സുഭാഷ് ചന്ദ്രബോസ് ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ഒരു പ്രധാന നേതാവായിരുന്നു. നേതാജി എന്നാണ് അദ്ദേഹം വിളിക്കപ്പെട്ടിരുന്നത്. തുടർച്ചയായി രണ്ടു തവണ അദ്ദേഹം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഗാന്ധിജിയുടെ സമരരീതികൾ ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തരുവാൻ പോകുന്നതല്ല എന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. ഓൾ ഇന്ത്യാ ഫോർവേഡ് ബ്ലോക്ക് എന്ന പേരിൽ ഒരു രാഷ്ട്രീയപ്പാർട്ടി അദ്ദേഹം രൂപവത്കരിച്ചു.പതിനൊന്നു തവണ അദ്ദേഹത്തെ ബ്രിട്ടീഷ് അധികാരികൾ ജയിലിലടച്ചിട്ടുണ്ട്. രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ട സമയത്ത് അദ്ദേഹം ഇന്ത്യയിൽ നിന്നു പലായനം ചെയ്തു. ജർമ്മനിയിലായിരുന്നു അദ്ദേഹം ചെന്നെത്തിയത്. അച്ചുതണ്ടു ശക്തികളുടെ സഹായത്തോടെ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ യുദ്ധം ചെയ്തു സ്വാതന്ത്ര്യം നേടിയെടുക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.
കേംബ്രിഡ്‌ജ് സർവ്വകലാശാലയിലായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസം. 1920 - ൽ അദ്ദേഹം ഇന്ത്യൻ സിവിൽ സർവീസ് പ്രവേശനപ്പരീക്ഷ എഴുതി. പക്ഷേ ഉയർന്ന മാർക്കുണ്ടായിരുന്നിട്ടും സ്വാതന്ത്ര്യ സമരത്തിൽ പ്രവർത്തിക്കാൻ വേണ്ടി അദ്ദേഹം സിവിൽ സർവീസ് ഉപേക്ഷിച്ചു. പിന്നീട് അദ്ദേഹം ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്നു. പക്ഷേ ഗാന്ധിജിയുടെ അഹിംസാ സിദ്ധാന്തവുമായി യോജിച്ചു പോകാൻ ബോസിനു കഴിഞ്ഞില്ല. അതിനാൽ അദ്ദേഹം കൽക്കട്ടയിലേക്ക് പോയി, അവിടെ ചിത്തരഞ്ജൻ ദാസ് എന്ന ബംഗാളി സ്വാതന്ത്ര്യസമര സേനാനിയുടെ കീഴിൽ പ്രവർത്തിക്കാനാരംഭിച്ചു. മോട്ടിലാൽ നെഹ്രുവിനോടൊപ്പം സ്വരാജ് പാർട്ടി സ്ഥാപിച്ച ആളാണ് ചിത്തരഞ്ജൻ ദാസ്. 1921- ൽ വെയിൽസിലെ രാജകുമാരൻ ഇന്ത്യ സന്ദർശിക്കുന്നതിനോടനുബന്ധിച്ചുള്ള ആഘോഷങ്ങൾ ബഹിഷ്കരിക്കാൻ ബോസ് ജനങ്ങളോട് ആഹ്വാനം ചെയ്തു അതെത്തുടർന്ന് അദ്ദേഹം അറസ്റ്റിലും ആയി.
1924 ഏപ്രിലിൽ, പുതിയതായി രൂപവത്കരിച്ച കൽക്കട്ട കോർപ്പറേഷന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ആയി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു, ചിത്തരഞ്ജൻ ദാസായിരുന്നു കോർപ്പറേഷൻ മേയർ. 3000 രൂപ മാസശമ്പളത്തോടെയായിരുന്നു അദ്ദേഹത്തെ നിയമിച്ചത് പക്ഷേ 1500 രൂപയേ അദ്ദേഹം വാങ്ങിയിരുന്നുള്ളു. ആ വർഷം തന്നെ ഒക്‌ടോബറിൽ തീവ്രവാദിയാണെന്ന സംശയത്തിന്റെ പുറത്ത് ബോസിനെ അറസ്റ്റ് ചെയ്തു. ആദ്യം അലിപൂർ ജയിലിലായിരുന്നു പാർപ്പിച്ചിരുന്നതെങ്കിലും പിന്നീട് അദ്ദേഹത്തെ ബർമ്മയിലേക്ക് നാടുകടത്തി. സെപ്തംമ്പർ 25ന് അദ്ദേഹം ജയിൽ മോചിതനായി, അതിനു ശേഷം നടന്ന തിരഞ്ഞെടുപ്പിൽ കൽക്കട്ട മേയറായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.
1991-ൽ ഭാരത സർക്കാർ ബോസിന് മരണാനന്തര ബഹുമതിയായി ഭാരതരത്നം പ്രഖ്യാപിച്ചു. എന്നാൽ ബോസിന്റെ മരണം സ്ഥിരീകരിക്കപ്പെട്ടിട്ടില്ലാത്ത സാഹചര്യത്തിൽ ഇതു പാടില്ല എന്ന് കോടതിയിൽ ഒരു പരാതി സമർപ്പിക്കപ്പെടുകയും തുടർന്ന് ഗവണ്മെന്റ് പുരസ്കാരം പിൻവലിക്കുകയും ചെയ്തു. ബോസിന്റെ മരണത്തെ സ്ഥിരീകരിക്കാൻ ഗവണ്മെന്റ് സ്വീകരിച്ച ഒരു തന്ത്രമായി നിരീക്ഷകർ ഈ സംഭവത്തെ വിലയിരുത്തുന്നു