ശിവ-പാർവതിമാരുടെ പുത്രനായ സുബ്രഹ്മണ്യന്റെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളിൽ ഒന്നാണ് തമിഴ്നാട്ടിലെ പഴനിയിലുള്ള പഴനി ശ്രീ ദണ്ഡായുധപാണിക്ഷേത്രം അഥവാ പഴനി മുരുകൻ ക്ഷേത്രം. ദണ്ഡും പിടിച്ചു കൊണ്ട് നിൽക്കുന്ന മുരുകന്റെ നവപാഷാണ നിർമ്മിതമായ പ്രതിഷ്ഠയായതിനാൽ "ദണ്ഡായുധപാണി" എന്ന് വിളിക്കുന്നു. "പഴനി ആണ്ടവൻ" എന്ന പേരിൽ ഇവിടുത്തെ ഭഗവാൻ തമിഴ്നാട്ടിലും കേരളത്തിലും ഒരുപോലെ പ്രസിദ്ധനാണ്. അറിവിന്റെ പഴമെന്ന അർഥമുള്ള "ജ്ഞാനപ്പഴമെന്ന" വാക്കിൽ നിന്നാണ് "പഴനി" എന്ന സ്ഥലനാമം രൂപപ്പെട്ടതെന്ന് പറയപ്പെടുന്നു. കേരളവുമായി ഏറ്റവും കൂടുതൽ ബന്ധമുള്ള തമിഴകത്തെ ക്ഷേത്രമാണ് പഴനി ദണ്ഡായുധപാണി ക്ഷേത്രം. സുബ്രഹ്മണ്യസ്വാമി പഴനിയിൽ പടിഞ്ഞാറ് ദർശനമായി നിൽക്കുന്നു. അതായത് കേരളത്തിന് അഭിമുഖമായി. അതിനാൽ കേരളത്തിന്റെ അനുഗ്രഹദാതാവാണ് പഴനി ആണ്ടവൻ എന്ന് കേരളീയരായ ഭക്തർ വിശ്വസിക്കുന്നു. സുബ്രഹ്മണ്യനെയാണ് ജ്ഞാനപ്പഴമായി കണക്കാക്കുന്നത്. മലയുടെ താഴെ ശ്രീ മുരുകന്റെ അറുപടൈവീട് എന്നറിയപ്പെടുന്ന ആറു ക്ഷേത്രങ്ങളിൽ ഒന്നായ തിരു-ആവിനൻ-കുടി സ്ഥിതി ചെയ്യുന്നു. പരബ്രഹ്മസ്വരൂപനായ സുബ്രഹ്മണ്യന്റെ ആറു മുഖങ്ങളുള്ള ഷണ്മുഖൻ എന്ന പ്രതിഷ്ഠയാണിവിടെ. നവപാഷാണങ്ങൾ എന്ന ഒൻപതു സിദ്ധ ഔഷധങ്ങൾ ചേർത്ത് തയ്യാറാക്കിയ പ്രത്യേക ഔഷധക്കൂട്ടാണ് പഴനി മുരുകന്റെ പ്രതിഷ്ഠ നിർമ്മിക്കാൻ ഭോഗമഹർഷി ഉപയോഗിച്ചത് . അതിനാൽ ഈ പ്രതിഷ്ഠയിൽ അഭിഷേകം ചെയ്യുന്ന പഞ്ചാമൃതം, ചന്ദനം എന്നിവ സർവരോഗശമനിയായി ഭക്തർ കരുതുന്നു. ഭഗവാനെ രാജകീയ രൂപത്തിൽ അണിയിച്ചൊരുക്കുന്ന വൈകുന്നേരത്തെ "രാജാലങ്കാര പൂജ"(സായരക്ഷ) തൊഴുന്നത് ഐശ്വര്യകരമാണ് എന്നാണ് വിശ്വാസം. "കാവടി" എടുക്കുന്നതും തലമുടി കളയുന്നതും ഇവിടുത്തെ പ്രധാന വഴിപാടുകളാണ്. ഞാനെന്ന അഹംഭാവം ഉപേക്ഷിച്ചു ജഗദീശ്വരനോട് താദാത്മ്യം പ്രാപിക്കുന്നു എന്നതിന്റെ പ്രതീകമായാണ് തല മുണ്ഡനം ചെയ്യുന്നത്. പഞ്ചാമൃതവും, വിഭൂതിയുമാണ് (ഭസ്മം) പ്രസാദം. തൈമാസത്തിൽ (ജനുവരി 14/15-ഫെബ്രുവരി 12/13) ധാരാളം ഭക്തർ ഇവിടെ ദർശനത്തിനെത്തുന്നു. തൈ മാസത്തിലെ പൗർണമി ദിവസമായ "തൈപ്പൂയമാണ്" പ്രധാന ഉത്സവം. അന്നേ ദിവസം ഭക്തരുടെ കാവടിയാട്ടവും ഭഗവാന്റെ തങ്കരഥത്തിലുള്ള എഴുന്നള്ളത്തും നടക്കുന്നു. നവപാഷാണരൂപിയായ പഴനി മുരുകനെ ദർശിക്കുന്നത് സകല ദുരിതങ്ങളും ശമിപ്പിക്കും എന്നാണ് വിശ്വാസം.