ഉത്തർ പ്രദേശിലെ അയോദ്ധ്യക്കടുത്ത് ഹിന്ദു ദേവനായ രാമൻ ജനിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലമാണ് രാമജന്മഭൂമി എന്നറിയപ്പെടുന്നത്. " അയോധ്യ " എന്ന നഗരത്തിൽ സരയൂ നദിയുടെ തീരത്താണ് രാമന്റെ ജന്മസ്ഥലം എന്ന് രാമായണം പറയുന്നു. ഇന്നത്തെ അയോധ്യ ഉത്തരേന്ത്യൻ സംസ്ഥാനമായ ഉത്തർപ്രദേശിലാണ് .
ഇന്നത്തെ ഉത്തർപ്രദേശിലെ അയോധ്യയിൽ ബാബറി മസ്ജിദ് നിലനിന്നിരുന്ന സ്ഥലമാണ് രാമന്റെ ജന്മസ്ഥലമെന്ന് ചില ഹിന്ദുക്കൾ അവകാശപ്പെടുന്നു . 1992 ഡിസംബർ 6 ന് വിശ്വ ഹിന്ദു പരിഷത്തിലെയും അനുബന്ധ സംഘടനകളിലെയും ഒരു വലിയ കൂട്ടം ഹിന്ദു പ്രവർത്തകർ ബാബറി മസ്ജിദ് തകർക്കുകയും ചെയ്തു. വിശ്വ ഹിന്ദു പരിഷത്ത് ഇവിടെ ഒരു രാമക്ഷേത്രം പണിയാൻ തീരുമാനിക്കുകയും അതിനു ശേഷം കോടതിയിലും രാഷ്ട്രീയമായും ചരിത്രപരമായും സാമൂഹിക-മതപരവുമായുള്ള ബാബറി മസ്ജിദിന്റെ പിന്നിലെ ചരിത്രത്തിനെക്കുറിച്ചുള്ള ചർച്ചകളെ "അയോധ്യാ തർക്കം" എന്നാണ് അറിയപ്പെട്ടത്.
ബ്രിട്ടാനിക്ക വിജ്ഞാനകോശത്തിന്റെ 1986-ലെ ലക്കത്തിൽ റിപ്പോർട്ട് ചെയ്തത് "മുഗൾ ചക്രവർത്തിയായിരുന്ന ബാബർ 1528-ൽ രാമന്റെ ജന്മസ്ഥലത്തെ നേരത്തെയുണ്ടായിരുന്ന ക്ഷേത്രത്തിന്റെ സ്ഥാനത്ത് പള്ളി പണിതു" എന്നാണ്. ഹിന്ദുക്കളുടെ ഭാഷ്യത്തിൽ പുരാതന ക്ഷേത്രം ബാബർ തകർത്തു എന്നാണ്. സ്വാതന്ത്ര്യത്തിന് മുൻപേതന്നെ ഈ സ്ഥലത്ത് ആരാധനക്കായി ഹിന്ദുക്കൾ ആവശ്യം ഉന്നയിച്ചിരുന്നു.
2010 സെപ്റ്റംബർ 30-ന് 2400 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ബാബറി പള്ളി ഉൾപ്പെട്ടിരുന്ന തർക്കഭൂമി കേസിലെ കക്ഷികളായിരുന്ന മുന്ന് വിഭാഗങ്ങൾക്കും തുല്യമായി വീതിക്കണമെന്ന് അലഹാബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ച് വിധിച്ചു. രാമക്ഷേത്രം തകർത്താണ് പള്ളിനിർമ്മിച്ചതെന്നും അതിനാൽ പള്ളിയുടെ ഭൂമി ഹിന്ദുക്കൾക്ക് വിട്ടുകൊടുക്കണമെന്നും ചരിത്രപ്രധാന വിധിയിൽ കോടതി വ്യക്തമാക്കി. അങ്ങനെ രാമവിഗ്രഹം പ്രതിഷ്ട്ടിച്ചിരുന്ന ഭാഗം രാം ലല്ലയ്ക്കും, സീതാ രസോയി നിന്നിരുന്ന ഭാഗം നിര്മോഹി അഖാരക്കും മൂന്നാം ഭാഗം സുന്നി വക്കഫ് ബോർഡിനും ലഭിച്ചു. എന്നാൽ, 2011 മെയ് 8 ന് രാജ്യത്തെ സുപ്രീം കോടതി, വീതിച്ചു കൊടുക്കാൻ കക്ഷികൾ ആവശ്യപ്പെട്ടിട്ടില്ല എന്ന് ചൂണ്ടിക്കാട്ടി 2010 സെപ്റ്റംബർ 30 ലെ അലഹബാദ് ഹൈകോടതിയുടെ വിധിക്ക് സ്റ്റേ പ്രഖ്യാപിച്ചു.