കേരളത്തിലെ പത്തനംതിട്ട ജില്ലയിൽ റാന്നി താലൂക്കിൽ റാന്നി-പെരുനാട് ഗ്രാമപഞ്ചായത്തിൽ പശ്ചിമഘട്ടത്തിന്റെ ഭാഗമായ പെരിയാർ കടുവ സംരക്ഷിത പ്രദേശത്തിൽ സ്ഥിതിചെയ്യുന്ന ഒരു പ്രധാനപ്പെട്ട ഹൈന്ദവ തീർത്ഥാടന കേന്ദ്രമാണ് ശബരിമല ശ്രീ അയ്യപ്പക്ഷേത്രം. ഒരു പ്രത്യേക കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ ഭക്തരെത്തുന്ന ലോകത്തിലെതന്നെ ഏറ്റവും വലിയ ക്ഷേത്രങ്ങളിലൊന്നാണ് ശബരിമല. ഏകദേശം മൂന്നു കോടിയിലധികം പേരാണ് ഓരോ വർഷവും ഇവിടം സന്ദർശിക്കുന്നത്. ചില കണക്കുകൾ ഇവ അഞ്ചു കോടിയോളം വരുമെന്നു പറയുന്നു. ഹരിഹരപുത്രനായ (ശിവൻ, വിഷ്ണു എന്നിവരുടെ മകനായ)അയ്യപ്പനാണ് ഇവിടുത്തെ പ്രതിഷ്ഠ എന്നാണ് വിശ്വസിക്കുന്നത്. കൂടാതെ അടുത്ത് പ്രത്യേകം ക്ഷേത്രത്തിൽ മാളികപ്പുറത്തമ്മ എന്നു പേരുള്ള ശക്തിസ്വരൂപിണിയായ ഒരു ഭഗവതി സങ്കല്പവും തുല്യപ്രാധാന്യത്തിൽ കുടികൊള്ളുന്നു. ഉപദേവതകളായി ആദിമൂല ഗണപതി, മഹാദേവൻ,വാവരുസ്വാമി, വലിയ കടുത്തസ്വാമി, കൊച്ചു കടുത്തസ്വാമി, കറുപ്പുസ്വാമി, നവഗ്രഹങ്ങൾ, നാഗദൈവങ്ങൾ എന്നിവർക്കും പ്രത്യേകം സന്നിധികളുണ്ട്. ശബരിമലയിലെ ആചാരങ്ങൾ ശൈവമതം, വൈഷ്ണവമതം, ശാക്തേയം, ശ്രമണമതം എന്നിവയുടെ ഒരു സമ്മിശ്രണമാണ്. വേദവാക്യങ്ങളിൽ ഏറ്റവും കൂടുതൽ പ്രാചാരമുള്ള തത്ത്വമസി (അത് നീയാകുന്നു) എന്ന മഹാവാക്യം ഈ ക്ഷേത്രത്തിന് മുൻപിലായി വലിയ അക്ഷരത്തിൽ എഴുതിവച്ചിട്ടുണ്ട്.
സമുദ്രനിരപ്പിൽ നിന്നും ഏകദേശം 480 മീറ്റർ (1,574 അടി) ഉയരത്തിൽ 18 മലകൾക്കു നടുവിലായാണ് ശബരിമല ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പഞ്ചലോഹത്തിൽ പൊതിഞ്ഞ പതിനെട്ട് കരിങ്കൽ പടികളോടുകൂടിയ ചെറിയൊരു ക്ഷേത്രവും അതിനുമുകളിലുള്ള സ്വർണ്ണം പൊതിഞ്ഞ രണ്ട് ചതുരശ്രീകോവിലുകളുമാണ് ശബരിമലയിലുള്ളത്. കേരളത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ നദിയായ പമ്പാ നദിയുടെ ഉദ്ഭവം ശബരിമലയ്ക്കടുത്തുനിന്നാണ്. ക്ഷേത്രത്തിൽ നിന്ന് ഏകദേശം അഞ്ചുകിലോമീറ്റർ തെക്കുപടിഞ്ഞാറു ഭാഗത്തായി പമ്പാനദിയിൽ ഒരു സ്നാനഘട്ടമുണ്ട്. ഇവിടെ കുളിച്ച് പിതൃക്കൾക്ക് ബലിയിട്ടാണ് ഭക്തർ മല ചവിട്ടുന്നത്. നാനാ ജാതിമതസ്ഥർക്കും ഇവിടെ പ്രവേശനം അനുവദനീയമാണ്. എന്നാൽ ഇരുമുടിക്കെട്ടുമായി വരുന്നവരെ മാത്രമേ 18 പടികൾ കയറാൻ അനുവദിക്കൂ. "നെയ്യഭിഷേകമാണ്" ഈ ക്ഷേത്രത്തിലെ പ്രധാന വഴിപാട്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ളതാണ് ഈ ക്ഷേത്രം. തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിൽ ഏറ്റവും കൂടുതൽ വരുമാനമുള്ള ക്ഷേത്രമാണിത്.
മറ്റു ക്ഷേത്രങ്ങളിലെപ്പോലെ വർഷത്തിൽ എല്ലാ ദിവസവും ഇവിടെ പൂജയോ തീർത്ഥാടനമോ നടക്കുന്നില്ല. നവംബർ-ഡിസംബർ മാസങ്ങളിൽ, വൃശ്ചികം ഒന്നുമുതൽ ധനു പതിനൊന്നുവരെ നീളുന്നതും മണ്ഡലക്കാലം എന്നറിയപ്പെടുന്നതുമായ 41 ദിവസങ്ങളാണ് ശബരിമലയിലെ പ്രധാന തീർത്ഥാടനകാലയളവ്. ഇതിനുപുറമേ എല്ലാ മലയാളമാസങ്ങളിലേയും ആദ്യത്തെ അഞ്ചുദിവസങ്ങളിലും ഇവിടെ സന്ദർശനമനുവദിക്കുന്നു. ഇത് തുടങ്ങിയിട്ട് അധികകാലമായിട്ടില്ല. മീനമാസത്തിലെ ഉത്രം നക്ഷത്രത്തിൽ (പങ്കുനി ഉത്രം) ആറാട്ടായി പത്തുദിവസം ഉത്സവം ക്ഷേത്രത്തിൽ നടന്നുവരുന്നുണ്ട്. കൂടാതെ, വിഷു, ഓണം, വിജയദശമി, ദീപാവലി, ശിവരാത്രി തുടങ്ങിയ വിശേഷ ദിവസങ്ങളിലും ഇവിടെ നടതുറന്ന് പൂജയുണ്ടാകാറുണ്ട്. വ്രതമെടുക്കാതെയും ചലച്ചിത്ര നിർമ്മാണത്തിനുമായി വാണിജ്യപരമായ നീക്കങ്ങളെ തുടർന്ന് കേരള ഹൈക്കൊടതി ഋതുമതി പ്രായത്തിലുള്ള (10 മുതൽ 50 വയസ്സു വരെ) സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിക്കാൻ പാടില്ല എന്ന വിധി 1992-ൽ പുറപ്പെടുവിച്ചിരുന്നു. എന്നാൽ 2018 സെപ്റ്റംബർ 28-ന് സുപ്രീം കോടതിയുടെ ചരിത്രപരമായ ഒരു വിധിയനുസരിച്ച് സ്ത്രീ പുരുഷ പ്രായഭേദമന്യേ എല്ലാവർക്കും ക്ഷേത്രത്തിൽ പ്രവേശിക്കാവുന്നതാണ്. ഈ വിധി വൻ വിവാദങ്ങൾക്ക് വഴിതെളിച്ചു. ഇതിനോടനുബന്ധിച്ചുണ്ടായ പ്രശ്നങ്ങൾ മാസങ്ങളോളം നീണ്ടുനിന്നു.