച്ചുകാണുന്നു. കേരളീയക്ഷേത്രങ്ങളിൽ നിലനിന്നിരുന്ന ദേവദാസീനൃത്തത്തിന്റെ പരിഷ്കരിച്ച രൂപമാണ് മോഹിനിയാട്ടം. കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ കേരളത്തിലെ പ്രശസ്തയായ മോഹിനിയാട്ട നർത്തകിയായിരുന്നു.
അവതരണ ശൈലി
ലാസ്യപ്രധാനമായ ഈ ദൃശ്യകലയിൽ നൃത്യശില്പങ്ങൾ പൊതുവേ ശൃംഗാരരസ പ്രധാനങ്ങളാണ്. ചൊൽക്കെട്ട്, ജതിസ്വരം, പദം, പദവർണം, തില്ലാന എന്നിവയാണ് ഇന്നു പ്രചാരത്തിലുള്ള മോഹിനിയാട്ടം ഇനങ്ങൾ. ‘ചൊൽക്കെട്ട്‘ എന്ന നൃത്തം നൃത്യമൂർത്തികളായ ശിവപാർവ്വതിമാരെ സ്‌തുതിച്ച് കൊണ്ട് തുടങ്ങുന്നു. ചൊല്ലുകളുടെ സമാഹാരങ്ങളും പദസാഹിത്യവും ചേർന്ന് ലാസ്യ പ്രധാനമാണ് ചൊൽക്കെട്ട്. മോഹിനിയാട്ടത്തിൽ മാത്രം കാണാവുന്ന രൂപമാണ് ചൊൽക്കെട്ട്.
അടവുകൾക്ക് യോജിച്ച ഭാവം കൊടുക്കുകയും കൈ, മെയ്, കാലുകൾ, കണ്ണുകള്‍, ശിരസ്സ് തുടങ്ങിയ അംഗോപാംഗങ്ങൾ ഭംഗിയോടെ ചലിപ്പിക്കുകയും വേണം. ഓരോ അടവുകളും തീരുമാനങ്ങളും കഴിഞ്ഞാൽ ‘ചാരി’ എടുക്കേണ്ടതാണ്. പുറകോട്ട് പാദം ഊന്നിപ്പോകുന്ന ചാരി മോഹിനിയാട്ടത്തിന്റെ പ്രത്യേകതയാണ്.